ADVERTISEMENT

വാഷിങ്ടൻ∙ അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനുള്ള സംയുക്ത പ്രതിപക്ഷ സാധ്യതയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘‘അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ച് ആളുകളെ അത്ഭുതപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി  ബിജെപിയെ പരാജയപ്പെടുത്തും’’– രാഹുല്‍ പറഞ്ഞു. യുഎസിൽ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി ഇന്നലെ വാഷിങ്ടനിലെ നാഷനൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കെ, മറ്റു പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് ചർച്ചകൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘പ്രതിപക്ഷത്തിന് നല്ല ഐക്യമുണ്ട്. ഞങ്ങൾ എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ചർച്ച നടത്തുകയാണ്. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ മത്സരിക്കുന്ന ഇടങ്ങൾ ഉള്ളതിനാൽ സങ്കീർണമായ ചർച്ചയാണ്. കുറച്ച് കൊടുക്കലും വാങ്ങലും ആവശ്യമാണ്’’– അദ്ദേഹം പറഞ്ഞു. ‌‘മഹാ പ്രതിപക്ഷ സഖ്യം’ സംഭവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന്റെ പേരിൽ പാർലമെന്റ് അംഗത്വം നഷ്‌ടപ്പെട്ടതിനെ കുറിച്ചും രാഹുൽ മനസ്സുതുറന്നു. അത് തനിക്ക് ഒരു നേട്ടമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ‘‘ഇത് എന്നെത്തന്നെ പൂർണമായും പുനർനിർവചിക്കാൻ അനുവദിക്കുന്നു. അവർ എനിക്ക് ഒരു സമ്മാനം നൽകിയെന്ന് ഞാൻ കരുതുന്നു. എന്നാല്‍, അവർ അത് മനസ്സിലാക്കുന്നില്ല’’– രാഹുൽ പറഞ്ഞു. 

തന്റെ ജീവനുനേരെയുള്ള ഭീഷണികളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അതൊന്നും പിന്മാറാനുള്ള കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘വധഭീഷണിയെക്കുറിച്ച് എനിക്ക് ആശങ്കയില്ല. എല്ലാവരും മരിക്കും. എന്റെ മുത്തശ്ശിയിൽ നിന്നും അച്ഛനിൽ നിന്നും അതാണ് ഞാൻ പഠിച്ചത്. അങ്ങനെ എന്തെങ്കിലും കാരണത്താൽ നിങ്ങൾ പിന്നോട്ട് പോകരുത്’’– അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Opposition pretty well united, 2024 polls outcome to surprise people: Rahul Gandhi in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com