ADVERTISEMENT

മലപ്പുറം∙ സംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്ത മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ യുഡിഎഫ് പ്രതിഷേധം. പഞ്ചായത്ത് ഭരണസമിതിക്കെതിരെ രൂക്ഷവിമർശനമാണു യുഡിഎഫ് ഉയർത്തുന്നത്. എല്ലാ പ്രശ്നത്തിനും കാരണമായ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിന് സ്റ്റോപ് മെമ്മോ നൽകി സ്ഥാപനം അടച്ചുപൂട്ടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് തയാറായില്ല. ഇതേത്തുടർ‌ന്ന് ബോർഡ് യോഗത്തിൽനിന്ന് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്നാണ് യുഡിഎഫ് സമരം തുടങ്ങിയത്. യുവജനസംഘടനകളുടെ നേതൃത്വത്തിൽ ഫാക്ടറിയിലേക്കും മാർച്ച് നടത്തി. റസാഖിനു നീതികിട്ടും വരെ പ്രതിഷേധത്തിനൊപ്പം ഉണ്ടാകുമെന്നു സഹോദരൻ ജമാലുദ്ദീൻ പയമ്പ്രോട്ട് വ്യക്തമാക്കി.

താമസസ്ഥലത്തിനു സമീപത്തെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നുവെന്ന പരാതി പഞ്ചായത്ത് അധികൃതരും സിപിഎം പ്രാദേശിക നേതൃത്വവും നിരന്തരം അവഗണിച്ചതിനെത്തുടർന്നാണു റസാഖ് ജീവനൊടുക്കിയത്. സംസ്കരണ പ്ലാന്റിനെതിരെ ഇതുവരെ നൽകിയ പരാതിക്കെട്ടുകളെല്ലാം സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയാണ് പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ റസാഖ് തൂങ്ങിമരിച്ചത്.

വിഷപ്പുക പുറത്തുവിടുന്ന കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ കമ്പനിക്കെതിരെ സ്റ്റോപ് മെമ്മോ എങ്കിലും വേണമെന്നതു റസാഖിന്റെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു. അതിന് എൽഡിഎഫ് ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തോ പാർട്ടിയോ രംഗത്തിറങ്ങിയില്ല. ഏകജാലക ക്ലിയറൻസ് വഴി അനുമതി ലഭിച്ച സ്ഥാപനത്തിനെതിരെ പഞ്ചായത്തിനു തീരുമാനമെടുക്കാനാകില്ലെന്ന നിലപാടായിരുന്നു പാർട്ടിയും പഞ്ചായത്ത് പ്രസിഡന്റും സ്വീകരിച്ചത്.

പഞ്ചായത്തുതലം മുതൽ മുകളിലോട്ടും പാർട്ടിക്കും നൽകിയ പരാതി അവഗണിച്ചെന്നു മാത്രമല്ല, പല സമയത്തും മോശം പ്രതികരണം സിപിഎം പ്രാദേശിക നേതാക്കളിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഉണ്ടായതായി റസാഖും കുടുംബവും ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിക്കു വേണ്ടി പ്രയത്നിക്കുകയും കാലശേഷം വീട് പാർട്ടിക്കു നൽകാൻ തീരുമാനിക്കുകയും ചെയ്ത റസാഖ് ജ്യേഷ്ഠന്റെ മരണശേഷമാണ് കമ്പനിക്കെതിരെ സജീവമായി രംഗത്തിറങ്ങിയത്.

English Summary: UDF protest over Razak Payambrot suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com