മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു; 803 പേർക്ക് പരുക്ക്: 56 പേരുടെ നില ഗുരുതരം - Odisha Train Accident

SHARE

ബാലസോർ (ഒഡീഷ) ∙ ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഉച്ചയ്ക്ക് രണ്ടുമണിവരെയുള്ള കണക്കനുസരിച്ച് 288 ആയി ഉയർന്നതായി റെയിൽവേ വ‍ൃത്തങ്ങൾ അറിയിച്ചു. 803 പേർക്ക് പരുക്കേറ്റു. ഇതിൽ 56 പേരുടെ പരുക്ക് ഗുരുതരമാണ്. രക്ഷാദൗത്യം പൂർത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്ന് റെയിൽവേ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയിൽ ഉന്നതതലയോഗം ചേര്‍ന്നു. ശേഷം പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.

Odisha Train Accident | PM Modi | Photo: Twitter, ANI
സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ അപകടമുണ്ടായ ഒഡീഷയിലെ ബാലസോറിലെത്തിയപ്പോൾ. ചിത്രം: എഎൻഐ, ട്വിറ്റർ

ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു. അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നാടിക്ക്, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുൾപ്പെടെ അപകടസ്ഥലം സന്ദർശിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ളവർക്ക് 2 ലക്ഷം രൂപ വീതവും മറ്റുള്ളവർക്ക് 50,000 രൂപ വീതവും നൽകും. അപകടത്തെത്തുടർന്ന് ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ചിലതു വഴി തിരിച്ചുവിട്ടു. ഹെൽപ് ലൈൻ 044 25330952, 044 25330953, 044 25354771 (മൂന്നും ചെന്നൈ), 033 26382217 (ഹൗറ), 8972073925 (ഖരഗ്പുർ), 82495 91559 (ബാലസോർ), 080 22356409 (ബെംഗളൂരു).

Odisha Train Accident

English Summary: Odisha Balasore train accident LIVE Updates 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS