നാലു ട്രാക്കുകൾ, നാലു ട്രെയിനുകൾ; ബാലസോറിൽ സംഭവിച്ചതെന്ത്? തൽസമയ ഡേറ്റ ലോഗർ ദൃശ്യങ്ങൾ
Mail This Article
ഭുവനേശ്വർ∙ രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ ദുരന്തം നടന്ന ഒഡീഷയിലെ ബാലസോർ ജില്ലയിലെ അപകട സ്ഥലത്ത് യഥാർഥത്തിൽ സംഭവിച്ചതെന്ത്? അപകടത്തിൽ മരിച്ചവരുടെ എണ്ണം 250നോട് അടുക്കുമ്പോഴും എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ഡേറ്റ ലോഗർ ദൃശ്യങ്ങൾ ഏറെ നിർണായകമാണ്. റെയിൽവേ സ്റ്റേഷനിലേക്ക് ഓരോ സമയത്തും ട്രെയിനുകൾ വരികയും പോവുകയും ചെയ്യുമ്പോൾ, അതിനുള്ള ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന വിശദമായ സംവിധാനമാണ് ഡേറ്റ ലോഗർ റിപ്പോർട്ട്.
ഒഡീഷയിൽ നടന്ന അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു. നാലു ട്രാക്കുകളുള്ള സ്റ്റേഷനിലെ രണ്ടു ട്രാക്കുകളിലും ട്രെയിനുകൾ നിർത്തിയിട്ടിരിക്കുന്നത് ഇതിൽ കാണാം. ഇതിനിടെ രണ്ടു ട്രെയിനുകൾ സ്റ്റേഷനിലേക്ക് എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗനിയന്ത്രണമുള്ള ലൂപ് ട്രാക്കിലേക്ക് എത്തിയപ്പോഴുള്ള പിഴവാകാം അപകട കാരണമെന്നാണ് ഇപ്പോഴത്തെ അനുമാനം.
അപകടം നടക്കുന്ന സമയത്തുള്ള ഡേറ്റ ലോഗർ ദൃശ്യങ്ങളാണു വിഡിയോയിലുള്ളത്. സ്റ്റേഷനിൽ ആകെ നാലു ട്രാക്കുകളാണുള്ളതെന്ന് വിഡിയോയിൽ കാണാം. ഇതിൽ അറ്റത്തുള്ള രണ്ട് ട്രാക്കുകളും ചുവന്ന നിറത്തിലാണ്. അതായത്, അപകട സമയത്ത് ഇവിടെ രണ്ട് ട്രെയിനുകൾ നിർത്തിയിട്ടിരുന്നു എന്നതിന്റെ സൂചന. ഇവ രണ്ടും ഗുഡ്സ് ട്രെയിനുകളായിരുന്നു എന്നു മനസ്സിലാക്കാം.
നടുവിലെ രണ്ടു ട്രാക്കുകൾക്കു മഞ്ഞ നിറമാണ് വിഡിയോയിലുള്ളത്. അതായത്, സ്റ്റേഷനിലേക്കു വരുന്ന പുതിയ ട്രെയിനുകളെ സ്വീകരിക്കാൻ ട്രാക്കുകൾ സജ്ജമാണ് എന്നർഥം. ആകെയുള്ള നാലു ട്രാക്കുകളിൽ നടുവിലെ രണ്ടു ട്രാക്കുകളിലൂടെയാണ് ട്രെയിനുകൾ വന്നുപോകേണ്ടത് എന്നാണ് ഇതിൽനിന്ന് മനസ്സിലാക്കാവുന്നത്.
ട്രെയിനുകൾ ഈ മഞ്ഞ നിറം കാണിക്കുന്ന ട്രാക്കിലേക്ക് പ്രവേശിക്കുന്നതോടെ അത് സ്വാഭാവികമായും ചുവപ്പു നിറത്തിലേക്കു മാറും. പുതിയ ട്രെയിനുകൾക്ക് ഇനി അതിലൂടെ പ്രവേശിക്കാനാകില്ലെന്ന് ചുരുക്കം. നാലു ട്രെയിനുകളും ഒരു ഘട്ടത്തിൽ ചുവന്ന നിറത്തിലേക്കു മാറുന്നതിന്റെ അർഥം, എല്ലാ ട്രാക്കുകളിലൂടെയും നിലവിൽ ട്രെയിനുകൾ സഞ്ചരിക്കുന്നു എന്നാണ്.
ഇതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത് എന്നാണ് വിദഗ്ധർ നൽകുന്ന വിശദീകരണം. ഈ ട്രാക്കുകൾക്കിടയിൽ ലൂപ് ട്രാക്കുകളുണ്ട്. അതായത് ഒരു ട്രെയിനിന് മറ്റൊരു ട്രാക്കിലേക്ക് മാറാനുള്ള സംവിധാനമാണിത്. ഇതിലൂടെ തീർത്തും വേഗത കുറച്ചാണ് ട്രെയിനുകൾ സഞ്ചരിക്കുക. ലൂപ് ട്രാക്കിലേക്ക് ട്രെയിൻ മാറിയ സമയത്തുണ്ടായ പിഴവാണ് അപകടത്തിനു കാരണമായതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് സിഗ്‌നലിങ്ങിലെ പ്രശ്നമാണ് അപകടത്തിനു കാരണമെന്ന വിശദീകരണം.
നടുവിലെ രണ്ട് ട്രാക്കുകളിൽ ഒന്നിലൂടെ വന്ന ഷാലിമാർ – ചെന്നൈ സെൻട്രൽ കൊറമാണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഇതെങ്ങനെ സംഭവിച്ചു എന്നതിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. ലൂപ് ട്രാക്കിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട സിഗ്നൽ സംവിധാനത്തിലെ പിഴവാണ് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനം ഇതാണ്. ഗുഡ്സ് ട്രെയിനിൽ ഇടിച്ച് പാളം തെറ്റിയ ട്രെയിനിന്റെ ബോഗികൾ സ്വാഭാവികമായും അടുത്തുള്ള പാളത്തിലേക്ക് കയറിയെന്നും, അതുവഴിവന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസ് ഈ ബോഗികളിലേക്ക് ഇടിച്ചുകയറിയെന്നുമാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ഹൗറ എക്സ്പ്രസിന്റെ ബോഗികളും പാളം തെറ്റിയെന്നാണ് വിവരം.
English Summary: Data Logger Report Of Odisha Train Accident