വാഷിങ്ടന്‍∙ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലോകമെമ്പാടും ലഭിക്കുന്ന സ്വീകരണത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ബഹുമാനിക്കപ്പെടേണ്ട ആളാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ. നിലവിൽ യുഎസ് സന്ദർശിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സംഘാംഗങ്ങളിൽ ഒരാളാണ് സാം പിത്രോദ. നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടയായിട്ടായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം.
‘‘നരേന്ദ്ര മോദിക്ക്, ലോകമെമ്പാടും വലിയ സ്വീകരണങ്ങളാണു ലഭിക്കുന്നത്. ഇതിൽ ഞാൻ സന്തോഷവാനാണ്. അദ്ദേഹം എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ബിജെപി പ്രധാനമന്ത്രിയെന്ന നിലയിലല്ല, ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടാണു ലോകത്ത് അദ്ദേഹം സ്വീകരിക്കപ്പെടുന്നത്. ഇതാണ് വ്യത്യാസം’’– സാം പിത്രോദ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ഇന്ത്യ പ്രവർത്തിക്കുന്നത് അറിയാം. നല്ല കാര്യങ്ങളെ കോൺഗ്രസ് പിന്തുണയ്‌ക്കാറുണ്ട്. ഇന്ത്യയിലെ ബിജെപി സർക്കാരിനെയും അവരുടെ ചില നയങ്ങളെയുമാണു കോൺഗ്രസ് എതിർക്കുന്നത്. യുക്രെയ്ൻ, ചൈന വിഷയങ്ങളിൽ ഇന്ത്യയുടെ വിദേശനയ നിലപാടിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. എല്ലാറ്റിനെയും വഴിമാറ്റുന്ന സമീപനമാണു ബിജെപിയുടേത്. എന്നിട്ടു വ്യക്തിഹത്യയ്ക്കാണു ശ്രമം. ഇത് ജനാധിപത്യപരമായ നയമല്ല. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തെക്കുറിച്ചു തെറ്റായ വാർത്തകൾ പ്രചരിപ്പക്കുവാനാണു ചിലർക്കു താത്പര്യമെന്നും സാം പിത്രോദ വ്യക്തമാക്കി
യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനായി നരേന്ദ്ര മോദി ജൂൺ 22നാണ് യുഎസ് പാർലമെന്റിലെത്തുക. വിദേശത്തുനിന്നുള്ള പ്രമുഖർക്കു വാഷിങ്ടൻ നൽകുന്ന പ്രധാന ബഹുമതികളിലൊന്നാണിത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും നരേന്ദ്ര മോദിയെ സ്വീകരിക്കുമെന്നും 22നു അത്താഴം നൽകുമെന്നുമാണ് നിലവിലെ വിവരം.
English Summary: Senior Congress leader says Narendra Modi deserves Respect