എലത്തൂര്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരേ ദിവസം തീപിടിത്തം; ഒഴിയാതെ ദുരൂഹത

fire-kannur-elathur
SHARE

തിരുവനന്തപുരം∙ സംസ്ഥനത്തെ രണ്ടു റെയില്‍വേ സ്റ്റേഷനുകളില്‍ ഒരേദിവസം ഒരേസമയം തീപിടിത്തമുണ്ടായതില്‍ ദുരൂഹത. ഫെബ്രുവരി പതിമൂന്നിനാണ് എലത്തൂര്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തീപിടിത്തമുണ്ടായത്. രണ്ടിടത്തും ഇന്ധന സംഭരണശാലകള്‍ക്കു സമീപമായിരുന്നു തീപിടിത്തം. രണ്ടു കേസിലും ആരെയും പിടികൂടാന്‍ പൊലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 13ന് വൈകിട്ട് ആറരയ്ക്കും ഏഴിനും ഇടയിലാണ് രണ്ടിടത്തും തീപിടിത്തമുണ്ടായത്. എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്‍റെ ഇന്ധന സംഭരണശാലയുടെ മതിൽക്കെട്ടിനോടു ചേർന്നായിരുന്നു അഗ്നിബാധ. രണ്ടു കാറുകളും ഒരു സ്കൂട്ടറുമാണ് അന്നു കത്തിനശിച്ചത്. സംഭവത്തിൽ എലത്തൂർ പൊലീസ് പിറ്റേന്ന് കേസെടുത്തെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

അതേദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൂന്നിടത്താണ് തീയിട്ടത്.  ഭാരത് പെട്രോളിയത്തിന്‍റെ ഇന്ധന സംഭരണശാലയുടെ മതിലിനോട് ചേർന്നാണ് തീ ആളിപ്പടർന്നത്. ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. സംഭരണശാലയിലേക്കുള്ള ഇന്ധന പൈപ്പിനു മുകളിൽ ഉടുമുണ്ട് അഴിച്ച് ഇയാൾ തീയിട്ടതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സംഭവത്തിലും ആരും പിടിയിലായിട്ടില്ല.

ഏപ്രിൽ രണ്ടിന് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഷാരൂഖ് സെയ്ഫി തീയിട്ട് മൂന്നു പേര്‍ മരിച്ച സംഭവമുണ്ടായതും എലത്തൂർ റെയിൽവേ സ്റ്റേഷനും എച്ച്പിസിഎലിന്‍റെ ഇന്ധന സംഭരണശാലയ്ക്കും സമീപത്തായിരുന്നു. ജൂൺ ഒന്നിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസ് നിർത്തിയിരുന്ന എട്ടാമത്തെ ട്രാക്കിൽനിന്ന് ഒരു ട്രാക്ക് അകലെയാണ് ബിപിസിഎലിലേക്കുള്ള ഇന്ധന പൈപ്പ് ലൈൻ. ഈ ട്രാക്കിലേക്ക് 25 ഡീസൽ വാഗണുകളുമായി ട്രെയിൻ എത്തുന്നതിനു തൊട്ടുമുൻപായിരുന്നു തീയിട്ടത്. അതേസമയം ഫെബ്രുവരിയിൽ കണ്ണൂരിൽ ഉണ്ടായ തീപിടിത്തത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഉത്തരമേഖല ഐജി നീരജ്‌ കുമാർ ഗുപ്‌തയുടെ പ്രതികരണം.

തീപ്പെട്ടിയും ബീഡിയും മാത്രം ഉപയോഗിച്ച് പ്രസോന്‍ ജിത്ത് സിക്ക്ദര്‍ കണ്ണൂരില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോച്ചിന് എങ്ങനെ തീയിട്ടുവെന്നതിലും കൂടുതല്‍ വ്യക്തതകള്‍ വരണം. ജൂണ്‍ 1ന് രാത്രി 1.12ന് പ്രതി ട്രാക്കിലൂടെ നടന്ന് ട്രെയിനിലേക്ക് കയറുന്നതു ബിപിസിഎലിൽ നിന്നുള്ള സിസിടിവി ദൃശ്യത്തിലുണ്ട്. 1.25ന് കോച്ചില്‍ തീപടർന്നതും കാണാം. രണ്ട് കോച്ചുകളിലെ ശുചിമുറികളിലെ ചില്ലുകൾ കല്ലുകൊണ്ട് കുത്തിപ്പൊളിച്ചതായി പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 13 മിനിറ്റുകൊണ്ട് ഇതെല്ലാം സാധിച്ചു എന്ന ചോദ്യത്തിനും ഉത്തരം അറിയേണ്ടതുണ്ട്. തീവയ്പിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചുറ്റുമതില്‍ കെട്ടാനും ഹൈമാസ്റ്റ് സ്ഥാപിക്കാനും റെയില്‍വെ തീരുമാനിച്ചിട്ടുണ്ട്.

English Summary: Fire at Elathur and Kannur railway stations on the same day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA