ADVERTISEMENT

വിയന്ന ∙ എണ്ണയുൽപാദനം കുറയ്‌ക്കാൻ തീരുമാനമെടുത്ത് ഒപെക് രാജ്യങ്ങൾ. അടുത്തവർഷം പ്രതിദിന ഉൽപാദനത്തിൽ 10.5 ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം. ഇതോടെ ക്രൂഡ് ഓയിൽ നിരക്കുകളിൽ മുന്നേറ്റമുണ്ടായി. ഒരു ബാരൽ ബ്രെൻഡ് ക്രൂഡിന്റെ വില 2.5 ശതമാനം ഉയർന്ന് 76.13 യുഎസ് ഡോളറായും ഡബ്ല്യുടി ക്രൂഡ് നിരക്ക് 2.34 ശതമാനം വർധിച്ച് 71.74 ഡോളറിലേക്കും എത്തി.

അതേസമയം, റഷ്യയിൽനിന്നുള്ള വില കുറഞ്ഞ എണ്ണയുടെ ഇറക്കുമതി സർവകാല റെക്കോർഡിൽ എത്തിയതോടെ ഒപെക് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി എക്കാലത്തെയും താഴ്ന്നനിലയിലാണ്. ഒരു കാലത്ത് ഒപെകിൽനിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 90% ശതമാനം വരെയായിരുന്നതാണ് യുക്രെയ്ൻ യുദ്ധത്തെത്തുടർന്നു കുറഞ്ഞത്. റഷ്യയ്ക്കുമേൽ പാശ്ചാത്യരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ റഷ്യ, വിശ്വസ്തരായ ഏതാനും വാണിജ്യപങ്കാളികൾക്കു കുറഞ്ഞനിരക്കിൽ എണ്ണവിൽക്കാൻ തയാറായതാണ് ഇന്ത്യയ്ക്കു നേട്ടമായത്.

ഇതോടെ ഒപെക് രാജ്യങ്ങളിൽനിന്നുള്ള എണ്ണ ഇറക്കുമതി കുത്തനെ കുറച്ച് കുറഞ്ഞനിരക്കിൽ‌ ലഭിക്കുന്ന റഷ്യൻഎണ്ണയുടെ ഇറക്കുമതി ഇന്ത്യ ഗണ്യമായി വർധിപ്പിച്ചു. 2022 ഏപ്രിലിൽ ഒപെക് രാജ്യങ്ങളിൽനിന്ന് ഇന്ത്യ 72% ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നത് 2023 ഏപ്രിലിൽ കുറഞ്ഞ് 46% ആയി. 2022 ഫെബ്രുവരിയിൽ റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഒരു ശതമാനത്തിൽ താഴെയായിരുന്നതാണ് ഈ ഏപ്രിലിൽ 36% ആയി വർധിച്ചത്. ഒപെകിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഒരു വർഷത്തിനിടെ മാത്രം ഉണ്ടായത് 72% ഇടിവ്.

English Summary: OPEC reaches agreement to cut output from 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com