ADVERTISEMENT

കമ്പം (തമിഴ്നാട്)∙ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ എത്തിച്ചു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ആനയെ എത്തിച്ചു. അരിക്കൊമ്പൻ ആനയെ പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്ത വിധം സംരക്ഷിത വനമേഖലയിലേക്കു മാറ്റുമെന്നു തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാൽ അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ വ്യക്തമാക്കിയിരുന്നു. 

അരിക്കൊമ്പനെ  വെള്ളിമല വനത്തിലേക്ക് മാറ്റാൻ വാഹനത്തിൽ കയറ്റുന്നു.  (Twitter, @supriyasahuias)
അരിക്കൊമ്പനെ വനത്തിലേക്ക് മാറ്റാൻ വാഹനത്തിൽ കയറ്റുന്നു. (Twitter, @supriyasahuias)

നേരത്തെ, എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നതു തടഞ്ഞെന്നായിരുന്നു റിപ്പോർട്ട്. ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെ‍ഞ്ച് വിലക്കേർപ്പെടുത്തിയത്. ‘അരിക്കൊമ്പൻ മിഷനും’ കോടതി മരവിപ്പിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റബേക്ക ഹർജി നൽകിയത്.

∙ മിഷൻ അരിക്കൊമ്പൻ

അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനംചെക്പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ. അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്നാട് വനംവകുപ്പ് കൃത്യമായ വിവരം നൽകിയിരുന്നില്ല. തിരുനെൽവേലി പാപനാശം കാരയാർ അണക്കെട്ട് വനമേഖലയിൽ തുറന്നുവിടുമെന്നായിരുന്നു‌‌‌ സൂചന. മേഘമലയിലെ വെള്ളിമലയിലേക്കു കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, മേഘമലയിൽ ആനയെ തുറന്നു വിട്ടില്ല. ഇതിനിടെ, അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടർന്ന മാധ്യമങ്ങളെ തമിഴ്നാട് പൊലീസ് തടഞ്ഞിരുന്നു.

∙ കാടുവിട്ടിറങ്ങി, പിന്നാലെ മയക്കുവെടി

തമിഴ്നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ചാണ് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആനയുടെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ട്.

arikomban-tamil-nadu
മയക്കുവെടിയേറ്റ അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുന്നു

അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാൽ എവിടേക്ക് മാറ്റുന്നുവെന്ന് പറയാനാകില്ലെന്നും തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. 

അരിക്കൊമ്പൻ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് അരിക്കൊമ്പന് മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. ഇവയുടെ സഹായത്തോടെയാണ് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക. 

∙ അവസാനിപ്പിച്ച ദൗത്യം 

മേയ് 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചു.

∙ ‘മേഘമല വഴി കമ്പത്ത്’

ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉൾവനത്തിലേക്കു മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.

English Summary: Tamil Nadu Forest Department Mission Arikomban - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com