ADVERTISEMENT

കൊച്ചി∙ സമൂഹത്തിന്റെ ധാർമികതയോ ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താനുള്ള കാരണമല്ലെന്ന് കേരള ഹൈക്കോടതി. നഗ്‌ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വിഡിയോയുമായി ബന്ധപ്പെട്ട് വനിതാ ആക്ടിവിസ്റ്റിനെതിരായ കേസിലെ തുടർ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

തന്റെ നഗ്‌‌ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വിഡിയോ ആക്ടിവിസ്റ്റായ ഒരു വനിത സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോയുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ ആക്ടിവിസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്.

നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുരുഷൻമാരുടെ മാറിടത്തെ നഗ്‌നതയായോ അശ്ലീലമായോ ആരും കാണാറില്ല. അതിനെ ലൈംഗികതയുമായി ബന്ധപ്പെടുത്താറുമില്ല. എന്നാൽ, സ്ത്രീകളുടെ കാര്യത്തിൽ ആളുകൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. സ്ത്രീകളുടെ മാറിടത്തെ ലൈംഗികതയായോ തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഒന്നായോ മാത്രം ചിലർ കാണുന്നുണ്ട്. ഇത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നഗ്നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പോക്സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരമാണ് വനിതാ ആക്ടവിസ്റ്റിനെതിരെ അന്വേഷണം നടത്തിയത്. യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികൾ ഉൾപ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു. 

അന്വേഷണ ഭാഗമായി ലാപ്ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാൻഡ്, പെയ്ന്റ് മിക്സിങ് സ്റ്റാൻഡ്, കളർ ബോട്ടിൽ, ബ്രഷ്, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തു. ലാപ്ടോപ്പും മൊബൈൽ ഫോണും തൃപ്പൂണിത്തുറയിലെ റീജനൽ സൈബർ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഫോൺ കോളുകളുടെയും ചാനൽ അക്കൗണ്ട് റജിസ്ട്രേഷന്റെയും വിഡിയോ അപ്‌ലോഡ് ചെയ്തതിന്റെയും വിവരങ്ങളും ശേഖരിച്ചിരുന്നു.

English Summary: Kerala High Court On Nakedness And Sex In Woman Activist's Plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com