ADVERTISEMENT

ബെംഗളൂരു∙ വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനു പിന്നാലെ അധികാരമാറ്റം നടന്ന കർണാടകയിൽ, കോൺഗ്രസ് സർക്കാരും മുഖ്യപ്രതിപക്ഷമായ ബിജെപിയും തമ്മിൽ കടുത്ത വാക്പോര്. ഗോവധ നിരോധന നിയമം ഉൾപ്പെടെ ബിജെപി കൊണ്ടുവന്ന നിയമങ്ങൾ പുനഃപരിശോധിക്കുമെന്ന സിദ്ധരാമയ്യ സർക്കാരിന്റെ പ്രഖ്യാപനമാണ് തുടക്കത്തിൽ തന്നെ തർക്കത്തിനു കാരണമായത്. സർക്കാരിനെതിരെ രൂക്ഷ വിമർശനവും പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

‘‘കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയിട്ട് വളരെ കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനിടെ തന്നെ നേതാക്കളെ ജയിലിലടയ്ക്കുമെന്ന ഭീഷണിയുമായി മന്ത്രിമാരുടെ എത്ര പ്രസ്താവനകളാണ് പുറത്തുവന്നത്. ഇതു കാണുമ്പോൾ എനിക്ക് 1975ലെ അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് സർക്കാർ പിന്തുടർന്ന രീതികളാണ് ഓർമ വരുന്നത്. ജനം നൽകിയ അനുകൂല വിധിയും ഭരണവും പ്രതിപക്ഷത്തെ ഒതുക്കാനാണെന്ന് ഈ ആരംഭ ഘട്ടത്തിൽത്തന്നെ നിങ്ങൾ ധരിച്ചിട്ടുണ്ടെങ്കിൽ, അതിനു വലിയ വില കൊടുക്കേണ്ടി വരും’ – – മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെ പറഞ്ഞു.

ഗോവധ നിരോധന നിയമം, പാഠ പുസ്തകങ്ങളിലെ മാറ്റങ്ങൾ തുടങ്ങി ബിജെപി സർക്കാർ കൊണ്ടുവന്ന നിയമങ്ങളും മാറ്റങ്ങളും പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം, കോൺഗ്രസിന് ഇപ്പോൾത്തന്നെ അധികാരം തലയ്ക്കു പിടിച്ചതിന്റെ തെളിവാണെന്നും ബൊമ്മെ ആരോപിച്ചു. അതേസമയം, ബൊമ്മെയുടെ പ്രസ്താവനയെ കടുത്ത ഭാഷയിലാണ് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു വിമർശിച്ചത്.

‘‘മിസ്റ്റർ ബൊമ്മെ, അടിയന്തരാവസ്ഥ ഓർമിപ്പിക്കുന്ന ഏതു സാഹചര്യത്തെക്കുറിച്ചാണ് താങ്കൾ സംസാരിക്കുന്നത്? പ്രതിപക്ഷ നേതാക്കളുടെ സംസാര സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്ന രീതിയിൽ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ശൈലി കാണുമ്പോൾ താങ്കൾക്ക് അടിയന്തരാവസ്ഥ ഓർമ വരുന്നില്ലേ?’ – ഗുണ്ടുറാവു ചോദിച്ചു. തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു ശേഷം ബിജെപി നേതാക്കൾക്ക് വാലു കത്തിയ പൂച്ചയുടെ അവസ്ഥയാണെന്നും ഗുണ്ടുറാവു പരിഹസിച്ചു.

‘‘ഉത്തരവാദിത്തമുള്ള സർക്കാരെന്ന നിലയിൽ ഞങ്ങൾക്ക് ഈ സമൂഹത്തെ തികച്ചും ആരോഗ്യകരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്ന് ബൊമ്മെ മനസിലാക്കണം. നിയമം ലംഘിച്ചവർക്കും നിയമം കയ്യിലെടുത്തവർക്കും എതിരെ സർക്കാർ സ്വീകരിച്ച നടപടികളെ അടിയന്തരാവസ്ഥയോട് ഉപമിച്ച താങ്കളോട് എനിക്ക് സഹതാപം തോന്നുന്നു’ – ഗുണ്ടുറാവു പറഞ്ഞു.

English Summary: BJP claims emergency-like situation in Karnataka, Congress replies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com