ADVERTISEMENT

ന്യൂഡൽഹി∙ ലൈംഗികാതിക്രമ പരാതിയിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തിതാരങ്ങൾ സമരം തുടരുന്നതിനിടെ, പീഡന പരാതിയിൽനിന്ന് കൂട്ടത്തിലെ പ്രായപൂർത്തിയാകാത്ത ഏക താരം പിൻമാറിയതായി റിപ്പോർട്ട്. ‘ഇന്ത്യൻ എക്സ്പ്രസാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്രിജ് ഭൂഷൻ ലൈംഗികാതിക്രമം നടത്തിയതായി പൊലീസിനും മജിസ്ട്രേറ്റിനും മുൻപാകെ നൽകിയ മൊഴിയാണ്, പ്രായപൂർത്തിയാകാത്ത താരം തിരുത്തിയതെന്നാണ് റിപ്പോർട്ട്.

താരത്തിന്റെ പുതിയ മൊഴി പൊലീസ് കോടതിക്കു കൈമാറും. ഇതിൽ ഏതു മൊഴിയാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ കോടതിയാകും അന്തിമ തീരുമാനം കൈക്കൊള്ളുക. 164–ാം വകുപ്പ് അനുസരിച്ച് പതിനേഴുകാരിയായ താരം മജിസ്ട്രേറ്റിനു മുൻപാകെ പുതിയ മൊഴി നൽകിയെന്നാണ് ‘ഇന്ത്യൻ‌ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, പെൺകുട്ടി മൊഴി മാറ്റിയോ എന്ന കാര്യം സ്ഥിരീകരിക്കാനായി സമീപിച്ചെങ്കിലും, കുട്ടിയുടെ പിതാവ് പ്രതികരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.

അതിനിടെ, പെൺകുട്ടി മൊഴിമാറ്റിയിട്ടില്ലെന്ന് ഞായറാഴ്ച രാത്രി വൈകിയും പിതാവ് സ്ഥിരീകരിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘‘ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണ്. ഞാൻ പരാതി പിൻവലിച്ചിട്ടില്ല. പോരാടാൻ ഉറച്ചു തന്നെയാണ് പരാതി നൽകിയത്. അതിൽത്തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുന്നു’ – പെൺകുട്ടിയുടെ പിതാവിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

‘‘നീതിക്കായി പോരാടാനുള്ള കരുത്ത് എനിക്കുണ്ട്. ഞാൻ പോരാട്ടം തുടരുകയാണ്. പക്ഷേ, ഈ പോരാട്ടം എന്ന് അവസാനിക്കും എന്നറിയില്ല. സത്യത്തിൽ വല്ലാത്തൊരു അനുഭവമാണിത്’ – പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

‌പ്രായപൂർത്തിയാകാത്ത താരം പീഡന പരാതിയിൽനിന്ന് പിന്നാക്കം പോയതായി രണ്ടു ദിവസമായി വ്യാപക പ്രചാരണമുണ്ട്. പരാതിയിൽ പറയുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പെൺകുട്ടി തന്നോടു പറഞ്ഞെന്ന് വെളിപ്പെടുത്തി ബന്ധുവെന്ന് അവകാശപ്പെട്ട് ഒരാൾ വിഡിയോ പങ്കുവച്ചിരുന്നു.

ഇതിനെതിരെ സമരത്തിനു നേതൃത്വം നൽകുന്ന സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ളവർ ഇന്നലെയും രംഗത്തു വന്നിരുന്നു. ബ്രിജ് ഭൂഷനെതിരായ പരാതിയിൽനിന്ന് പ്രായപൂർത്തിയാകാത്ത താരം പിൻമാറിയിട്ടില്ലെന്ന് സാക്ഷി മാധ്യമങ്ങളോട് ആവർത്തിക്കുകയും ചെയ്തു. ഇതെല്ലാം വ്യാജ പ്രചാരണങ്ങളാണെന്നും സാക്ഷി വ്യക്തമാക്കിയിരുന്നു.

English Summary: Has minor wrestler withdrawn case against WFI chief Brij Bhushan? What is the fact?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com