ADVERTISEMENT

കൊൽക്കത്ത∙ കൽക്കരി അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജിയെ ഇഡി വിമാനത്തവളത്തിൽ തടഞ്ഞതിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. ഇഡിയും സിബിഐയും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് മമതാ ബാനർജി പറഞ്ഞു. യുഎഇയിലേക്കു പോകുന്ന കാര്യം രുജിര ബാനർജി നേരത്തെ തന്നെ ഇഡിയെ അറിയിച്ചതാണെന്നും ഈ നീക്കം ദൗർഭാഗ്യകരമാണെന്നും മമത ബാനർജി പറഞ്ഞു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്നലെയാണ് രുജിരയെ ഇഡി തടഞ്ഞത്.

Read More: കല്‍ക്കരി അഴിമതിക്കേസ്: തൃണമൂൽ നേതാവിന്റെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞു

‘സിബിഐയുടെയും ഇഡിയുടെയും നീക്കങ്ങൾ വളരെ ദൗർഭാഗ്യകരമാണ്. അവർ ജനങ്ങളെ ഉപദ്രവിക്കുകയാണ്. അഭിഷേക് ബാനർജിയുടെ ഭാര്യാമാതാവ് അസുഖബാധിതയാണ്. അമ്മയെ കാണുന്നതിനാണ് രുജിര ദുബായിലേക്കു പോകുന്നത്. രാജ്യം വിടുമ്പോൾ ഇഡിയെ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. രുജിര ഇക്കാര്യം നേരത്തെ തന്നെ ഇഡിയെ അറിയിച്ചതുമാണ്. എന്നാൽ വിമാനത്താവളത്തിൽ അവരെ തടഞ്ഞത് ഉപദ്രവിക്കാനല്ലാതെ മറ്റൊന്നിനുമല്ല.’– മമതാ ബാനർജി പറഞ്ഞു. 

ദുബായിലേക്കു പോകുന്ന കാര്യം ഭാര്യ രുജിര ബാനർജി നേരത്തെ തന്നെ ഇഡിയെ അറിയിച്ചതാണെന്ന് അഭിഷേക് ബാനർജിയും വ്യക്തമാക്കി. ഈ യാത്രയിൽ ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശ്യം ഉണ്ടായിരുന്നെങ്കിൽ ഇഡിയെ വിവരം അറിയിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. 

Read Also: ‘കാൻപുർ അപകടത്തിലെ ഗൂഢാലോചനയും അന്വേഷണവും എന്തായി? സിബിഐ വാർത്തയ്ക്ക് മാത്രം’

‘എന്നെയോ എന്റെ ഭാര്യയെയോ മക്കളെയോ ഇഡി അറസ്റ്റ് ചെയ്യുകയാണെങ്കിൽ പോലും ഞാൻ തലകുനിക്കില്ല. പ്രധാനമന്ത്രിയോടുള്ള എല്ലാ ബഹുമാനവും മുൻനിർത്തി പറയട്ടെ. അദ്ദേഹത്തിന് എന്നേക്കാള്‍ ഇരട്ടി പ്രായമുണ്ട്. രാഷ്ട്രീയ പരിചയം എന്റെ പ്രായത്തോളം വരികയും ചെയ്യും. എന്നിട്ടും നിങ്ങള്‍ക്ക് ജനകീയ കോടതിയില്‍ എന്നോടു പൊരുതാന്‍ കഴിയുന്നില്ല.’– അഭിഷേക് പറഞ്ഞു. 

അതേസമയം എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഒരു സ്വതന്ത്ര ഏജൻസിയാണെന്നായിരുന്നു വിഷയത്തിൽ ബിജെപിയുടെ പ്രതികരണം. സിബിഐയുടെയോ ഇഡിയുടെയോ പ്രവർത്തനങ്ങളിൽ ബിജെപി ഇടപെടാറില്ല. അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ബിജെപി നേതാവ് രാഹുൽ സിൻഹ പ്രതികരിച്ചു. 

English Summary: Mamata Banerjee After Nephew's Wife Stopped At Airport

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com