ADVERTISEMENT

ഭുവനേശ്വർ∙ ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ 101 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റിപ്പോർട്ട്. ദുരന്തത്തിൽ 278പേർക്കു ജീവൻ നഷ്ടമായതായാണ് ഔദ്യോഗിക വിവരം. 1000പേർക്കു പരുക്കേറ്റു. 

Read Also: അനിശ്ചിതത്വത്തിന് അവസാനം; അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു

ഒഡീഷയിലെ തന്നെ വിവിധ ആശുപത്രികളിലായി ഇരുനൂറോളം പേർ ചികിത്സയിൽ കഴിയുന്നതായി  ഡിവിഷനൽ റെയിൽവേ മാനേജർ റിങ്കേഷ് റോയ് പറഞ്ഞു.‘ഏകദേശം 1100ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിൽ 900 പേർ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജായി. 200ഓളം പേർ ഒഡീഷയിൽ തന്നെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 278 പേർ അപകടത്തിൽ മരിച്ചു. 101 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്.’– റിങ്കേഷ് റോയ് പറഞ്ഞു. 

അപകടത്തിനു തൊട്ടുമുൻപ് സ്റ്റേഷനിലെ റിലേ റൂമിൽ സംഭവിച്ചതെന്ത്?; ആ ‘ബാഹ്യ ഇടപെടൽ’ ആരുടേത്?

‘ഭുവനേശ്വരിൽ മാത്രം 193 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. 80 പേരുടേത് തിരിച്ചറിയാനുണ്ട്. 55 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. നിരവധി കോളുകൾ ഇപ്പോഴും ഹെൽപ്‌ലൈൻ നമ്പറുകളിലേക്കു വരുന്നുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളെല്ലാം ബന്ധുക്കൾക്കു വിട്ടുനൽകി.’–ഭുവനേശ്വർ മുൻസിപ്പൽ കമ്മിഷണർ വിജയ് അമൃത് കുലങ്കെ വ്യക്തമാക്കി. 

കഴിഞ്ഞ ജൂൺ രണ്ടിന് വൈകിട്ട് ഏഴു മണിയോടെയാണ് ഒഡീഷയിലെ ബാലസോർ ജില്ലയിൽ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപം രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടമുണ്ടായത്. ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു പോയ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരുവിൽനിന്നു ഹൗറയിലേക്കു പോയ യശ്വന്ത്പുര – ഹൗറ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽപെട്ടത്. കൊറമാണ്ഡൽ എക്സ്പ്രസിനും എതിർദിശയിൽനിന്നു വന്ന യശ്വന്ത്പുര –ഹൗറ എക്സ്പ്രസിനും ബഹനാഗ ബസാറിൽ പാസിങ് സിഗ്നൽ കൊടുത്തിരുന്നു. 2 ട്രെയിനുകളും അതതു മെയിൻ ട്രാക്കുകളിലൂടെ വൈകിട്ട് 6.55നാണു കടന്നുപോകുന്നത്.

ആദ്യമെത്തിയത് കൊറമാണ്ഡൽ എക്സ്പ്രസാണ്. ചെന്നൈ ഭാഗത്തേക്കുള്ള ‘അപ്’ മെയിൻ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന ട്രെയിൻ അതിനുപകരം ‘ലൂപ്’ ട്രാക്കിലേക്കു പ്രവേശിച്ച് അവിടെ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു. സ്റ്റേഷനിൽനിന്ന് 100 മീറ്റർ അകലെ ഇരുമ്പയിരുമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ഗുഡ്സ് ട്രെയിൻ. ഇടിയുടെ ആഘാതത്തിൽ കൊറമാണ്ഡലിന്റെ എൻജിനും 5 കോച്ചുകളും കീഴ്മേൽ മറിഞ്ഞു. ഇതടക്കം ആകെ 21 കോച്ചുകൾ പാളംതെറ്റി. കൊറമാണ്ഡലിന്റെ മറിഞ്ഞ കോച്ചുകൾ, 5 മിനിറ്റിനകം എതിർദിശയിൽനിന്നെത്തിയ യശ്വന്ത്പുര– ഹൗറ എക്സ്പ്രസിന്റെ പിൻഭാഗത്തെ കോച്ചുകളിൽ ഇടിക്കുകയായിരുന്നു. ഇതോടെ  ആ ട്രെയിനിന്റെ 2 കോച്ചുകൾ കീഴ്മേൽ മറിഞ്ഞു. ആകെ 14 കോച്ചുകൾ പാളംതെറ്റി. 

English Summary: Days After Horrific Train Crash In Odisha, 101 Bodies Yet To Be Identified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com