ADVERTISEMENT

തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വകുപ്പുകൾ പണം ചെലവഴിക്കുന്നതിനു മുൻഗണനാക്രമം നിശ്ചയിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു നിർദ്ദേശം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങരുതെന്നും യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യോഗത്തിൽ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി സംസ്ഥാനത്തിന്റെ ധനസ്ഥിതി വിശദീകരിച്ചു. കടമെടുപ്പു തുക കുറച്ചതിന്റെ കാരണം ആരാഞ്ഞു കേന്ദ്രത്തിനു കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അഡി.ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു. കടമെടുക്കാൻ കഴിയുന്ന തുകയിൽ കേന്ദ്രം വന്‍ വെട്ടിക്കുറവു വരുത്തിയതോടെ വരും മാസങ്ങളിൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും. 32,500 കോടി രൂപ കടമായി സ്വീകരിക്കാൻ കഴിയുമെന്നാണു കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും 15,390 കോടി രൂപയ്ക്കാണ് അനുമതി നൽകിയത്. 17,110 കോടിയുടെ കുറവുണ്ട്. 

25,000 കോടി രൂപയെങ്കിലും ഈ വർഷം കടമെടുക്കാന്‍ കഴിയുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. പകുതിയോളം തുക വെട്ടിക്കുറച്ചതോടെ ഈ വർഷം കടമെടുക്കാൻ കഴിയുക 15,390 കോടി രൂപ മാത്രമാണ്. ഈ വർഷം ഇതിനകം 2000 കോടി കടമെടുത്തു കഴിഞ്ഞു. ഇത്രയധികം തുക വെട്ടിക്കുറയ്ക്കുന്നത് ആദ്യമായാണ്. കഴിഞ്ഞവർഷം 23000 കോടി രൂപ വായ്പയെടുക്കാനാണ് അനുമതി നൽകിയിരുന്നത്. വായ്പ വെട്ടിക്കുറച്ചതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. 

കിഫ്ബി, പെൻഷൻ ഫണ്ട് തുടങ്ങിയവ വഴിയെടുത്ത വായ്പകളുടെ പേരിലാണു തുക വെട്ടിക്കുറച്ചതെന്നാണു സൂചന. കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും വഴിയെടുത്ത ലോണുകൾ കേരളത്തിന്റെ വായ്പാ പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിരുന്നു. ദൈനംദിന കാര്യങ്ങള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനപ്പുറത്തേക്കു സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും യുജിസി അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടര്‍ എന്നിവ കൊടുത്തുതീര്‍ത്തിട്ടില്ല. മാസം തോറും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും സാഹചര്യമായില്ല. രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഇപ്പോള്‍ കുടിശികയുണ്ട്.

English Summary: Pinarayi Vijayan says priority should be listed on spending money 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com