ADVERTISEMENT

കീവ്∙ യുദ്ധത്തിൽ തകർന്ന യുക്രെയ്നു വലിയ പ്രഹരമായി നോവ കഖോവ്ക ഡാം. ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള അണക്കെട്ട് റഷ്യൻ സേന തകർത്തതാണെന്നാണ് യുക്രെയ്ന്റെ ആരോപണം. ‘ഭീകരപ്രവർത്തനം’ ഉണ്ടായെന്നാണു റഷ്യ നിയോഗിച്ച പ്രാദേശിക മേയർ വിശേഷിപ്പിച്ചത്. ആരോപണ പ്രത്യാരോപണങ്ങൾ മുറുകവേ, അണക്കെട്ട് മഹാദുരന്തമായി യുക്രെയ്നെ ഗ്രസിക്കുകയാണെന്നാണു റിപ്പോർട്ടുകൾ.

ഖേർസൻ നഗരത്തിനു 30 കിലോമീറ്റർ കിഴക്കായി, ഡിനിപ്രോ നദിയിൽ നിർമിച്ചിരുന്നതാണ് നോവ കഖോവ്ക അണക്കെട്ട്. പ്രാദേശികമായുള്ള വലിയ പ്രയാസങ്ങൾക്കൊപ്പം യുക്രെയ്ന്റെ യുദ്ധാഘാതം ഇരട്ടിയാക്കുന്ന സംഭവമാണ് അണക്കെട്ടിന്റെ തകർച്ചയെന്നാണു രാജ്യാന്തര മാധ്യമങ്ങളുടെ വിലയിരുത്തൽ. അണക്കെട്ട് തകർത്തത് റഷ്യയാണെന്നാണ് യുക്രെയ്ന്റെ ആരോപണം. സംഭവത്തിന്റെ ഉത്തരവാദിത്തം യുക്രെയ്നാണെന്നാണ് റഷ്യയുടെ നിലപാട്.

∙ ‘5 മണിക്കൂറിൽ വെള്ളം കുതിച്ചെത്തും’

യൂറോപ്പിലെ വലിയ നദികളിലൊന്നായ ഡിനിപ്രോയിൽ, കഖോവ്‌ക ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി 1956ൽ ആണ് അണക്കെട്ട് നിർമിച്ചത്. 30 മീറ്റർ ഉയരമുള്ള അണക്കെട്ടിൽ വലിയ തോതിൽ വെള്ളം സംഭരിച്ചിരുന്നു. ഏകദേശം 18 ക്യുബിക് കിലോമീറ്റർ വെള്ളമാണ് അണക്കെട്ടിൽ ഉണ്ടായിരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. യുഎസിലെ യൂട്ടായിലെ വലിയ തടാകമായ ഗ്രേറ്റ് സാൾട്ട് ലേക്കിലേതിനു തുല്യമായ അളവിലുള്ള വെള്ളമാണ് ഇവിടെയുണ്ടായിരുന്നത്.

ഖേർസൻ ഉൾപ്പെടെ അണക്കെട്ടിനു താഴെയുള്ള നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വെള്ളം കുതിച്ചൊഴുകുകയാണ്. ഗ്രാമങ്ങൾ മുങ്ങിയേക്കുമെന്നും ആശങ്കയുണ്ട്. യുദ്ധത്തിൽ റഷ്യ പിടിച്ചെടുത്തശേഷം യുക്രെയ്ൻ തിരിച്ചുപിടിച്ച തുറമുഖ നഗരമാണ് ഖേർസൻ. ഖേർസൻ ആയിരുന്നു റഷ്യ ആദ്യം പിടിച്ച പ്രധാനനഗരം. 5 മണിക്കൂറിൽ വെള്ളം അപകടകരമായ അളവിൽ എത്തുമെന്നും നാട്ടുകാർ എത്രയും പെട്ടെന്നു മാറിപ്പോകണമെന്നും ഖേർസൻ മേഖലാ മേധാവി മുന്നറിയിപ്പ് നൽകി. 

അണക്കെട്ട് തകർന്ന് വെള്ളം കുതിച്ചൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുടർച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങളുമുണ്ടെന്നും പറയപ്പെടുന്നു. ഡാം തകർന്നതോടെ യുദ്ധഭൂമിയിലേക്കും ജലം ഒഴുകിയെത്തുകയാണ്. വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ലെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, യുദ്ധത്തിന്റെ ഭാഗമായി ഡാം തകർക്കുന്നത് ഇതാദ്യമല്ല. 2022 ഫെബ്രുവരിയിൽ റഷ്യൻ സേനയുടെ മുന്നേറ്റം തടയാനായി യുക്രെയ്ൻ സൈന്യം ഇർപിൻ നദിയിലെ അണക്കെട്ട് തകർത്തിരുന്നു. ഡിമീദ് ഗ്രാമത്തിലെ അനേകം വീടുകൾ അന്നു വെള്ളത്തിനടിയിലായി.

∙ നോവ കഖോവ്കയുടെ പ്രധാന്യമെന്ത്?

ക്രൈമിയയിലെ വിവിധ ഇടങ്ങളിലേക്കു ജലവിതരണം നടത്തുന്ന അണക്കെട്ടാണ് നോവ കഖോവ്ക. 2014ലെ യുദ്ധത്തിൽ യുക്രെയ്നിൽനിന്ന് റഷ്യ കൂട്ടിച്ചേർത്ത ക്രൈമിയ ഉപദ്വീപിന്റെ തെക്കുഭാഗം വരെയും, വടക്കു ഭാഗത്ത് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപോറീഷ്യ വരെയും നോവ കഖോവ്ക ഡാമിലെ വെള്ളം എത്തുന്നുണ്ട്. ആണവ നിലയത്തിന്റെ പ്രവർത്തനത്തെയും അണക്കെട്ടിന്റെ തകർച്ച ബാധിച്ചേക്കാം. യുക്രെയ്നിലെ ജലവിതരണവും കടുത്ത പ്രതിസന്ധിയിലാകും.

നോവ കഖോവ്ക ഡാം തകർന്നതിനെ തുടർന്നു ഖേർസനിൽ വെള്ളപ്പൊക്കം രൂപപ്പെട്ടപ്പോൾ. (Photo by Sergiy Dollar / AFP)
നോവ കഖോവ്ക ഡാം തകർന്നതിനെ തുടർന്നു ഖേർസനിൽ വെള്ളപ്പൊക്കം രൂപപ്പെട്ടപ്പോൾ. (Photo by Sergiy Dollar / AFP)

കഖോവ്ക ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനവും തടസ്സപ്പെടുന്നതോടെ യുക്രെയ്ൻ അനുഭവിക്കുന്ന ഊർജ പ്രതിസന്ധി രൂക്ഷമാകും. കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയ്ന്റെ പ്രധാന അടിസ്ഥാന സൗകര്യവികസന കേന്ദ്രങ്ങൾ റഷ്യ തകർത്തിരുന്നു. ദക്ഷിണ യുക്രെയ്ന്റെ വലിയൊരു പ്രദേശത്തും ക്രൈമിയയിലും ജലസേചനത്തിന് ഉപയോഗപ്പെടുത്തിയിരുന്നതും ഈ അണക്കെട്ടാണ് എന്നതു വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

∙ നേരത്തേ മുതൽ ‘നോട്ടപ്പുള്ളി’?

2022 ഫെബ്രുവരിയിൽ റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ ‘നോട്ടപ്പുള്ളി’യാണു നോവ കഖോവ്ക ഡാം. ഊർജ–ജല പ്രധാന്യം കണക്കിലെടുത്ത് ‘പൊട്ടൻഷ്യൽ ടാർഗറ്റ്’ ആയി എണ്ണപ്പെടുന്ന കേന്ദ്രങ്ങളിലൊന്നായിരുന്നു നോവ കഖോവ്ക. ഡാം തകർത്താൽ യുക്രെയ്നെ ഉലയ്ക്കാം എന്നും റഷ്യ കണക്കുകൂട്ടിയിരുന്നതായാണു സൂചന. കഴിഞ്ഞ ഒക്ടോബറിൽ ഖേർസൻ ഉൾപ്പെടെ റഷ്യയിൽനിന്നു തിരിച്ചുപിടിക്കുന്ന സമയത്ത്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ഈ ഡാമിനെപ്പറ്റി പരാമർശിച്ചിരുന്നു.

തകർന്ന നോവ കഖോവ്ക ഡാമിന്റെ ആകാശക്കാഴ്ച. Ukraine Nova Kakhovka Dam (Photo by - / Satellite image ©2023 Maxar Technologies / AFP)
തകർന്ന നോവ കഖോവ്ക ഡാമിന്റെ ആകാശക്കാഴ്ച. Ukraine Nova Kakhovka Dam (Photo by - / Satellite image ©2023 Maxar Technologies / AFP)

‘നോവ കഖോവ്ക ഡാം തകർക്കരുത്’ എന്നു പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കു മുന്നറിയിപ്പ് നൽകണമെന്നായിരുന്നു സെലെൻസ്കിയുടെ ആവശ്യം. ഡാം തകർക്കപ്പെട്ടാൽ യുക്രെയ്ന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡാമിനുള്ളിൽ റഷ്യ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചതായും നേരത്തേമുതൽ യുക്രെയ്ൻ ആരോപിക്കുന്നുണ്ട്. നോവ കഖോവ്ക അണക്കെട്ട് തകർന്നതിന്റെ ആഘാതം യുക്രെയ്നിൽ മാത്രമൊതുങ്ങില്ലെന്നും കരിങ്കടൽ മേഖലയെയാകെ ബാധിക്കുമെന്നും യുക്രെയ്ൻ മിലിറ്ററി ഇന്റലിജൻസ് പറഞ്ഞു.

നോവ കഖോവ്ക ഡാം തകർന്നതിനെ തുടർന്നു ഖേർസനിൽ വെള്ളപ്പൊക്കം രൂപപ്പെട്ടപ്പോൾ. (Photo by Sergiy Dollar / AFP)
നോവ കഖോവ്ക ഡാം തകർന്നതിനെ തുടർന്നു ഖേർസനിൽ വെള്ളപ്പൊക്കം രൂപപ്പെട്ടപ്പോൾ. (Photo by Sergiy Dollar / AFP)

English Summary: Nova Kakhovka dam: everything you need to know about Ukraine’s strategically important reservoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com