ADVERTISEMENT

മുംബൈ∙ 278 പേർ മരിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിനു ശേഷം സുരക്ഷാപ്പേടി മൂലം ആയിരക്കണക്കിന് യാത്രക്കാർ ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കിയെന്ന കോൺഗ്രസ് നേതാവിന്റെ ആരോപണം നിഷേധിച്ച് റെയിൽവേ. അങ്ങനെയൊരു സംഭവമേ ഇല്ലെന്നും, അപകടത്തിനു മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയവരുടെ എണ്ണം കുറയുകയാണ് ചെയ്തതെന്നും ഐആർസിടിസി ട്വിറ്ററിൽ വ്യക്തമാക്കി. അപകടത്തിന്റെ തലേ ദിവസവും പിറ്റേ ദിവസവും ടിക്കറ്റ് റദ്ദാക്കിയവരുടെ എണ്ണം സഹിതമാണ് ഐആർസിടിസിയുടെ മറുപടി.

അപകടത്തെ തുടർന്ന് ട്രെയിൻ യാത്ര സുരക്ഷിതമല്ലെന്ന പേടിയിൽ ആയിരക്കണക്കിന് ആളുകൾ ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയതായി കോൺഗ്രസ് നേതാവ് ഭക്തചരൺ ദാസാണ് ആരോപണം ഉന്നയിച്ചത്. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ ആരോപണം ഉൾപ്പെടുന്ന നേതാവിന്റെ വാർത്താ സമ്മേളനത്തിന്റെ ക്ലിപ് കോൺഗ്രസും ട്വീറ്റ് ചെയ്തിരുന്നു.

‘‘ഇത്തരമൊരു ട്രെയിൻ അപകടം മുൻപൊരിക്കലും ഉണ്ടായിട്ടില്ല. നൂറു കണക്കിനു പേർ മരിക്കുകയും ആയിരക്കണക്കിനു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ അപകടം എല്ലാവരേയും വല്ലാതെ വേദനിപ്പിച്ചു. അപകടത്തിനു ശേഷം ആയിരക്കണക്കിനു പേരാണ് ട്രെയിൻ യാത്ര റദ്ദാക്കിയത്. ട്രെയിൻ യാത്ര ഒട്ടും സുരക്ഷിതമല്ലെന്ന ഭയത്താലാണിത്’ – ഭക്തചരൺ ദാസിനെ ഉദ്ധരിച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു.

അതേസമയം, ദാസിന്റെ ആരോപണം വസ്തുതാപരമായി തെറ്റാണെന്ന് ഐആർസിടിസി ട്വീറ്റ് ചെയ്തു. കോൺഗ്രസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഐആർസിടിസിയുടെ മറുപടി. അപകടത്തിനു മുൻപും ശേഷവും ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയവരുടെ കണക്കും ഐആർസിടിസി കുറിച്ചിട്ടുണ്ട്.

‘‘ഇത് വസ്തുതാപരമായി തെറ്റാണ്. ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയവരുടെ എണ്ണത്തിൽ ഒരു വർധനവുമില്ല.  മാത്രമല്ല, അപകടത്തിന്റെ തലേന്ന്, അതായത് ജൂൺ ഒന്നിന് 7.7 ലക്ഷം ആളുകളാണ് ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയതെങ്കിൽ, അപകടത്തിന്റെ പിറ്റേന്ന്, അതായത് ജൂൺ മൂന്നിന് ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയത് 7.5 ലക്ഷം പേർ മാത്രമാണ്’ – ഐആർസിടിസി ട്വിറ്ററിൽ കുറിച്ചു.

English Summary: "Thousands Of Tickets" Cancelled After Odisha Crash, Claims Congress. Railways Says "Factually Incorrect"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com