ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ഗൂഢാലോചനയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. മറ്റൊരു സംസ്ഥാനത്തെ അപകടമായിട്ടും ഇന്നലെ മുതൽ തൃണമൂൽ കോൺഗ്രസ് പരിഭ്രാന്തരാണ്. അപകടത്തിൽ സിബിഐ അന്വേഷണത്തെയും ഭയപ്പെടുന്നു. റെയിൽവേ ഉദ്യോഗസ്ഥരുടെ ഫോണ്‍ തൃണമൂൽ േകാൺഗ്രസ് ചോർത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അപകടത്തിൽ സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കാൻ തൃണമൂൽ േകാൺഗ്രസിന്റെ വിമുഖതയെ ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ പരാമർശം. രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണം എങ്ങനെയാണ് തൃണമൂൽ േകാൺഗ്രസിൽ എത്തിയത് എന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂൽ നേതാവ് കുനാൽ ഘോഷ് ട്വിറ്ററിൽ പങ്കുവച്ച രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിനെ പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, സുവേന്ദുവിന്റെ ആരോപണം അപഹാസ്യമെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.
ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം ബംഗാളിൽ രാഷ്ട്രീയ വിഷയമായിരുന്നു. കേന്ദ്ര സർക്കാർ യാത്രക്കാരുടെ സുരക്ഷയെ അവഗണിക്കുകയാണെന്ന് ആരോപിച്ച തൃണമൂൽ കോൺഗ്രസ്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ച ബിജെപി, മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തിരിച്ചടിച്ചു.
English Summary: TMC behind Odisha train crash, tapped officials' phones: BJP's Suvendu Adhikari