ചക്രവാതച്ചുഴിയിൽപ്പെട്ട് കാലവർഷക്കാറ്റ് അകന്നു; ദിശമാറാനും ദുർബലമാകാനും സാധ്യത
Mail This Article
പാലക്കാട് ∙ സംസ്ഥാനത്ത് കാലവർഷമെത്താൻ വൈകുന്നത്, പടിവാതിക്കലെത്തിയ കാലവർഷക്കാറ്റ് അറബിക്കടലിലെ ശക്തമായ ചക്രവാതച്ചുഴിയിൽപ്പെട്ടതോടെ. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ കാലവർഷം ശക്തമാകാൻ രണ്ടാഴ്ചകൂടി കഴിഞ്ഞേക്കും. നേരത്തേ, നിരീക്ഷിച്ചതിൽ വ്യത്യസ്തമായി ചക്രവാതച്ചുഴി ചുഴലിയാകുമ്പോൾ ദിശമാറിയേക്കുമെന്ന നിരീക്ഷണവുമുണ്ട്.
ഇതിനിടയിൽ, കാലവർഷം എത്തിയാലും അത് ദുർബലമാകാനുള്ള സാധ്യതയും കാണുന്നു. ചുഴലിയുടെ സ്വാധീനത്തിൽ വരുംദിവസം മിക്കയിടത്തും മോശമില്ലാത്ത മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. മഴക്കാലം ഇത്തവണ വൈകില്ലെന്നായിരുന്നു ഏജൻസികളുടെ ആദ്യ അറിയിപ്പെങ്കിലും അന്തരീക്ഷത്തിലുണ്ടായ മാറ്റത്തിൽ അതുണ്ടായില്ല. കാലവർഷക്കാറ്റ് അതിന്റെ ഗതികൾ പൂർത്തിയാക്കി നാല്, അഞ്ച് തീയതികളിൽ കേരളത്തിൽ പ്രവേശിക്കുമെന്ന് പിന്നീട് കാലാവസ്ഥകേന്ദ്ര( ഐഎംഡി)വും പ്രവചിച്ചു. ലക്ഷദ്വീപിന്റെ വടക്കുപടിഞ്ഞാറായി മേഘപടലം രൂപംകൊണ്ടതുൾപ്പെടെ, അതിനുളള അന്തരീക്ഷവും ഒരുങ്ങി.
ഇതിനിടയിലാണ്, അറബിക്കടലിൽ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തു രൂപപ്പെട്ട ചക്രവാതച്ചുഴി( സൈക്ലോൺ സർക്കുലേഷൻ)യുടെ സ്വാധീനമുണ്ടായത്. ഇപ്പോഴത്തെ അന്തരീക്ഷത്തിൽ, ചക്രവാതചുഴി ന്യൂനമർദമായി മാറി, എട്ടാംതീയതിയോടെ ശക്തമായ ചുഴലിയാകും. അത് 12 ന് കൂടുതൽ ശക്തിപ്പെട്ട് 13 ഒാടെ മംഗളൂരു, ഗോവ പ്രദേശത്തേക്ക് നീങ്ങുമെന്നും 15 ഒാടെ മുംബൈ തീരത്തേക്കോ, ഗുജറാത്ത് തീരത്തേക്കോ മാറുമെന്നുമാണ് നിരീക്ഷണം. ചുഴലി കേരളത്തിൽ നേരിട്ട് ബാധിക്കില്ലെങ്കിലും അതിന്റെ സ്വാധീനത്തിലാണ് ശക്തമായ മഴയും കാറ്റും ലഭിക്കുക.
പ്രധാന കാലാവസ്ഥ ഏജൻസികളുടെ നിലവിലെ മോഡലുകൾ അനുസരിച്ച് ചുഴലിക്കാറ്റ് 16 ഒാടെ കര തൊടാനാണ് സാധ്യത. അതിന്റെ ഫലമായി ആ മേഖലയിൽ അതിശക്തമായ മഴയും കാറ്റും ഉണ്ടാകാം. വടക്ക് കിഴക്ക് സഞ്ചരിക്കേണ്ട ചുഴലി, വടക്ക് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങാനുള്ള സാധ്യതയും ഇപ്പോൾ കാണുന്നുണ്ട്. ദുർബലമായി തുടങ്ങുന്ന കാലവർഷം പിന്നീട് മാറിനിൽക്കാനുളള സാധ്യത ചില കാലാവസ്ഥ വിദഗ്ധർ സൂചിപ്പിക്കുന്നു.
ജൂണിലും ജൂലൈയിലും മഴ കുറയുകയും ഒാഗസ്റ്റ്, സെപ്റ്റംബർ കാലത്ത് അതിശക്തമായ മഴ ലഭിക്കുകയും ചെയ്യുന്ന സ്ഥിതിയും ഉണ്ടാകാം. സാധാരണഗതിയിൽ ന്യൂനമർദം ചുഴലിയായി മാറാൻ രണ്ടുദിവസം വരെ എടുത്തിരുന്നെങ്കിൽ, കാലാവസ്ഥ വ്യതിയാനത്തോടെ,അത് മണിക്കൂറുകൾകാണ്ട് സംഭവിക്കുന്നതായി കുസാറ്റ് റഡാർ റിസർച്ച് കേന്ദ്രത്തിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. എം.ജി.മനോജ് നിരീക്ഷിക്കുന്നു.
കാലവർഷക്കാറ്റിനെ ചക്രവാതച്ചുഴി വലിച്ചെടുത്തതോടെ കടലിൽ ശക്തമായ മഴ പെയ്യുന്നതായാണ് നിഗമനം. ചക്രവാതം ചുഴലിയാകുന്നതിന് മുൻപ് കാലവർഷം തുടങ്ങുമെന്നും, പിന്നീട് ചുഴലിയുടെ സ്വാധീനത്തിൽ കാലവർഷം ശക്തമാകുമെന്നുമായിരുന്നു ആദ്യനിഗമനം. ഇതിനിടെ, ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതം ഉണ്ടാകുന്നതായും സൂചനയുണ്ട്. അതും കാലവർഷക്കാറ്റിനെ ബാധിക്കാം. കഴിഞ്ഞവർഷം മേയ് അവസാന ദിവസം കാലവർഷം ആരംഭിച്ചിരുന്നു.
English Summary: Why monsoon delayed in Kerala?