ADVERTISEMENT

ന്യൂഡൽഹി ∙ ലോക വേദികളിൽ രാജ്യത്തിനായി അഭിമാനനേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾ നീതി തേടി പോരാടുമ്പോൾ, താരങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങൾ അറിഞ്ഞിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചുവോ? ലൈംഗികാതിക്രമക്കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു വർഷം മുൻപേ അറിഞ്ഞതായുള്ള ഡല്‍ഹി പൊലീസിന്റെ എഫ്ഐആറിലെ വെളിപ്പെടുത്തൽ, പല രാഷ്ട്രീയ ചർച്ചകൾക്കും ഇടയാക്കും. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങാത്തതിന് നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് താരങ്ങൾ 2021ൽത്തന്നെ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് അറിയിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. ഇതറിഞ്ഞിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ല എന്നതാകും ഇനിയുള്ള ചോദ്യം. ബിജെപി എംപിയെ പിന്തുണയ്‌ക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിനെന്ന ആരോപണം സമരത്തിന്റെ ആദ്യ നാളുകളിൽത്തന്നെ ഉയർന്നിരുന്നു. അതിന് ശക്തിപകരുന്നതാണ് ഡൽഹി പൊലീസിന്റെ എഫ്ഐആറിലെ പരാമർശം. 

തങ്ങൾ പോരാടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുവാൻ പോലും താരങ്ങൾ തയാറായിട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികളുണ്ടാകാത്തത് ബ്രിജ് ഭൂഷണെ കേന്ദ്രസർക്കാർ പിന്തുണയ്‍ക്കുന്നതിനാലാണെന്ന് ആരോപണങ്ങളുണ്ട്.

തലസ്ഥാന നഗരിയിലെ പൊതുനിരത്തിൽ വിയർത്തുനിൽക്കുന്ന കായികതാരങ്ങൾ, കായികപ്രേമികളുടെ ഉള്ളുപൊള്ളിക്കുന്ന കാഴ്ചയായിരുന്നു. ദേശീയ ഗുസ്തി ഫെ‍ഡറേഷൻ പ്രസിഡന്റിനെതിരെയുള്ള ഗുരുതര ലൈംഗിക അതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ടാണ് ഒളിംപിക്സിൽ മെഡൽ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും മെഡൽ ജേതാവായ വിനേഷ് ഫോഗട്ട് എന്നിവർ സമരം നയിക്കുന്നത്. ജനുവരി 18ന് ആണ് താരങ്ങൾ ആദ്യം സമരരംഗത്തെത്തുന്നത്. ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിംപ്യൻ വിനേഷ് ഫോഗട്ട് രംഗത്തെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. 

ബജരംഗ് പുനിയ,വിനേഷ് ഫോഗട്ട്,സാക്ഷി മാലിക്ക് (Photo: Twitter/ BajrangPunia).
ബജരംഗ് പുനിയ,വിനേഷ് ഫോഗട്ട്,സാക്ഷി മാലിക്ക് (Photo: Twitter/ BajrangPunia).

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 വനിതാ ഗുസ്തിതാരങ്ങൾ ഡൽഹി പൊലീസിൽ നൽ‌കിയ ലൈംഗികാതിക്രമ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നായിരുന്നു താരങ്ങളുടെ ആവശ്യം. പരാതി സുപ്രീംകോടതിയിൽ എത്തിയതോടെ മുഖം രക്ഷിക്കാനായി ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസ് കേസെടുത്തു. പക്ഷേ, നടപടികൾ അവിടെവച്ച് അവസാനിച്ചു. ഇതേതുടർന്നാണ് ഏപ്രിൽ 23ന് ജന്തർ മന്തറിൽ  രണ്ടാംഘട്ട സമരം ആരംഭിച്ചത്. അതിനിടെ, ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും മഹനീയ അടയാളമായ പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത അതേദിവസം തന്നെ രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങൾ നിരത്തിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നതും രാജ്യത്തിനു കാണേണ്ടിവന്നു. പോക്‌സോ ഉൾ‌പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടും ബ്രിജ് ഭൂഷണിനെതിരെയുള്ള നടപടികൾ തീർത്തും മന്ദഗതിയിലാണ്. 

 

പുറത്ത് വരാതെ റിപ്പോർട്ട്

ദേശീയ ഗുസ്തി ഫെ‍ഡറേഷൻ പ്രസിഡന്റിനെതിരെയുള്ള ഗുരുതര ലൈംഗിക അതിക്രമ പരാതി പുറത്തായതോടെ സംഭവം അന്വേഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം, ബോക്സിങ് താരം എം.സി.മേരികോം അധ്യക്ഷയായ ഏഴംഗ സമിതിയെ നിയോഗിച്ചു. ഇതോടെ ആദ്യഘട്ട സമരം താൽക്കാലികമായി അവസാനിച്ചു. എന്നാൽ,അന്വേഷണ സമിതി ഏപ്രിൽ ആദ്യവാരം സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ടാണ് താരങ്ങൾ വീണ്ടും സമരത്തിനിറങ്ങിയത്.

ആദ്യം രാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിർത്തി

ജനുവരിയിൽ താരങ്ങളുടെ സമരം ആരംഭിച്ചപ്പോൾ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് സമരത്തിന് പിന്തുണ അർപ്പിച്ച് എത്തിയിരുന്നു. എന്നാൽ‌ വൃന്ദ കാരാട്ടിനോട് വേദി വിടാൻ സംഘാടകർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ രാഷ്ട്രീയവൽക്കരിക്കാൻ താൽപര്യമില്ലെന്നും വേദിയിലിരിക്കാനാകില്ലെന്നുമായിരുന്നു സംഘാടകരുടെ നിലപാട്. പിന്നീട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഗുസ്തി താരങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചു. വനിതാ ഗുസ്തി താരങ്ങൾ പിന്തുണയുമായി കർഷക നേതാക്കളും രംഗത്തെത്തി. കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് താരങ്ങളെ പിന്തിരിപ്പിച്ചത്. 

ഒരുകയ്യായ്: ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, സംഗീത ഫോഗട്ട്, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സത്യവർധ് കഠിയാൻ എന്നിവർ  കൊണാട്ട്പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് കൈകൾ കൊരുത്ത് മാർച്ചു ചെയ്യുന്നു. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഒരുകയ്യായ്: ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, സംഗീത ഫോഗട്ട്, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സത്യവർധ് കഠിയാൻ എന്നിവർ കൊണാട്ട്പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് കൈകൾ കൊരുത്ത് മാർച്ചു ചെയ്യുന്നു. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

 

ആരാണ് ബ്രിജ് ഭൂഷൺ സിങ്?

ആദ്യം ഗോദയിലും പിന്നെ രാഷ്ട്രീയത്തിലും ‘ശക്തിശാലി’ വിളിപ്പേരും പരിവേഷവും കിട്ടിയ ആളാണ് അറുപത്തിയാറുകാരൻ ബ്രിജ് ഭൂഷൺ ശരൺ സിങ്. രാജ്യാന്തര താരങ്ങളുയർത്തിയ ആരോപണങ്ങളുടെ കൊടുംകാറ്റിലും ഇളകാതെ നിൽക്കുന്നതിനു പിന്നിൽ പാർട്ടിക്കും മുകളിൽ ബ്രിജ് ഭൂഷൺ ഉയർത്തിയ ‘സാമ്രാജ്യ’ത്തിന്റെ ശക്തിയുണ്ട്. ജന്മദേശമായ ഗോണ്ടയിലും സമീപത്തെ 6 ജില്ലകളിലും വലിയ സ്വാധീനമുള്ള നേതാവാണ്. ഇതിനാൽ ബിജെപിക്ക് പിണക്കാൻ കഴിയാത്ത സ്ഥിതി. ഗുസ്തിയിൽ വലിയ നേട്ടങ്ങൾ കൊയ്തില്ലെങ്കിലും കുട്ടിക്കാലം മുതൽ അതുകൂടെയുണ്ട്. നിയമബിരുദം നേടിയിട്ടുള്ള അദ്ദേഹം, ഒരു വ്യാഴവട്ടത്തോളമായി ദേശീയ ഗുസ്തി ഫെഡറേഷന്റെ തലപ്പത്തുണ്ട്. ആറുവട്ടം എംപി സ്ഥാനം.

ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള  ലൈംഗികാതിക്രമ പരാതിയിലെ നടപടി വേണമെന്ന ആവശ്യത്തിനു പൊതുജനങ്ങളുടെ പിന്തുണ തേടി ഗുസ്തി താരങ്ങൾ കോണാട്ട് പേസിൽ കുത്തിയിരിക്കുന്നു. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ഭീം സേന നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ മുൻ നിരയിൽ. ചിത്രം : രാഹുൽ ആർ പട്ടം ∙ മനോരമ
ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിലെ നടപടി വേണമെന്ന ആവശ്യത്തിനു പൊതുജനങ്ങളുടെ പിന്തുണ തേടി ഗുസ്തി താരങ്ങൾ കോണാട്ട് പേസിൽ കുത്തിയിരിക്കുന്നു. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ഭീം സേന നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ മുൻ നിരയിൽ. ചിത്രം : രാഹുൽ ആർ പട്ടം ∙ മനോരമ

അയോധ്യയിൽ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളിൽ സജീവമായായിരുന്നു തുടക്കം. ബാബ്റി മസ്‍ജിദ് തകർത്ത കേസിൽ പ്രതിയായിരുന്നു. 1991 മുതൽ ലോക്സഭാംഗമായ അദ്ദേഹം ഒരു ഘട്ടത്തിൽ സമാജ്‍വാദി പാർട്ടിയിലേക്കു കൂടുമാറിയിരുന്നു. പിന്നീടു തിരിച്ചുവന്നു. നേരത്തേ, യുപിയിലും മറ്റും നടക്കുന്ന വലിയ ഗുസ്തിമത്സരങ്ങളിൽ റഫറിമാരെ ഭീഷണിപ്പെടുത്തിയും നിയമാവലി റഫറിമാരുടെ മുഖത്തേക്കു വലിച്ചെറിഞ്ഞും വാർത്തകൾ സൃഷ്ടിച്ചു. യുപിയിൽ അൻപതിലേറെ വിദ്യാഭ്യാസ, ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയാണ്. ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മകൻ എംഎൽഎയും. എല്ലാ വർഷവും പിറന്നാൾ ദിനമായ ജനുവരി എട്ടിന്, സ്വദേശമായ ഗോണ്ടയിലും സമീപപ്രദേശങ്ങളിലും പ്രത്യേക പരീക്ഷ നടത്തി വിജയിക്കുന്ന കുട്ടികൾക്ക് സൈക്കിളും സ്കൂട്ടിയും നൽകി സമ്മാനപ്പെരുമഴ തീർക്കും. ഉത്തർപ്രദേശിലെ 5 ലോക്സഭാ മണ്ഡലങ്ങളിൽ രാഷ്ട്രീയഗതി നിയന്ത്രിക്കാൻ കെൽപ്പുള്ളയാളാണ് ബ്രിജ് ഭൂഷൺ.

പ്രതിഷേധത്തിന്റെ നാൾവഴി

2023 ജനുവരി 19 ∙ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിംപ്യൻ വിനേഷ് ഫോഗട്ട് രംഗത്ത്. 

2023 ജനുവരി 22 ∙ ബ്രിജ് ഭൂഷൺ ശരൺ സിങ് എംപിക്കും ചില കോച്ചുമാർക്കുമെതിരെ ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ തള്ളി ദേശീയ ഗുസ്തി ഫെഡറേഷൻ കായിക മന്ത്രാലയത്തിനു പ്രാഥമിക റിപ്പോർട്ട്

2023 ജനുവരി 23 ∙ഗുസ്തി ഭരണം പ്രത്യേക സമിതിക്ക്. ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പിനായി കേന്ദ്രസർക്കാർ നിയമിക്കുന്ന മേൽനോട്ട സമിതി റിപ്പോർട്ട് നൽകുന്നതുവരെ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ് ചുമതലകളിൽനിന്നു മാറി നിൽക്കാൻ തീരുമാനം

2023 ജനുവരി 24 ∙ ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ടച്ചുമതല ബോക്സിങ് താരം എം.സി.മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതിയെ ഏൽപിച്ചു. ലൈംഗികാരോപണങ്ങളെക്കുറിച്ചും സമിതി അന്വേഷിക്കാൻ തീരുമാനം. ഗുസ്തിതാരം യോഗേശ്വർ ദത്ത്, ബാഡ്മിന്റൻ താരം തൃപ്തി മുർഗുണ്ടെ, ടാർഗറ്റ് ഒളിംപിക് പോഡിയം സ്കീം ക്യാപ്റ്റൻ രാജഗോപാലൻ, സായ് എക്സിക്യൂട്ടീവ് ഡയറക്ടർ രാധിക ശ്രീമാൻ എന്നിവരാണു സമിതിയിലെ മറ്റംഗങ്ങൾ

2023 ജനുവരി 25∙ലൈംഗികാതിക്ര പരാതിയിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു.  

2023 ജനുവരി 26∙ സുപ്രീം കോടതി ഇടപെട്ടു. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ വനിത ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. വിഷയം തങ്ങളുടെ പരിഗണന അർഹിക്കുന്നതാണെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഡൽഹി പൊലീസിനോട് 28നു മുൻപു മറുപടി നൽകാൻ ആവശ്യപ്പെട്ടു.  

2023 ജനുവരി 29∙ ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു.  

2023 മേയ് 11∙ ബ്രിജ്ഭൂഷനെതിരായ പരാതിയിൽ നടപടി റിപ്പോർട്ടിനു നിർദേശം. ലൈംഗികാതിക്രമ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്നു റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി കോടതി പൊലീസിനു നിർദേശം നൽകി. 

2023 മേയ് 13∙ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെ ഡൽഹി പൊലീസ് പ്രത്യേക സംഘം ചോദ്യം ചെയ്തു. ബ്രിജ്ഭൂഷനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 2 എഫ്ഐആർ റജിസ്റ്റർ ചെയ്ത് 10 ദിവസത്തിനു ശേഷമായിരുന്നു ചോദ്യം ചെയ്യൽ

2023 മേയ്29∙ പുതിയ പാർലമെന്റ് മന്ദിരത്തിനുസമീപം ‘മഹിളാ മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങളെ ഡൽഹി പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചു. 

2023 മേയ്31∙ ഗംഗയിൽ മെഡലുകൾ ഒഴുക്കി പ്രതിഷേധിക്കാൻ ഗുസ്തി താരങ്ങൾ. അനുനയദൗത്യവുമായെത്തിയ നരേഷ് ടിക്കായത്ത് താരങ്ങളെ പിന്തിരിപ്പിച്ചു.

2023 ജൂൺ 3 ∙ബ്രിജ് ഭൂഷണിന്റെ ശല്യപ്പെടുത്തലുകളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2021ൽ അറിയിച്ചിരുന്നതായി ഒരു താരം പരാതിയിൽ വെളിപ്പെടുത്തിയതായി ഡൽഹി പൊലീസിന്റെ എഫ്ഐആറില്‍.

 

English Summary: Wrestler informed PM Modi about alleged sexual harassment by Brij Bhushan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com