ADVERTISEMENT

ന്യൂഡൽഹി∙ സംസ്ഥാന കോൺഗ്രസിനെതിരെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിട്ട് കണ്ട് കുറ്റപത്രം അവതരിപ്പിക്കാൻ എ ഗ്രൂപ്പ്. പുനഃസംഘടനയിലെ തർക്കങ്ങളിൽ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി താരീഖ് അൻവർ നേതൃത്വത്തിനൊപ്പം നിന്നതോടെയാണിത്. അതേസമയം, ബ്ലോക്ക് പുനഃസംഘടന നീതിപൂർവമായിരുന്നുവെന്ന് നേതൃത്വം അവകാശപ്പെടുമ്പോൾ, നേതൃത്വത്തിന്റെ സമീപനമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ഗ്രൂപ്പുകളുടെ പരാതി. 

ബ്ലോക്ക് പുനഃസംഘടനയിലെ വീതംവയ്‌പ്പും വെട്ടിനിരത്തലും സംസ്ഥാന കോൺഗ്രസിലെ കാലാവസ്ഥ ചൂട് പിടിപ്പിക്കുകയാണ്. പുനഃസംഘടനയ്ക്കെതിരെ ഗ്രൂപ്പുകൾ നൽകിയ പരാതിയിൽ തീരുമാനമെടുക്കേണ്ട താരീഖ് അൻവർ സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് പക്ഷംപിടിച്ചതോടെ മല്ലികാർജുൻ ഖർഗെയിലാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ. നേതൃത്വം നിരന്തരം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. ബ്ളോക് പുനഃസംഘടന അന്തിമമാക്കുമ്പോള്‍ മുൻ പിസിസി പ്രസിഡന്റുമാരുമായി ആശയവിനിമയം നടത്തണമെന്ന കെ.സി.േവണുഗോപാലിന്റെ നിർദേശം നേതൃത്വം അവഗണിച്ചതാണ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്.

സുധാകരന്റെയും സതീശന്റെയും വിശ്വസ്‌തരും കെപിസിസി ഓഫീസിലെ ജീവനക്കാരും കണ്ട ശേഷമേ മുൻ അധ്യക്ഷന്മാരായ കെ.മുരളീധരനും രമേശ് ചെന്നിത്തലയും എം.എം.ഹസനുമൊക്കെ പുനഃസംഘടന പട്ടിക കാണാൻ പാടുള്ളുവെന്നാണ് നേതൃത്വത്തിന്റെ സമീപനം. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നാണ് ഗ്രൂപ്പുകളുടെ പരാതി. എന്നാൽ,അധികാരം ആരുമായും പങ്കുവയ്‌ക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സതീശനും  സുധാകരനും. നേതൃത്വവും ഗ്രൂപ്പുകളും രണ്ടു തട്ടിൽ നിൽക്കുമ്പോൾ, പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഒരു ഗ്രൂപ്പ് നേതാവ് കടമെടുത്തത് രാഹുൽഗാന്ധിയുടെ വാക്കുകളാണെന്നത് ശ്രദ്ധേയം. ‘വെറുപ്പിന്റെ രാഷ്ട്രീയം മറന്ന് സ്‌നേഹത്തിന്റെ കട തുറന്നാൽ തീരുന്ന പ്രശ്നമേ സംസ്ഥാനത്തുള്ളുവത്രെ.’

English Summary: Congress A group to complain directly to Mallikarjun Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com