ADVERTISEMENT

കീഴടങ്ങാൻ മനസ്സില്ലാതെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടിരിക്കുന്ന യുക്രെയ്ൻ ജനത്തെ ഡാം തകർത്ത് മുക്കിക്കൊല്ലാനുള്ള നീക്കമാണ് റഷ്യ നടത്തുന്നതെന്ന് യൂറോപ്യൻ രാജ്യങ്ങൾ. നോവ കഖോവ്ക ഡാം തകർത്തതോടെ മാറ്റിപ്പാർപ്പിച്ചത് ആയിരക്കണക്കിന് ആളുകളെയാണ്. 42,000 ആളുകളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ദുരന്തം ഇന്നോടെ മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ്‌ യുക്രെയ്ൻ അധികൃ‍തർ അറിയിച്ചത്. 

‘വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. ദുരന്തത്തിന്റെ വ്യാപ്തി രണ്ടു ദിവസങ്ങൾക്കുള്ളിൽ വ്യക്തമാകും. തെക്കൻ യുക്രെയ്നിലെ ആയിരക്കണക്കിന് ആളുകൾക്ക് വീടും ജീവിതവും നഷ്ടമാകും. ഭക്ഷണവും വെള്ളവും ലഭിക്കാതെ ആളുകൾ ബുദ്ധിമുട്ടിലാകും’– യുഎൻ എയിഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത് പറഞ്ഞു. നിലവിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ അതും ഉണ്ടായേക്കാമെന്നും യുഎസ് വക്താവ് അറിയിച്ചു. 

പല ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങുന്നതിനിടെ റഷ്യ മിസൈൽ ആക്രമണവും നടത്തിയെന്ന് യുക്രെയ്ൻ ആരോപിച്ചു. ഗ്രാമങ്ങളും നഗരങ്ങളുമുൾപ്പെടെ 80 പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. അതേ സമയം, ഡാം തകർത്തത് യുക്രെയ്ൻ ആണെന്ന് റഷ്യ ആരോപിച്ചു. റഷ്യ–യുക്രെയൻ യുദ്ധം ആരംഭിച്ചതുമുതൽ ഏറ്റവും കൂടുതൽ ഭീഷണി നേരിട്ടിരുന്ന ഡാം ഒടുവിൽ തകർക്കപ്പെട്ടു. യുക്രെയ്ൻ ജനത്തെ കൊടുംയാതനകളിലേക്കാണ് ഡാമിന്റെ തകർച്ച തള്ളിവിട്ടിരിക്കുന്നത്. 

വെടിയുണ്ട, മിസൈൽ, ഒടുവിൽ പ്രളയം

‌ഖേർസൻ മേഖലയിലെ സുപ്രധാന ഡാം തകർന്നതോടെ പതിനായിരക്കണക്കിനാളുകളാണ് ദുരിതത്തിലായത്. കഖോവ്ക ഡാം റിസർവോയറിൽ നിന്നാണ് ഖേർസനിലെ കൃഷിക്കാർ വെള്ളം കണ്ടെത്തിയിരുന്നത്. സാപൊറീഷ്യ ആണവ നിലയം തണുപ്പിക്കുന്നതിനാവശ്യമായ വെള്ളം കൊണ്ടുപോയിരുന്നതും ഇവിടെ നിന്നാണ്. റഷ്യ പിടിച്ചടക്കിയ ക്രൈമിയയിലേക്കും ആവശ്യമായ ജലം ഇവിടെ നിന്നാണ് കൊണ്ടുപോയിരുന്നത്. 

ഡം തകർന്നതോടെ ആളുകൾ കയ്യിൽ കിട്ടിയ സാധനങ്ങളുമായി ബസിലും ട്രെയിനിലും കയറി മറ്റു ദേശങ്ങളിലേക്ക് പോകാൻ നിർബന്ധിതരായി. 40,000 പേരെ മാറ്റിപ്പാർപ്പിച്ചതായാണ് കണക്ക്. യുക്രെയ്ൻ അധീനതയിലുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും 17,000 പേരെയും റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് 25,000 പേരെയുമാണ് മാറ്റിയതെന്ന് യുക്രെയ്ൻ ഡപ്യൂട്ടി പ്രോസിക്യൂട്ടർ ജനറൽ വിക്ടോറിയ ലിത്വിനോവ പറഞ്ഞു.

11 മീറ്റർ ഉയരത്തിൽ വെള്ളം കയറിയെന്ന് നോവ കഖോവ്കയിൽ റഷ്യ നിയമിച്ച മേയർ അറിയിച്ചു. നദിയുടെ തീരത്തുണ്ടായിരുന്ന മൃഗശാല പൂർണമായും വെള്ളത്തിൽ മുങ്ങി. 300 മൃഗങ്ങൾ ചത്തു. ഹൈഡ്രോ ഇലക്ട്രിസിറ്റി ഉൽപാദിപ്പിച്ചിരുന്ന ഹൈഡ്രോളിക് യന്ത്രങ്ങൾ പൂർണമായും വെള്ളത്തിൽ ഒഴുകിപ്പോയി. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വീടുകളുടെ മേൽക്കൂര ഉൾപ്പെടെ വെള്ളത്തിൽ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രളയസമാനമാണ് പലയിടത്തും സ്ഥിതി. തങ്ങളെ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.   

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപൊറീഷ്യ തണുപ്പിക്കുന്നതിനാവശ്യമായ ജലം കൊണ്ടുപോയിരുന്നത് കഖോവ്ക ഡാമിൽ നിന്നായിരുന്നു. ഡാം തകർന്നതോടെ ആണവ നിലയത്തിന്റെ പ്രവർത്തനം എങ്ങനെയാകുമെന്ന് ആശങ്കയിലായി. ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് ഏജൻസി അറിയിച്ചു. 

ആരാണ് ഡാം തകർത്തത് ?

ഡാം തകർത്തതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുകയാണ്. ഡാം തകർത്തതിന് പിന്നിൽ റഷ്യ ആകാമെന്ന വിലയിരുത്തലിലാണ് യൂറോപ്യൻ രാജ്യാന്തര നിരീക്ഷകർ. ഡാമിനു മുകളിലൂടെയുള്ള റോഡിലൂടെ യുക്രെയൻ സൈന്യം കടന്നു വരാനും റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങൾ തിരികെ പിടിക്കാനും സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാകാം ഇത്തരം കടുംകൈയ്ക്ക് റഷ്യയെ പ്രേരിപ്പിച്ചത്. യുക്രെയ്ൻ പ്രത്യാക്രമണം തുടങ്ങിയതോടെ  പിടിച്ചെടുത്ത സ്ഥലങ്ങൾ ഏതുവിധേനെയും സംരക്ഷിക്കാനുള്ള നീക്കത്തിലാണ് റഷ്യ. കഴിഞ്ഞ വർഷം റഷ്യ അധിനിവേശം ആരംഭിച്ചപ്പോൾ യുക്രെയ്നും സമാനമായ രീതിയിൽ റോഡുകളും പാലങ്ങളും തകർത്തിരുന്നു.

തകർന്ന നോവ കഖോവ്ക ഡാമിന്റെ ആകാശക്കാഴ്ച. Ukraine Nova Kakhovka Dam (Photo by - / Satellite image ©2023 Maxar Technologies / AFP)
തകർന്ന നോവ കഖോവ്ക ഡാമിന്റെ ആകാശക്കാഴ്ച. Ukraine Nova Kakhovka Dam (Photo by - / Satellite image ©2023 Maxar Technologies / AFP)

യുക്രെയ്ൻ പ്രതിരോധത്തിൽനിന്നും തിരിച്ചടിയിലേക്ക് കളം മാറ്റിയതോടെയാണ് റഷ്യൻ സൈന്യം അങ്കലാപ്പിലായത്. ഇതോടെ യുക്രെയ്നിൽ നിന്നും പിടിച്ചെടുത്ത സ്ഥലങ്ങൾ സംരക്ഷിക്കുക എന്നതായി റഷ്യയുടെ ലക്ഷ്യം. ആഴ്ചകൾ കൊണ്ട് യുക്രെയ്ൻ പിടിച്ചെടുത്ത് യുദ്ധം അവസാനിപ്പിക്കാമെന്ന് കരുതിയ റഷ്യയ്ക്ക് ഒരു വർഷം പിന്നിട്ടിട്ടും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനില്ല. ഇതിനിടെ ഇരു രാജ്യങ്ങളും കനത്ത വില നൽകേണ്ടതായും വന്നു.

ചോരപ്പുഴ ഒഴുക്കിയ പല സ്ഥലങ്ങളും യുക്രെയ്ൻ തിരിച്ചുപിടിച്ചതോടെ റഷ്യ പ്രതിരോധത്തിലേക്ക് മാറുകയായിരുന്നു.  എന്നാൽ, പ്രത്യാക്രമണം പാളിയതോടെ യുക്രെയ്ൻ ആണ് ഡാം തകർത്തതെന്ന ആരോപണമാണ് റഷ്യ ഉന്നയിക്കുന്നത്. ക്രൈമിയയിലേക്ക് ശുദ്ധജലം എത്തുന്നത് തടയുന്നതിനാണ് ഡാം തകർത്തതെന്നും റഷ്യ ആരോപിച്ചു. 

ഡാം തകർത്തത് തിരിച്ചടി തടയാനോ ?

ബാഖ്മുതിൽ യുക്രെയ്ൻ സൈന്യം മുേന്നറ്റം നടത്തുകയാണെന്ന് പ്രതിരോധ ഉപമന്ത്രി ഹന്ന മലിയർ പറഞ്ഞു. എന്നാണ് പ്രത്യാക്രമണം ആരംഭിച്ചതെന്ന് വ്യക്തമാക്കാൻ അവർ തയാറായില്ല. രക്തരൂഷിതമായ യുദ്ധം നടക്കുന്ന സ്ഥലമാണ് ബാഖ്മുത്. റഷ്യയയും യുക്രെയ്നും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന ഈ സ്ഥലത്ത് യുദ്ധം ആരംഭിച്ചതുമുതൽ കനത്ത പോരാട്ടമാണ്. ഇതിനിടെയാണ് ഡാം തകർക്കപ്പെട്ടത്. ഡാം തകർത്തതുകൊണ്ട് യുക്രെയ്നെ പ്രത്യാക്രമണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് സെലെൻസ്കി പറഞ്ഞു.   

കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

ഖേർസൻ നഗരത്തിനു 30 കിലോമീറ്റർ കിഴക്കായി, ഡിനിപ്രോ നദിയിൽ നിർമിച്ചിരുന്നതാണ് നോവ കഖോവ്ക അണക്കെട്ട്. യൂറോപ്പിലെ വലിയ നദികളിലൊന്നായ ഡിനിപ്രോയിൽ, കഖോവ്‌ക ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി 1956ൽ ആണ് അണക്കെട്ട് നിർമിച്ചത്. 30 മീറ്റർ ഉയരമുള്ള അണക്കെട്ടിൽ വലിയ തോതിൽ വെള്ളം സംഭരിച്ചിരുന്നു. ഏകദേശം 18 ക്യുബിക് കിലോമീറ്റർ വെള്ളമാണ് അണക്കെട്ടിൽ ഉണ്ടായിരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. യുഎസിലെ യൂട്ടായിലെ വലിയ തടാകമായ ഗ്രേറ്റ് സാൾട്ട് ലേക്കിലേതിനു തുല്യമായ അളവിലുള്ള വെള്ളമാണ് ഇവിടെയുണ്ടായിരുന്നത്. യുദ്ധത്തിൽ റഷ്യ പിടിച്ചെടുത്തശേഷം യുക്രെയ്ൻ തിരിച്ചുപിടിച്ച തുറമുഖ നഗരമാണ് ഖേർസൻ. 

2014ലെ യുദ്ധത്തിൽ യുക്രെയ്നിൽനിന്ന് റഷ്യ കൂട്ടിച്ചേർത്ത ക്രൈമിയ ഉപദ്വീപിന്റെ തെക്കുഭാഗം വരെയും വടക്കു ഭാഗത്ത് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപോറീഷ്യ വരെയും നോവ കഖോവ്ക ഡാമിലെ വെള്ളം എത്തുന്നുണ്ട്. കഖോവ്ക ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനവും തടസ്സപ്പെടുന്നതോടെ യുക്രെയ്ൻ അനുഭവിക്കുന്ന ഊർജ പ്രതിസന്ധി രൂക്ഷമാകും. ഡാം തകർന്നതോടെ യുക്രെൻകാർക്ക് കുടിവെള്ളം പോലും ഇല്ലാതാകുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ യുദ്ധത്തിന്റെ ഗതിപോലും മാറിയേക്കാമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. 

English Summary: Ukraine dam: Thousands flee floods after dam collapse near Nova Kakhovka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com