‘അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കും; മകളുടെ മരണകാരണം കണ്ടെത്തണം’
Mail This Article
കൊച്ചി ∙ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോട്ടയം അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാർഥിനി ശ്രദ്ധയുടെ കുടുംബം. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി. മകളുടെ മരണത്തിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്തണമെന്നും ആരോപണ വിധേയരായ ജീവനക്കാരെ പുറത്താക്കണമെന്നും ശ്രദ്ധയുടെ പിതാവ് പി.പി.സതീഷ് പറഞ്ഞു.
ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു അറിയിച്ചിരുന്നു. തുടർന്ന്, കോളജില്‍ വിദ്യാര്‍ഥികള്‍ സമരം പിന്‍വലിച്ചു. തിങ്കളാഴ്ച കോളജ് തുറക്കും. മന്ത്രിമാരായ ആര്‍.ബിന്ദുവും വി.എന്‍.വാസവനും ചീഫ് വിപ് എൻ.ജയരാജും കോളജിലെത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. സമരത്തിൽ പങ്കെടുത്തതിന് വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടികൾ ഉണ്ടാകില്ല.
കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. സ്വാശ്രയ കോളജുകളിൽ അച്ചടക്കത്തിന്റെ പേരിലും സദാചാരത്തിന്റെ പേരിലും കുട്ടികൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നു മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.
English Summary: If the Crime Branch investigation is not satisfactory will approach court says Shraddha's family