ADVERTISEMENT

തിരുവനന്തപുരം∙ ‘പിണറായി വ്യാജൻ’ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. വ്യാജൻമാരുടെ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. ലോക കേരളസഭ എന്നത് ഭൂലോക തട്ടിപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു. കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷകമോർച്ച സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

‘‘സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാക്കൾ യൂണിയൻ ഭാരവാഹികളാവുന്നു. സർവകലാശാല പരീക്ഷ എഴുതാത്ത എസ്എഫ്ഐ നേതാക്കൾ പരീക്ഷ പാസാവുന്നു. ഡിവൈഎഫ്ഐക്കാർ വ്യാജരേഖ ചമച്ച് ഡോക്ടറേറ്റ് നേടുന്നു. എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. വ്യാജൻമാരുടെ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. എല്ലാം വെറും സാങ്കേതികപ്പിഴവാണെന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്. എന്തുകൊണ്ടാണ് എസ്എഫ്ഐക്കാർക്ക് മാത്രം സാങ്കേതികപ്പിഴവ് ഉണ്ടാകുന്നത്?’ – സുരേന്ദ്രൻ ചോദിച്ചു.

‘‘ഇതുവരെ ലോകകേരളസഭ കൊണ്ട് ഒരു രൂപയുടെ നിക്ഷേപം കേരളത്തിൽ വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ അഴിമതി ആരും പ്രതിരോധിക്കുന്നില്ലെന്ന വേവലാതിയാണ് മരുമകൻ മന്ത്രിക്കുള്ളത്. ഒരു ലജ്ജയുമില്ലാതെ തട്ടിപ്പ് നടത്തുന്നവരെ ന്യായീകരിക്കാൻ മന്ത്രിമാർക്കു പോലും പറ്റുന്നില്ല. കോൺഗ്രസിന്റെ ഭരണകാലത്ത് അഴിമതിപ്പണം വീതം വയ്ക്കുമായിരുന്നെങ്കിൽ ഇപ്പോൾ എല്ലാം മുഖ്യമന്ത്രിക്കു മാത്രമാണ് ലഭിക്കുന്നത്. അതാണ് അഴിമതിയെ പ്രതിരോധിക്കാൻ ആരും വരാത്തതിനു കാരണം. ജൂനിയർ മന്ത്രിമാരെ വച്ച് മരുമകനെക്കൊണ്ട് ഭരണം നടത്തിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്.’ – സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

‘‘കേരളത്തിലെ മന്ത്രിമാരിൽ ആർക്കും പ്രതിച്ഛായ ഇല്ല. ഇന്റർനെറ്റ് ഇത്രയും സുഗമമായി ലഭിക്കുന്ന നാട്ടിൽ കെ-ഫോൺ തട്ടിപ്പ് മാത്രം ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്. ഭൂമിക്ക് സംസ്ഥാനത്ത് അന്യായമായ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി കരം ഒരു മര്യാദയുമില്ലാതെയാണ് കൂട്ടുന്നത്. കേന്ദ്രസർക്കാർ കടം വാങ്ങൽ പരിധി കുറച്ചെന്നാണ് സംസ്ഥാന ധനകാര്യമന്ത്രി പറയുന്നത്. എന്നാൽ കണക്ക് ചോദിച്ചാൽ മന്ത്രിക്ക് മറുപടിയില്ല. നേരത്തെ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ ധനമന്ത്രി കള്ളം പറഞ്ഞ് ഒടുവിൽ നാണംകെടുകയായിരുന്നു.’ – സുരേന്ദ്രൻ പറഞ്ഞു.

‘‘കേരളത്തിൽ കർഷക ആത്മഹത്യ പതിവായിരിക്കുകയാണ്. കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സംസ്ഥാനത്തെ കർഷകരിലെത്തുന്നില്ല. സംസ്ഥാന സർക്കാർ കാണിക്കുന്ന അലംഭാവം കർഷകരെ ആത്മഹത്യയിലേക്കു നയിക്കുകയാണ്. നെൽക്കർഷകർക്ക് കേന്ദ്രവിഹിതം കൊടുത്തെങ്കിലും സംസ്ഥാന സർക്കാരിനു വിഹിതം കൊടുക്കാനാവുന്നില്ല. നെല്ല് സംഭരിച്ചതിന്റെ പണം ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല. മില്ലുടമകളുമായി ചേർന്ന് കർഷകരെ ദ്രോഹിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്നും ലോൺ എടുത്ത കർഷകർക്ക് ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന അവസ്ഥയാണുള്ളത്’ – സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran Takes A Dig At Pinarayi Vijayan And CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com