ADVERTISEMENT

ന്യൂഡൽഹി∙ റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് എതിരായ ലൈംഗികാതിക്രമ കേസിൽ വഴിത്തിരിവ്. ബ്രിജ് ഭൂഷണിന് എതിരെ പരാതി നൽകിയ 17 വയസ്സുകാരിയായ ഗുസ്തി താരത്തിന്റെ പിതാവാണു മലക്കംമറിഞ്ഞത്. ‘ദേഷ്യം കാരണമാണ്’ ഇങ്ങനെയൊരു പരാതി നൽകിയതെന്ന് ഇദ്ദേഹം പറയുന്നു.

‘‘റെസ്‌ലിങ് ഫെഡറേഷൻ എന്റെ മകളോടു വിവേചനം കാണിച്ചതിലുള്ള ദേഷ്യം കാരണമാണു ലൈംഗികാതിക്രമം ഉണ്ടായെന്ന കടുത്ത ആരോപണം ഉന്നയിച്ചത്. എന്റെ മകളോടു ബ്രിജ് ഭൂഷൺ അപമര്യാദയായി പെരുമാറിയിട്ടില്ല. സെക്‌ഷൻ 164 പ്രകാരം, മജിസ്ട്രേറ്റിനു മുൻപാകെ ഞങ്ങൾ മൊഴി തിരുത്തിയിരുന്നു. ഈ പോരാട്ടത്തിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. ഗുസ്തി താരങ്ങളുടെ കൂട്ടായ്മ പോലും ആദ്യ സമയത്തു സഹായിച്ചിരുന്നില്ല.

വാർത്തയായതോടെ കുടുംബം വലിയ ആഘാതത്തിലാണു കഴിഞ്ഞിരുന്നത്. ബ്രിജ് ഭൂഷണിന്റെ ഭാഗത്തുനിന്നു ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നു ജൂൺ അഞ്ചിനു സുപ്രീം കോടതിയിൽ ഞങ്ങൾ വിശദീകരിച്ചു. റെസ്‌ലിങ് ഫെഡറേഷൻ വിവേചനം കാണിക്കുന്നെന്ന ആരോപണം പിൻവലിച്ചിട്ടില്ല. മൊഴി മാറ്റിയതിനു പിന്നിൽ ഭയമോ സമ്മർദമോ ദുരാഗ്രഹമോ ഇല്ല. ഞങ്ങൾ കേസ് പിൻവലിച്ചിട്ടില്ല, മൊഴി മാറ്റുക മാത്രമാണു ചെയ്തത്’’– ഗുസ്തി താരത്തിന്റെ പിതാവ് ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

17 വയസ്സുള്ള താരം 2022ലുണ്ടായ ദുരനുഭവമാണു പരാതിയിൽ പറഞ്ഞിരുന്നത്. ചിത്രം എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമർത്തി നിർത്തിയെന്നും തോളിൽ അമർത്തി മോശമായി തൊട്ടുവെന്നും, ശല്യം ചെയ്യരുതെന്നു പറഞ്ഞിട്ടും കൂട്ടാക്കിയില്ലെന്നും എഫ്ഐആറിൽ പറയുന്നു. ഈ മൊഴി മജിസ്ട്രേട്ടിനു മുന്നിൽ ആദ്യം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽനിന്നു പിന്മാറിയാൽ അതു ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസുകളെ ദുർബലമാക്കിയേക്കും. 

ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീർക്കുമെന്ന് ഉറപ്പുകിട്ടിയതിനെ തുടർന്നു ഗുസ്തി താരങ്ങൾ താൽക്കാലികമായി സമരം നിർത്തി. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്തി താരങ്ങൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു തീരുമാനം. യുപി ലക്നൗവിലെയും ഗോണ്ടയിലെയും ബ്രിജ് ഭൂഷണിന്റെ വീടുകളിലെത്തിയ ഡൽഹി പൊലീസ്, അദ്ദേഹത്തിന്റെ അനുയായികളും ജീവനക്കാരുമായ 15 പേരെ ചോദ്യം ചെയ്തു.

English Summary: Minor Wrestler’s Father Makes U-Turn on Sexual Abuse Charges Against Brij Bhushan: ‘Accused Him in Anger...'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com