കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തിൽ തിര.കമ്മിഷന്റെ നീക്കമെന്ന് രാഘവൻ: ലക്ഷദ്വീപ് ഓർമിപ്പിച്ച് കോൺഗ്രസ്

mk-raghavan-main
എം.കെ.രാഘവൻ എംപി. ചിത്രം: facebook/mkraghavaninc
SHARE

കോഴിക്കോട്∙ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലിക്കെ, വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ആരംഭിച്ച തിരഞ്ഞെടുപ്പു കമ്മിഷനെതിരെ വിമർശനവുമായി കോൺഗ്രസ്. കേസിൽ ഇനിയും അന്തിമ വിധി വരാനിരിക്കെ, തിരക്കു പിടിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെ കോൺഗ്രസ് നേതാവും എംപിയുമായ എം.കെ.രാഘവൻ ചോദ്യം ചെയ്തു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ ലക്ഷദ്വീപ്  ഒരു പാഠമായുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

‘‘വളരെ ഗൗരവമുള്ള കേസാണിത്. നിലവിൽ കോടതിയുടെ പരിഗണനയിലുമാണ്. അതിനിടയ്ക്ക് ധൃതി പിടിച്ച് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം എന്തുമാത്രം വിജയിക്കുമെന്ന് പറയാനാകില്ല. ഇതു തന്നെയാണ് ലക്ഷദ്വീപ് എംപിയായ ഫൈസലിന്റെ കേസിലും സംഭവിച്ചത്. അവിടെ ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. ഇതിനു പിന്നാലെ കോടതി ഇടപെട്ട് മാറ്റുകയും ചെയ്തു. ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച് ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ടു പോകാനാകില്ല.’ – രാഘവൻ ചൂണ്ടിക്കാട്ടി.

‘‘ഇത് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിന്റെ ഫലമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന നീക്കമാകാം. എങ്കിലും ഇവിടെ കോടതിയുണ്ട്. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് എങ്ങനെയാണ്? അതൊരു മൗലികമായ ചോദ്യമാണ്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് കോൺഗ്രസ് തീരുമാനമെടുക്കും. ലക്ഷദ്വീപിൽ തിരക്കിട്ട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷന് പിന്നോട്ടു പോകേണ്ടി വന്നില്ലേ?’ – രാഘവൻ ചോദിച്ചു.

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോൾ ഇന്നു രാവിലെ എട്ടു മുതൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ആശ്വാസ കേന്ദ്രം ഗോഡൗണിൽ ആരംഭിക്കുകയാണെന്നും, ഈ സമയത്തും മോക്ക് പോൾ പൂർത്തിയാകുന്നതുവരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഡെപ്യൂട്ടി കലക്ടർ നോട്ടിസ് നൽകിയതാണ് വിവാദമായത്. നോട്ടിസ് ലഭിച്ച് സ്ഥലത്തെത്തിയ യുഡിഎഫ് പ്രതിനിധികവും തിരക്കിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന നീക്കത്തെ ചോദ്യം ചെയ്തു.

English Summary: MK Raghavan MP Criticises Election Commission Over Wayanad By Election Process

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS