‘എന്നാലും എന്‍റെ വിദ്യേ’: യുവ വനിതാ നേതാവിനെ പരിഹസിച്ച് പി.കെ.ശ്രീമതി

Mail This Article
കണ്ണൂർ ∙ ഗെസ്റ്റ് ലക്ചറര്‍ നിയമനത്തിനു എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച എസ്എഫ്ഐ നേതാവ് വിദ്യയെ കൈവിട്ട് പാര്‍ട്ടിയും. ‘എന്നാലും എന്‍റെ വിദ്യേ’ എന്ന് സിപിഎം നേതാവ് പി.കെ.ശ്രീമതി ഫെയ്സ്ബുക്കില്‍ കുറിച്ചു. വ്യാജരേഖ സമര്‍പ്പിച്ചെന്ന കേസില്‍ ആരെയും സംരക്ഷിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.
വ്യാജരേഖ ചമച്ച കേസിൽ, കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയായ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനി കെ.വിദ്യയ്ക്ക് (വിദ്യ വിജയൻ) എതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. കാലടി സംസ്കൃത സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന വിദ്യ മുൻപ് മഹാരാജാസിലും എസ്എഫ്ഐ നേതാവായിരുന്നു.
ഈമാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു വിദ്യ 2 സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർഥിയായിരുന്നു. ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്.
English Summary: PK Sreemathi against SFI leader Vidya in Maharajas College fake certificate case