ADVERTISEMENT

കൊച്ചി∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ, ആർഷോയുടെ വാദം തള്ളി പരീക്ഷാ വിഭാഗവും കോളജ് പ്രിൻസിപ്പലും. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ടുണ്ടായത് സാങ്കേതികപ്പിഴവല്ലെന്നും കരുതിക്കൂട്ടിയുള്ള ക്രമക്കേടാണെന്നും വകുപ്പിലെ ചിലർ ഗൂഢാലോചന നടത്തിയാണ് തന്റെ പേര് മാർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നുമുള്ള വാദത്തിലായിരുന്നു ആർഷോ.

ഇന്നലെ പറഞ്ഞ കാര്യത്തിൽ നിന്നു മാറ്റങ്ങളൊന്നുമില്ലെന്നു മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വി.എസ്.ജോയ് പറഞ്ഞു. സാങ്കേതികപ്പിഴവു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അതു തെളിയിക്കുന്ന രേഖകൾ കൈവശമുണ്ട്. ഒരാൾക്കു മാത്രമല്ല അങ്ങനെ സംഭവിച്ചത്. വേറെ കുട്ടികൾക്കും അങ്ങനെ വന്നിട്ടുണ്ട്. വിവിധ സെമസ്റ്ററുകളിൽ എൻഐസി സോഫ്റ്റ്‌വെയർ പ്രശ്നമുണ്ട്. അതുകൊണ്ട് സോഫ്റ്റ്‌വെയർ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തെളിവുകളാണ്.

ഫലങ്ങളുടെ ഉൾപ്പെടെ കൺട്രോൾ പാനൽ നിലവിൽ എൻഐസിയുടെ കയ്യിലാണ്. ഞങ്ങൾ ഡേറ്റ എന്റർ ചെയ്യുക മാത്രമാണു ചെയ്യുന്നത്. കോളജിൽ സൈറ്റിൽ ഉള്ളത് മാർക്ക് ലിസ്റ്റല്ല. മാർക്കിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ്. എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ മാനുവലായി പരിഹരിച്ചാണ് മാർക്ക് ലിസ്റ്റായി കൊടുക്കുന്നത്. അങ്ങനെ വരുന്നതു സോഫ്റ്റ്‌വെയർ പ്രശ്നംമൂലമാണ്. മാർക്ക് ലിസ്റ്റ് കൊടുക്കുന്നത് പ്രത്യേക പ്രിന്റൗട്ടിലാണ്.

ആർഷോ അഡ്മിഷൻ വാങ്ങിച്ചത് 2020– 21 ബാച്ചിലാണ്. ആർഷോ ജയിലിൽ ആയിരുന്നതിനാൽ, മൂന്നാം സെമസ്റ്റർ പരീക്ഷാ സമയത്ത് അറ്റൻഡൻസ് ഇല്ലാത്തതിനാൽ റോൾഔട്ട് ആക്കി. പിന്നെ, നാലാം സെമസ്റ്ററിലേക്ക് 2021–22 ബാച്ചിന്റെ കൂടെ ആർഷോ റീ അഡ്മിഷൻ എടുത്തു. അതിനിടയ്ക്കാണ് തൊട്ടുമുൻപത്തെ സെമസ്റ്റർ പരീക്ഷ വരുന്നത്. അന്ന് ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ, ഒരു പരീക്ഷ പോലും എഴുതിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

2020 ബാച്ചിൽ മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗത്തിൽ പ്രവേശിച്ച താൻ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിട്ടില്ലെന്നാണ് ആർഷോ സമൂഹമാധ്യമങ്ങളിൽ ഇന്നെഴുതിയത്. ആ പരീക്ഷ നടക്കുമ്പോൾ എറണാകുളം ജില്ലയിൽ താൻ ഇല്ലായിരുന്നു. സെമസ്റ്ററിലെ 5 വിഷയങ്ങളിലും ആബ്സന്റ് ആയിരുന്നു, പരീക്ഷയ്ക്കുശേഷം 2022 ഒക്ടോബർ മാസം 26ന് ഉച്ചയ്ക്ക് 1.42നു ഫലം പ്രസിദ്ധീകരിക്കുകയും അതിൽ കൃത്യമായി പരീക്ഷ എഴുതിയിട്ടില്ലെന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ പ്രചരിക്കുന്ന മാർക്ക്‌ ലിസ്റ്റ് 2021 ബാച്ച് വിദ്യാർഥികളുടെ റ‌ഗുലർ പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആ റഗുലർ പരീക്ഷ എഴുതേണ്ട ആളല്ല താനെന്നും അങ്ങനൊരു പരീക്ഷ എഴുതാൻ ഫീസ് അടയ്ക്കുകയോ റജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആർഷോ പറയുന്നു.

English Summary: Maharajas College Principal on controversy over the marklist of P.M.Arsho

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com