തിരുവനന്തപുരം∙ ടെലിവിഷൻ പരിപാടി കാണാൻ പോയ അനുജത്തിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ പ്രതി സുധീഷിന് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടെതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണം.
2021 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അനുജത്തി സമീപത്തുള്ള പ്രതിയുടെ വീട്ടിൽ ടിവി കാണാൻ പോയപ്പോൾ പ്രതി വീടിനു മുന്നിൽ ഇരിക്കുകയായിരുന്നു. കുട്ടി തിരിച്ച് ഇറങ്ങിയപ്പോൾ പ്രതി കുട്ടിയെ കടന്ന് പിടിച്ചു. ഈ സംഭവം കുട്ടി പ്രതിയുടെ അമ്മയോട് പറഞ്ഞു. അമ്മ പ്രതിയെ പറഞ്ഞ് വിലക്കിയെങ്കിലും പ്രതി അസഭ്യം വിളിച്ചു. അമ്മ ജോലിക്ക് ശേഷം വീട്ടിൽ എത്തിയപ്പോൾ കുട്ടി വിവരം പറഞ്ഞു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈനാണ് പൂജപ്പുര പൊലീസിൽ വിവരം അറിയിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. ആർ വൈ.അഖിലേഷ് എന്നിവർ ഹാജരായി.പൂജപ്പുര എസ് ഐമ്മാരായിരുന്ന അനൂപ് ചന്ദ്രൻ, പ്രവീൺ. വി.പി എന്നിവരാണ് കേസ് അന്വേഷിച്ചത്.
English Summary: The accused was sentenced to six years in prison and fined for trying to molest a minor girl