ADVERTISEMENT

കൊച്ചി∙ ഇടപ്പള്ളിയിലെ ഹോട്ടലിൽ പാലക്കാട്‌ സ്വദേശിനിയെ കൊലപ്പെടുത്തിയതു സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കത്തെ തുടർന്നെന്നു പ്രതി വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി ജെസിൽ ജലീലിന്റെ (36) മൊഴി. പാലക്കാട് തിരുനെല്ലായി സ്വദേശി ലിൻസിയാണു (26) കൊല്ലപ്പെട്ടത്.

കൊച്ചിയിൽ പരിചയപ്പെട്ട ജെസിലും ലിൻസിയും ഇടപ്പള്ളിയിൽ ഒരുമിച്ചു താമസിക്കുകയായിരുന്നു. വ്യാജവിവാഹ സർട്ടിഫിക്കറ്റ് തയാറാക്കി വിദേശത്തേക്കു കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി നാലു ലക്ഷം രൂപ നൽകിയതായി പ്രതി മൊഴി നൽകി. ഓഹരി വിപണിയിൽ നിന്നു 4.50 കോടി രൂപ ലഭിക്കാനുണ്ടെന്നും അപ്പോൾ 10 ലക്ഷം രൂപ നൽകാമെന്നും ലിൻസി പറഞ്ഞതായും പ്രതി പൊലീസിനോടു പറഞ്ഞു.

എന്നാൽ ലിൻസിക്ക് നിക്ഷേപമില്ലെന്ന് മനസ്സിലായപ്പോൾ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടാകുകയും ലിൻസിയെ പ്രതി മർദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. എന്നാൽ ഇക്കാര്യം മറച്ചുവച്ച പ്രതി ജെസിൽ കുളിമുറിയിൽ തെന്നിവീണു ലിൻസി ബോധരഹിതയായെന്നാണു ബന്ധുക്കളെ ഫോണിൽ അറിയിച്ചത്. ബന്ധുക്കളെത്തി ലിൻസിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു.

‘ആൻ’ എന്ന സുഹൃത്തു വഴിയാണു വിദേശത്തേക്കു പോവാൻ ഇവർ ഒരുങ്ങിയത്. ആൻ പിന്നീട് ജെസിലുമായും ആശയവിനിമയം നടത്തി. എന്നാൽ ഈ ‘ആൻ’ ലിൻസി തന്നെയാണെന്നാണു ചോദ്യം ചെയ്യലിൽ ജെസിൽ പൊലീസിനോടു പറഞ്ഞത്. ഇതേച്ചൊല്ലിയാണ് ഇവർ തമ്മിൽ തർക്കം തുടങ്ങിയത്. 

എന്നാൽ ഒരുമിച്ചു താമസിക്കുമ്പോഴും ജെസിൽ വിവാഹിതനാണെന്ന കാര്യം ലിൻസിക്ക് അറിയില്ലായിരുന്നെന്നും ഇതറിഞ്ഞപ്പോഴാണു വാക്കുതർക്കം ഉണ്ടായതെന്നുമാണു ലിൻസിയുടെ ബന്ധുക്കളുടെ സംശയം. ഇക്കാര്യം അവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബോധരഹിതയായിട്ടും അതിന്റെ ഗൗരവം ബന്ധുക്കളോടു പറയാനോ ലിൻസിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനോ ജെസിൽ തയാറാകാതിരുന്നതാണു ലിൻസി കൊല്ലപ്പെടാൻ കാരണമായതെന്നാണു പൊലീസിന്റെ നിഗമനം. 

പാലക്കാടു നിന്ന് ഇടപ്പള്ളിയിലെത്തിയ ബന്ധുക്കൾ, പുറമേ കാര്യമായ പരുക്കുകൾ കാണാതിരുന്നതിനാൽ ലിൻസിയുമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു തിരിച്ചു. എന്നാൽ അങ്കമാലി എത്തിയപ്പോൾ ശരീരത്തിൽ അസ്വാഭാവികമായ തണുപ്പ് അനുഭവപ്പെട്ടതിനാൽ അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ലിൻസിക്കു കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്നു ജെസിൽ വിശ്വസിപ്പിച്ചതിനാലാണ് കൊച്ചിയിലെ ഏതെങ്കിലും ആശുപത്രിയിലേക്കു പോകാതെ ബന്ധുക്കൾ അവർക്കു സൗകര്യപ്രദമായ തൃശൂരിലെ ആശുപത്രിയിലേക്കു  കൊണ്ടുപോയതെന്നാണു പൊലീസിന്റെ നിഗമനം. ലിൻസിയും ജെസിലും ബെംഗളൂരുവിലാണെന്നാണു ബന്ധുക്കൾ വിശ്വസിച്ചിരുന്നത്. 

ജെസിലിന്റെ മൊഴികൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

English Summary: Woman found dead at hotel room in Kochi- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com