കണ്ണൂർ∙ ഗസ്റ്റ് ലക്ചറർ നിയമനത്തിന് മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച മുൻഎസ്എഫ്ഐ നേതാവ് വിദ്യയെ കൈവിട്ട് സിപിഎം. വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.
‘ ഒരു തിരഞ്ഞെടുപ്പാകുമ്പോൾ പലരും മത്സരിക്കും, അവരെല്ലാം നേതാക്കളാണോ?. കോളജിൽ തിരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ട് ലഭിക്കാൻ സാധ്യതയുള്ള പലരേയും മത്സരിപ്പിക്കും. അവരെല്ലാം നേതാക്കളല്ല. വിദ്യ ചെയ്തത് തെറ്റാണ്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത നടപടികളെ പ്രശംസിക്കുകയാണ് ചെയ്യേണ്ടത്. ഒരു കുട്ടി തെറ്റായ നിലപാട് സ്വീകരിച്ചാൽ എല്ലാവരും കൂടെ എതിർക്കണം ’– ഇ.പി.ജയരാജൻ പറഞ്ഞു
എസ്എഫ്ഐയെ തകർക്കാനും നശിപ്പിക്കാനും ശ്രമിക്കരുത്. എസ്എഫ്ഐക്കാർ തെറ്റ് ചെയ്യുന്നത് നോക്കിയാണ് പലരും നടക്കുന്നത്. തെറ്റ് പലരും ചെയ്തിട്ടുണ്ടാകും. ഫോട്ടോ നോക്കി ആരെയും വിലയിരുത്തരുത്. എതെല്ലാം നേതാക്കളുടെ കൂടെ ആരെല്ലാം ഫോട്ടോയെടുത്തിട്ടുണ്ട്. പലരും നേതാക്കളുടെ കൂടെ ഫോട്ടെയെടുക്കും. എവിടെ ചെന്നാലും ഫോട്ടോയെടുക്കാൻ ആളുകൾ വരും. ഉമ്മൻചാണ്ടിയുടെ കൂടെ തന്നെ പലരുടെ ഫോട്ടോയുള്ളത് പുറത്ത് വന്നില്ലേ? ഒരു തരത്തിലുള്ള തെറ്റായ പ്രവണതയും എസ്എഫ്ഐയും ഇടതുപക്ഷവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യ ഒറ്റയ്ക്കാണ് വ്യാജ തിരിമറി നടത്തിയതെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രാജീവ് ഗാന്ധിയെ കൊന്നത് ഒരു സ്ത്രീ ഒറ്റയ്ക്കല്ലെ എന്നാണ് ഇ.പി.ജയരാജൻ പ്രതികരിച്ചത്.
വിദ്യയെ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. വ്യാജ രേഖ ചമച്ചതിലൂടെ വിദ്യ ചെയ്തത് വലിയ തെറ്റാണെന്ന ബോധ്യത്തിലാണ് സിപിഎം. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ കെ.വിദ്യയ്ക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary: E.P.Jayarajan on K.Vidhya's fake certificate controversy