അമ്മയോടും മകളോടും വിരോധം, മഴുകൊണ്ട് വെട്ടി, ആക്രമണം ആസൂത്രിതം: എഫ്ഐആർ
Mail This Article
മാവേലിക്കര∙ മാവേലിക്കരയിൽ ആറരവയസ്സുകാരിയെ പിതാവ് മഹേഷ് അതിക്രൂരമായി വെട്ടിക്കൊന്ന കേസിലെ എഫ്ഐആർ വിവരങ്ങൾ ഞെട്ടിക്കുന്നത്. മകളോടും അമ്മയോടുമുള്ള ഏതോ വിരോധം നിമിത്തമാണു പ്രതി കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആറിലുള്ളത്. കൊല്ലണമെന്ന ഉദേശ്യത്തോടു കൂടിയായിരുന്നു ആക്രമണം. ഇന്നലെ വൈകിട്ട് എഴുമണിക്കായിരുന്നു കൊലപാതകം. വീട്ടിലെ സിറ്റൗട്ടിൽ വച്ച് മഴു ഉപയോഗിച്ചാണു പ്രതി മകളെ വെട്ടിയത്. വീടിന്റെ മുറ്റത്തുവച്ച് അമ്മ സുനന്ദയുടെ നെറ്റിയിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു.
ഇന്നലെ രാത്രിയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണു കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിക്കുകയായിരുന്നു. സുനന്ദയുടെ നെറ്റിക്കാണു വെട്ടേറ്റത്. ഇവരെ നാട്ടുകാരാണു മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലാണു സുനന്ദ.
അതേസമയം മാവേലിക്കര സബ് ജയിലിൽ കഴിയുന്ന പ്രതി ആത്മഹത്യാശ്രമം നടത്തി. ജയിലില്‍വച്ചു കഴുത്തു മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: FIR report depict cruel murder that happened in Mavelikara