പൊതുമേഖലയിൽ ചൈനീസ് ഉൽപന്നങ്ങൾ വേണ്ടെന്നു കേന്ദ്രം; കെ ഫോണിന് കുരുക്കോ?

CHINA-Economy
ചൈനയിലെ പ്രശസ്തമായ ഡ്രാഗൺ ഡാൻസ്. (Image is for Representative Purpose - AFP/ CHINA OUT)
SHARE

ന്യൂഡൽഹി ∙ ചൈനീസ് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫിസുകള്‍ക്കും നിർദേശം നൽകി കേന്ദ്രം. താരതമ്യേന വിലക്കുറവാണെന്ന നേട്ടമുണ്ടെങ്കിലും സാങ്കേതിക ഉപകരണങ്ങളിൽ ചൈനയോടുള്ള ആശ്രയത്വം കുറയ്ക്കണം. അതിർത്തി സംഘർഷം, സൈബർ ആക്രമണം തുടങ്ങിയവ കണക്കിലെടുത്താണു നിർദേശമെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന കേരള സർക്കാരിന്റെ കെ–ഫോൺ പദ്ധതിയിൽ ചൈനീസ് കേബിളുകൾ ഉപയോഗിക്കുന്നതായി വിമർശനമുണ്ടായിരുന്നു.

ചൈനീസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന മേഖലകളുടെ പട്ടിക തയാറാക്കിയാണു നിർദേശം കൈമാറിയത്. ത്രിഡി പ്രിന്റിങ്, തുറമുഖ ക്രെയിനുകളിലെ സ്കാഡ സിസ്റ്റംസ്, ഡേറ്റാ ടെക്നോളജി, സോഫ്റ്റ്‌വെയർ തുടങ്ങിയ മേഖലകളിൽ ചൈനീസ് സാങ്കേതികവിദ്യകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണു മുന്നറിയിപ്പ്. ആണവോർ‌ജം, ബ്രോഡ്കാസ്റ്റിങ്, മാധ്യമങ്ങൾ, പ്രതിരോധം, ബഹിരാകാശം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ഊർജം, വ്യോമയാനം, ഖനനം, റെയിൽവേ, ആരോഗ്യം, ഗ്രാമീണ ഗതാഗതം തുടങ്ങിയ അതിപ്രധാന മേഖലകളിലും ചൈനീസ് വസ്തുക്കളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു. ഇന്ത്യയിലേക്കു മാത്രമല്ല, ആഗോളതലത്തിൽ ഒട്ടേറെ രാജ്യങ്ങളിലേക്കു വലിയതോതിൽ സാധനങ്ങളും സാങ്കേതികവിദ്യയും ചൈന വിതരണം ചെയ്യുന്നുണ്ട്. മറ്റുള്ളവരേക്കാള്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത് ഇന്ത്യൻ പൊതുമേഖല– സർക്കാർ സ്ഥാപനങ്ങളുടെ കരാര്‍ നേടിയെടുക്കുക എന്നത് ചൈനീസ് കമ്പനികള്‍ പ്രയോഗിക്കുന്ന രീതിയാണ്.

ഈ സാഹചര്യം മറികടക്കാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മാർഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടേറിയറ്റ് നടപടി സ്വീകരിച്ചിരുന്നു. ഒരു വർഷം നീളുന്ന ബോധവൽക്കരണ പരിപാടികൾ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും. ചൈനീസ് ഉൽപന്നങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യതകൾ ബോധ്യപ്പെടുത്തും. പൂർണ നിരോധനമല്ല, പ്രധാന മേഖലകളിലെ ചൈനീസ് സാന്നിധ്യം കുറയ്ക്കുകയാണു ലക്ഷ്യമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

India-china-flags
ഇന്ത്യയുടെയും ചൈനയുടെയും പതാകകൾ.

ഇന്ത്യൻ നിർമിത ഉൽപന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കേരള സർക്കാരിന്റെ കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിളാണെന്ന വിവരം പുറത്തുവന്നിരുന്നു. എൽഎസ് കേബിൾ എന്ന കമ്പനി ഇന്ത്യൻ നിർമിതമെന്ന പേരിൽ നൽകിയ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. ഒപിജിഡബ്ല്യു കേബിളിന്റെ ആകെ വിലയിൽ 70% വരുന്ന സുപ്രധാന ഘടകങ്ങളാണു ‘ടിജിജി ചൈന’ കമ്പനിയിൽനിന്നു വാങ്ങിയത്. വില ആറിരട്ടിയോളം കൂടുതലുമായിരുന്നു.

English Summary: Indian Government Does It Again, PSUs And Government Bodies Have Been Warned Of The Potential Risks Associated With Chinese Investments And Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഗോപാംഗനേ...

MORE VIDEOS