ADVERTISEMENT

കോട്ടയം∙ സോളർ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും ഇടതു മുന്നണിയെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സിപിഐ നേതാവ് സി.ദിവാകരന്റെയും ഡിജിപിയായിരുന്ന എ.ഹേമചന്ദ്രന്റെയും വെളിപ്പെടുത്തലുകൾ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്ന് വിമര്‍ശനം. പ്രസ്താവനകള്‍ക്കപ്പുറം വിഷയം ചര്‍ച്ചയാക്കിയില്ലെന്ന് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പരസ്യ പ്രതികരണവുമായി കെ.സി. ജോസഫ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തി. വെളിപ്പെടുത്തലുകളിൽ ഉത്തരവാദപ്പെട്ടവർ പോലും പ്രതികരിച്ചില്ല. രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനു പകരം ഈ വെളിപ്പെടുത്തലുകളെ ലാഘവത്തോടെ തള്ളിയെന്നാണ് ആരോപണം. സോളർ കേസിലെ വെളിപ്പെടുത്തലുകൾ പാർട്ടി നേതൃത്വം ഗൗരവത്തോടെ കാണേണ്ടിയിരുന്നുവെന്ന് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി.

‘‘സോളർ കമ്മിഷന്റെ റിപ്പോർട്ട് വന്ന സമയത്ത് ഉമ്മൻ ചാണ്ടി നടത്തിയൊരു പരാമർശമുണ്ട്. ആത്യന്തികമായി സത്യം ജയിക്കും. സത്യം ആർക്കും മൂടിവയ്ക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ ആ പരാമർശത്തെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകാൻ മാർക്സിസ്റ്റ് പാർട്ടി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറിയതല്ലാതെ, സിപിഎം പോലും കൃത്യമായ മറുപടി നൽകിയില്ല’’ – കെ.സി.ജോസഫ് ചൂണ്ടിക്കാട്ടി.

‘‘ഇതിനു പിന്നാലെയാണ് ഇപ്പോൾ സി.ദിവാകരന്റെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. പിന്നീട് അദ്ദേഹം പലതും മാറ്റിമാറ്റി പറയാൻ ശ്രമിച്ചെങ്കിലും അതു സമ്മർദ്ദത്തിൽനിന്നാണെന്നു വ്യക്തം. അ‍ഞ്ച് കോടി രൂപ വാങ്ങിയിട്ടാണ് കമ്മിഷൻ റിപ്പോർട്ട് നൽകിയതെന്നായിരുന്നു ആരോപണം. അന്ന് ഇടതുമുന്നണിയിലെ പ്രമുഖനായ നേതാവായിരുന്നു ദിവാകരൻ. സിപിഐയുടെ പാർലമെന്ററി പാർട്ടി ലീഡറും. അദ്ദേഹത്തിന് എൽഡിഎഫിലെ ഓരോ നീക്കങ്ങളും ചലനങ്ങളും അന്തർ നാടകങ്ങളും അറിയാവുന്നതാണ്.

അദ്ദേഹം ആദ്യം പറഞ്ഞത് 5 കോടി രൂപ കമ്മിഷൻ കോഴ വാങ്ങിയെന്നാണ്. ഇതിനു പിന്നാലെയാണ് അന്ന് സോളർ കേസ് അന്വേഷിച്ച ഡിജിപിയായിരുന്ന ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ വരുന്നത്. അദ്ദേഹത്തിന്റെ സർവീസ് സ്റ്റോറിയിലാണ് ഇതെല്ലാം പറയുന്നത്. സോളർ കമ്മിഷനെക്കുറിച്ച് ആദ്യം മുതലേ പല ആരോപണങ്ങളുമുണ്ട്. ഒരു തട്ടിപ്പ് കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷൻ, പരാതിക്കാരിയുടെ സ്വകാര്യ ജീവിതവും അതുമായി ബന്ധപ്പെട്ട അറപ്പുളവാക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യാനാണ് സമയം ചെലവഴിച്ചത്.‌

പൊലീസുകാർ അന്നുതന്നെ കമ്മിഷനെതിരെ പരാതിപ്പെട്ടിരുന്നു. ജുഡീഷ്യൽ കമ്മിഷന്റെ നിലവാരം തന്നെ അദ്ദേഹം തകർത്തു. പൈങ്കിളിക്കഥകളും അശ്ലീലം കലർന്ന കമന്റുകളും പറഞ്ഞു രസിക്കുകയായിരുന്നു കമ്മിഷൻ. സോളർ കമ്മിഷനുമായി ബന്ധപ്പെട്ട ദിവാകരന്റെയും ഹേമചന്ദ്രന്റെയും വെളിപ്പെടുത്തലുകൾ ഗുരുതരമാണ്. ഇക്കാര്യത്തിൽ സത്യം പുറത്തു കൊണ്ടുവരാൻ സർക്കാരിനു ചുമതലയുണ്ട്. പ്രത്യേകിച്ചും ഈ സമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നത് മാർക്സിസ്റ്റ് പാർട്ടിയായിരുന്നു. അവർ നിലപാടു വ്യക്തമാക്കണം. സത്യം പുറത്തു കൊണ്ടുവരണം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസിനുള്ളിൽത്തന്നെ ചില വീഴ്ചകളുണ്ടായെന്ന് കെ.സി.ജോസഫ് വിമർശിച്ചു. ‘‘പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും യുഡിഎഫ് കൺവീനർ എം.എം. ഹസനും ഞാനുമാണ് പ്രതികരണം നടത്തിയത്. പക്ഷേ, പാർട്ടി ഇതു കുറച്ചുകൂടി ഗൗരവത്തിൽ എടുക്കേണ്ടതായിരുന്നു. കാരണം, ഒരു പാർട്ടിയെ ഭരണത്തിൽനിന്നു താഴെയിറക്കാനും പിണറായി വിജയനെ ഭരണത്തിലേറാനും സഹായിച്ച കേസാണിത്. അന്നുണ്ടായ അപവാദ പ്രചാരണങ്ങളാണു ഭരണമാറ്റത്തിനു പിന്നിൽ. ഇതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയോട് എന്തു ക്രൂരതയാണ് കാട്ടിയതെന്ന് എല്ലാവർക്കും അറിയാം. അന്നത്തെ കമ്മിഷന്റെ പിന്നാമ്പുറ കഥകൾ പുറത്തു വരുമ്പോൾ കോൺഗ്രസ് പാർട്ടി അതു കുറച്ചുകൂടി ഗൗരവത്തോടെ എടുക്കേണ്ടതായിരുന്നു.

നല്ലൊരു പ്രചാരണായുധം ലഭിക്കുമ്പോൾ അൽപം വൈകിയാണെങ്കിലും കോൺഗ്രസ് നേതൃത്വം ഇത് ഗൗരവത്തിലെടുക്കണം. ഉമ്മൻ ചാണ്ടിയുടെ സത്യസന്ധതയും സംശുദ്ധമായ പൊതുജീവിതവും വെളിപ്പെടുന്ന അവസരത്തിൽ മാർക്സിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്താൻ ലഭിക്കുന്ന അവസരമാണിത്. ഇതു പറഞ്ഞത് സിപിഐ നേതാവും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനുമാണ്. അതു വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കണം’’ – കെ.സി.ജോസഫ് പറഞ്ഞു.

English Summary: Debate on solar case in congress party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com