500 രൂപ പിന്‍വലിച്ച്, 1000 രൂപ വീണ്ടും വരുമോ?: വ്യക്തത വരുത്തി ആർബിഐ
Mail This Article
ന്യൂഡല്‍ഹി ∙ കറൻസി നോട്ടുകൾ സംബന്ധിച്ച ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തി റിസർവ് ബാങ്ക് (ആർബിഐ). 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ 1000 രൂപ നോട്ടുകള്‍ വീണ്ടും പ്രചാരത്തില്‍ കൊണ്ടുവരാനോ പദ്ധതിയില്ലെന്ന് ആർബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
‘‘പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ 50% 2000 രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. ഇതിന്റെ മൂല്യം 1.80 ലക്ഷം കോടി രൂപയാണ്. 85% നോട്ടുകളും നിക്ഷേപമായാണു തിരിച്ചെത്തിയത്. നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ ജനം തിരക്കു കൂട്ടേണ്ടതില്ല. സൗകര്യപ്രദമായ സമയത്ത് ബാങ്കിൽ എത്തിയാൽ മതി. എന്നാൽ, സെപ്റ്റംബറിലെ അവസാന 10–15 ദിവസം ദയവായി ധൃതി കാണിക്കരുത്.’’– ശക്തികാന്ത ദാസ് വ്യക്തമാക്കി.
മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3.62 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളാണു പ്രചാരത്തിലുള്ളത്. സെപ്‌റ്റംബർ 30 വരെ 2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയും. മേയ് 19നാണ് 2000 രൂപ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് 2016 നവംബറിലാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്.
English Summary: RBI not thinking of withdrawing ₹500, re-introducing ₹1,000 notes: Governor