13കാരിയെ പീഡിപ്പിച്ച് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ; ഭോജ്പുരി ഗായകൻ അറസ്റ്റിൽ
Mail This Article
ഗുരുഗ്രാം∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഭോജ്പുരി ഗായകൻ അറസ്റ്റിൽ. പെൺകുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ബിഹാർ സ്വദേശിയും ബാബുൽ ബിഹാറി എന്ന പേരിൽ അറിയപ്പെടുന്ന ഭോജ്പുരി ഗായകനുമായ അഭിഷേക് (21) ആണ് അറസ്റ്റിലായത്.
ഇയാളുടെ യൂട്യൂബ് ചാനലിൽ 27,000 ഫോളോവർമാരുണ്ട്. രണ്ടു വർഷം മുൻപ് അഭിഷേക് രാജീവ് നഗറിൽ താമസിച്ചപ്പോൾ പതിമൂന്നുകാരിയെ സൗഹൃദം നടിച്ചു വശത്താക്കി ഹോട്ടൽ മുറിയിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്. ഇതിനു പിന്നാലെ പെൺകുട്ടിയുടെ ചിത്രങ്ങളും പകർത്തി.
സംഭവത്തിനുശേഷം ഇയാളോടു പെൺകുട്ടി അകലം പാലിച്ചു നടക്കുകയായിരുന്നു. ആരോടും ഇയാളെക്കുറിച്ചു പറഞ്ഞിരുന്നുമില്ല. എന്നാൽ കുറച്ചുദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ ഇയാൾ പങ്കുവച്ചു. ഇതേത്തുടർന്ന് കുടുംബം ചോദിച്ചപ്പോഴാണ് പെൺകുട്ടി വിവരങ്ങൾ പറഞ്ഞത്. ബുധനാഴ്ച കുടുംബം പരാതി നൽകി.
പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയശേഷം പോക്സോ പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ അഭിഷേകിനെ സെക്ടർ 14 പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ അഭിഷേകിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കു വിട്ടു.
English Summary: Bhojpuri Singer Arrested For Raping Girl, 13, Posting Photos On Instagram