‘പാർട്ടി പിടിക്കാൻ നീക്കം’: സതീശനെതിരെ എ, ഐ ഗ്രൂപ്പുകള്‍; ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനം
Mail This Article
തിരുവനന്തപുരം ∙ കോണ്‍ഗ്രസിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ എ, ഐ ഗ്രൂപ്പുകളുടെ സംയുക്തയോഗം. മാസ്ക്കറ്റ് ഹോട്ടലിലാണ് യോഗം നടന്നത്. ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബ്ലോക്ക് പുനഃസംഘടന, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്, പാർട്ടിയിൽ വി.ഡി.സതീശനും കെ.സുധാകരനും ഏകാധിപത്യപരമായി പെരുമാറുന്നതായുള്ള ആരോപണം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. പ്രശ്നങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനിച്ചു.
പാർട്ടി പിടിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും അനുയായികളുടെയും നീക്കമെന്ന് യോഗത്തില്‍ വിമർശനമുണ്ടായി. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാൻ സതീശൻ തയാറാകുന്നില്ല. പാർട്ടി പുനഃസംഘടനാ ചർച്ച വിജയിക്കാത്തതിന്റെ കാരണം സതീശനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ച ഗ്രൂപ്പ് നേതൃത്വം പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാനും തീരുമാനിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ തിരഞ്ഞെടുത്തതിൽ അപാകതയില്ലെന്ന് ഔദ്യോഗിക നേതൃത്വം അവകാശപ്പെടുന്നു. 282 ബ്ലോക്ക് പ്രസിഡന്റുമാരിൽ 180പേരെ സംസ്ഥാനതല പുനഃസംഘടനാ സമിതി നിർദേശിച്ചതാണ്. സമിതിയിൽ എ ഗ്രൂപ്പിൽനിന്നും പ്രതിനിധികളുണ്ടായിരുന്നു. 282ൽ 112 ബ്ലോക്കുകളിലാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മാത്രമായി പ്രസിഡന്റുമാരെ വച്ചത്. ഇതിൽ ഇരുവരും സ്വന്തം നിലയ്ക്ക് നിർദേശിച്ചവർ വളരെ കുറവാണെന്നാണ് ഇരുവരെയും അനുകൂലിക്കുന്നവർ പറയുന്നത്. അവസാനവട്ട ചർച്ചകളിൽ മുൻ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തലയെയും എം.എം.ഹസനെയും കെ.മുരളീധരനെയും വിളിക്കാത്തതും എ, ഐ ഗ്രൂപ്പുകളുടെ യോഗത്തിൽ വിമർശന വിധേയമായി.
യൂത്ത് കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് ആളെ തിരഞ്ഞെടുക്കുന്നതും യോഗം ചർച്ച ചെയ്തു. എ ഗ്രൂപ്പ് അഭിജിത്തിന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ടു വയ്ക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഗ്രൂപ്പ് എതിർക്കുന്നു. എല്ലാ പ്രശ്നങ്ങളും പറഞ്ഞുതീർത്ത് സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാരൻ മാധ്യമങ്ങളോട് പറഞ്ഞു. പുനഃസംഘടനയ്ക്കായി ഉപസമിതി വച്ച് ജില്ലയിലും സംസ്ഥാനത്തിലും ചർച്ച നടത്തിയത് മുൻപ് ഉണ്ടായിട്ടില്ല.
എല്ലാവരുമായും ചർച്ച നടത്തിയാണ് തീരുമാനം എടുത്തത്. ചർച്ച നടത്തിയില്ലെന്നത് നുണയാണ്. പരാതിക്കാരെ നേരിൽ കണ്ട് ചർച്ച നടത്തും. ചെന്നിത്തലയുമായും ഹസനുമായും ചർച്ച നടത്തുമെന്നും കെ.സുധാകരൻ പറഞ്ഞു. ഗ്രൂപ്പുകളുടെ ഉന്നം വി.ഡി.സതീശനാണോ എന്ന ചോദ്യത്തിന് സതീശന്‍ ചെയ്ത പാതകം എന്താണെന്ന് അറിയില്ലെന്ന് സുധാകരന്‍ മറുപടി നല്‍കി.
English Sumamry: Congress A and I Group Against VD Satheesan