ADVERTISEMENT

ഭുവനേശ്വർ∙ 288 പേർ മരിച്ച ബാലസോർ ദുരന്തം സൃഷ്ടിച്ച നടുക്കം മാറും മുൻപേ, ഒഡീഷയിൽ ഓടുന്ന ട്രെയിനിൽ തീപിടിത്തം.  വ്യാഴാഴ്ച വൈകിട്ട് നുവപാദ ജില്ലയിൽവച്ച് ദുർഗ്–പുരി എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിലാണ് തീ കണ്ടത്. ഉടൻ തന്നെ തീ അണച്ചതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. സംഭവത്തിൽ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിവരം.

ദുർഗ്–പുരി എക്സ്പ്രസ് ട്രെയിനിന്റെ ബി 3 കോച്ചിലാണ് തീ കണ്ടതെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. ട്രെയിൻ ഖരിയാർ റോഡ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. 

‘‘സാങ്കേതിക പ്രശ്നം കാരണം ട്രെയിനിന്റെ ബ്രേക്ക് പാഡുകൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻതന്നെ ശ്രദ്ധയിൽപെട്ടതിനാൽ തീ ബ്രേക്ക് പാഡുകളിൽ ഒതുക്കി നിർത്താനായി. ട്രെയിനിന് നാശനഷ്ടങ്ങളില്ല’ – റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. തീപിടിച്ചതിനു പിന്നാലെ സ്റ്റേഷനിൽ പിടിച്ചിട്ട ട്രെയിൻ, പ്രശ്നങ്ങളില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷം രാത്രി 11ന് സ്റ്റേഷൻ വിട്ടു.

അതേസമയം, യാത്രയ്‌ക്കിടെ ട്രെയിൻ കോച്ചിൽ തീ കണ്ടത് യാത്രക്കാരെ ഭയചകിതരാക്കി. ബാലസോർ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ മനസ്സിലുള്ളതിനാൽ, യാത്രക്കാരിൽ പലരും തീ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ട്രെയിനിൽനിന്ന് പുറത്തു കടന്നു. ട്രെയിനിന് കുഴപ്പമില്ലെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് അവരിൽ മിക്കവരും തിരികെ ട്രെയിനിൽ കയറാൻ കൂട്ടാക്കിയത്.

English Summary: Panic After Fire On Express Train In Odisha, Problem Fixed In Under An Hour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com