ADVERTISEMENT

തിരുവനന്തപുരം∙ ടെൻഡർ വ്യവസ്ഥ ലംഘിച്ച് ചൈനീസ് കേബിൾ വാങ്ങി എന്ന ആരോപണം തെറ്റെന്ന് കെ ഫോൺ. ഒപിജിഡബ്ല്യു കേബിളിന്റെ ഒപ്റ്റിക്കൽ ഫൈബർ ഭാഗം മാത്രമാണ് ചൈനീസ് കമ്പനിയിൽ നിന്ന് വാങ്ങിയതെന്നാണ് കെ ഫോണിന്റെ ന്യായീകരണം. 6 മടങ്ങ് വില കൂട്ടിയാണ് കേബിൾ വാങ്ങിയതെന്ന കെഎസ്ഇബിയുടെ കത്തിലെ പരാമർശവും ശരിയല്ല. ടെക്നിക്കൽ കമ്മറ്റിയുടെ അംഗീകാരത്തോടെയാണ് കേബിൾ വാങ്ങിയതെന്നും കെ ഫോൺ പറയുന്നു.

അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിനിടയിലാണ് ഒപിജിഡബ്ല്യു കേബിൾ വാങ്ങിയതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ കത്തിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്. ടെൻഡർ വ്യവസ്ഥ ലംഘിച്ച് ചൈനീസ് കേബിൾ വാങ്ങി, ഗുണനിലവാരത്തിൽ സംശയമുണ്ട്, 6 മടങ്ങാണ് വില എന്നീ പ്രശ്നങ്ങളായിരുന്നു കെഎസ്ഇബി ഉന്നയിച്ചത്. ഒപിജിഡബ്ല്യു കേബിളിന്റെ 58% നിർമിച്ചിരിക്കുന്നത് ഇന്ത്യയിലാണ് എന്ന എൽഎസ് കേബിൾ കമ്പനിയുടെ വാദം ആവർത്തിക്കുകയാണ് കെ ഫോൺ. ഇത് സാക്ഷ്യപ്പെടുത്തി ചാറ്റേർഡ്‌ അക്കൗണ്ടന്റ് നൽകിയ സർട്ടിഫിക്കറ്റ് എൽഎസ് കേബിൾ സമർപ്പിച്ചിരുന്നു. 

അതിനാൽ ടെൻഡർ വ്യവസ്ഥ ലംഘിച്ചിട്ടില്ല. 6 മടങ്ങ് കൂടുതൽ വില നൽകിയാണ് ഒപിജിഡബ്ല്യു കേബിൾ വാങ്ങിയത് എന്നതും ശരിയല്ല. ഗ്രൗണ്ട് വയറിനെക്കാൾ 6 മടങ്ങ് വില കൂടുതൽ എന്നാണ് കെഎസ്ഇബി ചൂണ്ടിക്കാണിച്ചത്. ഇതു ശരിയാണ്. കാരണം 110കെവി ലൈനിൽ എർത്ത് വയറായി കെഎസ്ഇബി ഉപയോഗിക്കുന്നതിനെക്കാൾ പല മടങ്ങ് വിലഒപിജിഡബ്ല്യു കേബിളിനുണ്ട്. ഒപിജിഡബ്ല്യു കേബിൾ 79 കോടി രൂപ മുടക്കി വാങ്ങിയത് കെഎസ്ഇബി തന്നെയാണ്. 

കേന്ദ്ര സർക്കാരിന്റെ പിഎസ്ഡിഎഫ് ഫണ്ടിൽ നിന്നാണ് ഈ പണം കിട്ടിയത്. കേബിളിന്റെ ഗുണനിലവാരം വിദഗ്ധ സംഘം പരിശോധിക്കണമെന്ന കെഎസ്ഇബി നിർദേശം പാലിച്ചെന്നും കെ ഫോൺ എംഡി സന്തോഷ് ബാബു പറഞ്ഞു. രണ്ട് കേന്ദ്ര സർക്കാർ പ്രതിനിധികളും രണ്ട് കെഎസ്ഇബി പ്രതിനിധികളും അടങ്ങിയ ടെക്നിക്കൽ കമ്മറ്റി അംഗീകരിച്ച ശേഷമാണ് കേബിൾ വാങ്ങുന്നതിനുള്ള കരാർ നൽകിയത്. നവംബറിലാണ് കെഎസ്ഇബി ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് കത്തു നൽകിയത്. തൊട്ടടുത്ത മാസം ടെക്നിക്കൽ കമ്മറ്റി വിശദ പരിശോധനയ്ക്കു ശേഷം മറുപടി നൽകിയെന്നും കെ ഫോൺ എം.ഡി വിശദീകരിച്ചു. ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐടി സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും ഇന്നലെ വിശദീകരണവും നൽകി.

English Summary: KFON's reply on allegations that chinese cable is used in the project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com