ദേശീയ രാഷ്ട്രീയത്തെ വിദേശത്തേക്ക് വലിച്ചിഴച്ചത് താങ്കൾക്ക് മന്ത്രിപദവി നൽകിയ ആൾ: ജയശങ്കറിനോട് ജയ്‌റാം രമേശ്
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യുഎസിൽ നടത്തിയ പ്രസ്താവനയെ വിമർശിച്ച കേന്ദ്രമന്ത്രി എസ്. ജയശങ്കറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പാർട്ടി. ദേശീയരാഷ്ട്രീയത്തെ വിദേശത്തേക്ക് വലിച്ചിഴച്ചത് താങ്കൾക്ക് മന്ത്രിപദവി തന്നയാളാണെന്ന രൂക്ഷമായ പ്രസ്താവനയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് നടത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.
‘‘ദേശീയ രാഷ്ട്രീയം രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോയത് താങ്കൾക്ക് (എസ്. ജയശങ്കർ) മന്ത്രിപദവി നൽകിയ ആളാണ്. അതു നിങ്ങൾക്ക് അറിയാം. പക്ഷേ, അംഗീകരിക്കാനാകില്ല’’ – ജയറാം രമേശ് കുറിച്ചു.
അതേസമയം, ബിജെപി വിദേശകാര്യമന്ത്രിക്ക് ‘പഴയ സ്ക്രിപ്റ്റ്’ ആണ് നൽകിയതെന്നും പുതിയത് ആണ് അദ്ദേഹം വായിക്കേണ്ടതെന്നുമായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയുടെ പ്രതികരണം. ‘‘രാജ്യത്ത് അധികാരത്തിലിരുന്ന മുൻ സർക്കാരുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പരിഹസിക്കും. രാഹുൽ ഗാന്ധി പറഞ്ഞത് സത്യമായ കാര്യമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുനേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ട്’’ – സുർജേവാല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
∙ ‘ഇന്ത്യയെ വിമർശിക്കുന്നത് രാഹുലിന്റെ പതിവ്’
വിദേശത്ത് ഇന്ത്യയെ വിമർശിക്കുന്ന ‘പതിവ്’ രാഹുലിനുണ്ടെന്നും രാജ്യത്തിനു പുറത്തേക്ക് ദേശീയരാഷ്ട്രീയത്തെ കൊണ്ടുപോകുന്നത് രാജ്യതാൽപര്യത്തിന് ചേരുന്നതല്ലെന്നുമായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ വിമർശനം. വാർത്താസമ്മേളനത്തിലെ ചോദ്യത്തിനു മറുപടി പറയവെയാണ് ജയശങ്കറിന്റെ പ്രതികരണം. ‘‘ഇന്ത്യയിൽ എന്തു പറഞ്ഞാലും പ്രശ്നമില്ല, എന്നാൽ രാജ്യത്തിനു പുറത്തേക്ക് ആഭ്യന്തര പ്രശ്നങ്ങൾ വലിച്ചിഴയ്ക്കുന്നത് അനുചിതമാണ്’’ – ജയശങ്കർ പറഞ്ഞു.
English Summary: "Man Who Gave You Ministerial Berth...": Congress Hits Back At S Jaishankar