ADVERTISEMENT

തിരുവനന്തപുരം ∙ എസ്എഫ്ഐയെ തകർക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ നിരപരാധിയാണെന്ന് വിലയിരുത്തിയ സെക്രട്ടേറിയറ്റ്, മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയ്ക്കെതിരെയുള്ള ആരോപണം അതീവ ഗുരുതരമാണെന്ന അഭിപ്രായത്തിലെത്തി. നിയമം അതിന്റെ വഴിക്കു പോകട്ടെയെന്ന നിലപാടിലാണ് പാർട്ടി.

വിവാദമുണ്ടായപ്പോൾ ആർഷോ സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകിയിരുന്നു. എഴുതാത്ത പരീക്ഷ വിജയിച്ചതായി കാണിച്ചതിൽ തനിക്കു പങ്കില്ലെന്നും കരുതിക്കൂട്ടി ചിലർ നടത്തിയ തിരിമറിയാണെന്നുമാണ് ആർഷോയുടെ വിശദീകരണം. സംഭവത്തിലെ വസ്തുത പുറത്തുവരാൻ ആർഷോ ഡിജിപിക്കും പരാതി നൽകിയിരുന്നു. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ  മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിനും ആർഷോയ്ക്ക് മാർക്കോ ഗ്രേഡോ ഇല്ലായിരുന്നു.

എന്നാൽ, മാർക്ക് ലിസ്റ്റിൽ പാസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആര്‍ഷോയുടെ ഭാഗത്ത് തെറ്റില്ലെന്ന് കോളജ് അധികാരികളും വിശദീകരിച്ചിരുന്നു. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോ നിരപരാധിയാണെന്നും വിശദീകരണം തൃപ്തികരമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

കെ.വിദ്യയ്‍‌ക്കെതിരായ വ്യാജരേഖ ആരോപണം അതീവ ഗുരുതരമാണെന്നും, വിദ്യയ്ക്ക് ആരുടെയെങ്കിലും സഹായമുണ്ടോ എന്ന് അന്വേഷണത്തിൽ തെളിയട്ടെയെന്നും സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയായ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനി വിദ്യ ഗെസ്റ്റ് ലക്‌ച്ചർ നിയമനത്തിനായി വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് മഹാരാജാസ് കോളജിന്റെ പേരിൽ ഹാജരാക്കിയെന്നാണ് കേസ്.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാലടി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു വിദ്യ. പ്രചരിക്കുന്ന തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റ് തന്റെ കയ്യിൽ ഇല്ലെന്നും കോളജിലെ ഇന്റർവ്യൂവിൽ പങ്കെടുത്തിട്ടുണ്ടെന്നുമാണ് വിദ്യയുടെ വിശദീകരണം.

English Summary: Mark List controversy CPM state Secretariat response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com