ADVERTISEMENT

ന്യൂഡൽഹി∙ ചെങ്കോൽ വിഷയത്തിൽ ബിജെപിയുടെ ‘നുണ ഫാക്ടറി’ പൊളിഞ്ഞുവെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. ചെങ്കോൽ കൈമാറിയ തിരുവാവതുറൈ മഠത്തിലെ മേധാവിയായ സ്വാമി തന്നെ നുണ പൊളിച്ചടുക്കിയെന്നും ദ് ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിന്റെ വിവരം പങ്കുവച്ച് ജയ്റാം ട്വീറ്റ് ചെയ്തു.

ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റുവിനു ലഭിച്ച ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വലിയ പ്രാധാന്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ സ്ഥാപിച്ചിരുന്നു. ചെങ്കോൽ മ്യൂസിയത്തിൽ സൂക്ഷിച്ച് പ്രാധാന്യം കുറച്ചു കാണിച്ചതിനെതിരെ  ബിജെപി വിമർശിക്കുകയും ചെയ്തു.

മൗണ്ട്ബാറ്റൻ പ്രഭുവോ സി.രാജഗോപാലാചാരിയോ ചെങ്കോൽ നെഹ്റുവിനു കൈമാറുമ്പോൾ സമീപത്ത് ഇല്ലായിരുന്നുവെന്നാണ് അഭിമുഖത്തിൽ പറയുന്നത്. 1947 ഓഗസ്റ്റ് 14ന് രാത്രി 10നാണ് ചെങ്കോൽ നെഹ്റുവിനു സമ്മാനിച്ചത്. ബ്രിട്ടനിൽനിന്നുള്ള അധികാരക്കൈമാറ്റമാണ് ചെങ്കോൽ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മൗണ്ട്ബാറ്റനോ രാജഗോപാലാചാരിയോ നെഹ്റുവോ ആധികാരികമായി പറയുന്നതിന്റെ രേഖകൾ ഇല്ലെന്നു നേരത്തേതന്നെ ജയ്‌റാം രമേശ് വ്യക്തമാക്കിയിരുന്നു. എന്നാൽ ചെങ്കോലെന്നത് അധികാരക്കൈമാറ്റത്തിന്റെ ചിഹ്നമാണെന്നായിരുന്നു ബിജെപിയുടെ വാദം.

ജയ്‌റാം രമേശിന്റെ ട്വീറ്റ് ഇങ്ങനെ:

ബിജെപിയുടെ ‘നുണ ഫാക്ടറി’ പൊളിഞ്ഞു. ദ് ഹിന്ദു പത്രത്തിലൂടെ ആ നുണ പൊളിച്ചത് തിരുവാവതുറൈ അധീനത്തിന്റെ തലവനായ സ്വാമികൾ തന്നെയാണ്. 1947 ഓഗസ്റ്റ് 14ന് ചെങ്കോൽ നെഹ്റുവിന് സമ്മാനിച്ചിരുന്നുവെന്നത് ശരിയാണ്. എന്നാൽ മൗണ്ട്ബാറ്റനോ രാജാജിയോ പങ്കെടുത്തില്ല. ഇന്നത്തെ രാജാവിന്റെയും ചെണ്ടകൊട്ടുകാരുടെയും കൂടുതൽ നുണകൾക്കുമേൽ വസ്തുതകൾ ഇങ്ങനെ.

1. 1947 ഓഗസ്റ്റ് 29ലെ ദ് ഹിന്ദു പത്രത്തിന്റെ പത്താം പേജിൽ ഒരു പരസ്യം ഉൾപ്പെടുത്തിയിരുന്നു. 1947 ഓഗസ്റ്റ് 14ന് രാത്രി പത്തിന് നെഹ്റുവിന് സുവർണ ചെങ്കോൽ നൽകുന്നതിന്റെ പടമായിരുന്നു അത്. തിരുവാവതുറൈ അധീനം നൽകിയ പരസ്യമായിരുന്നുവെന്ന് വ്യക്തമാണ്.

2. (ട്വീറ്റിലെ) ചിത്രങ്ങൾക്ക് ഒടുവിൽ നാഗസ്വരം വിദ്വാൻ ടി.എൻ.രാജരത്നം പിള്ളയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വന്നത് ഇങ്ങനെ – ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ തിരുവാവതുറൈ മഠത്തിൽനിന്ന് രാജരത്നം പിള്ളയെയാണ് മഠത്തിനുവേണ്ടി ചെങ്കോൽ കൈമാറാൻ ഡൽഹിക്ക് അയച്ചത്.

ഡോ. പി. സുബ്ബരായൻ ആണ് ഇദ്ദേഹത്തെ നെഹ്റുവിനു പരിചയപ്പെടുത്തിക്കൊടുത്തത്. ചെങ്കോൽ കൈമാറുന്നതിനു മുൻപ് ഇദ്ദേഹം നെഹ്റുവിനായി നാഗസ്വരം വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഇതിൽ എവിടെയും മൗണ്ട്ബാറ്റനെക്കുറിച്ചോ രാജാജിയെക്കുറിച്ചോ പറയുന്നില്ല.

English Summary: BJP's "Fake Factory" Stands Exposed, Says Jairam Ramesh On Sengol Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT