തിരുവനന്തപുരം ∙ പൂവാർ പുത്തൻകട സ്വദേശി രാഖിമോളെ (30) കൊലപ്പെടുന്നതിനു മുൻപുതന്നെ കാമുകൻ അഖിലും മറ്റു പ്രതികളും മൃതദേഹം മറവു ചെയ്യാൻ കുഴി തയാറാക്കിയിരുന്നു. മൃതദേഹത്തിൽ വിതറാൻ 20 പാക്കറ്റ് ഉപ്പും ശേഖരിച്ചു. കൊലപ്പെടുത്തിശേഷം രാഖിയെ നഗ്നയാക്കി കുഴിയിലേക്ക് ഇട്ട് മണ്ണിട്ടുമൂടി. കുഴിയുടെ മുകളിൽ കമുകിൻ തൈ നട്ടു. കാറിൽവച്ച് കഴുത്ത് ഞെരിക്കുന്നതിനിടെ ‘എന്നെ കൊല്ലരുതേ ചേട്ടാ’ എന്ന് അപേക്ഷിച്ചെങ്കിലും പ്രതികൾ ദയ കാട്ടിയില്ല.
2019ൽ നടന്ന രാഖിമോൾ വധക്കേസിൽ വെള്ളിയാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. മൊബൈൽ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ആർമി ഉദ്യോഗസ്ഥൻ അഖിൽ ആർ.നായർ(24), അഖിലിന്റെ സഹോദരൻ രാഹുൽ ആർ.നായർ(27), ഇവരുടെ കൂട്ടുകാരന്‍ ആദർശ് നായർ (23) എന്നിവരെ കുടുക്കിയത്. മൂന്നു പ്രതികളെയും തിരുവനന്തപുരം ആറാം അഡി.സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു.
∙ പരിചയപ്പെട്ടത് മിസ്ഡ് കോളിലൂടെ
എറണാകുളത്തു സ്വകാര്യ കേബിൾ കമ്പനിയിൽ ജീവനക്കാരിയായിരുന്നു രാഖി. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും എറണാകുളത്തുള്ള ക്ഷേത്രത്തിൽ വച്ച് താലി കെട്ടി. മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെ പ്രായത്തിൽ മുതിർന്നതും സാമ്പത്തികശേഷിയില്ലാത്തതുമായ രാഖിയെ ഒഴിവാക്കാൻ തീരുമാനിച്ചു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ അഖിൽ സമൂഹമാധ്യമത്തിൽ ഇട്ടതോടെ വിവാഹം മുടക്കുമെന്ന് രാഖി ഭീഷണിപ്പെടുത്തി. ഇതോടെ, രാഖിയെ ഇല്ലാതാക്കാൻ പ്രതികൾ തീരുമാനിച്ചു.
അനുനയത്തിൽ രാഖിയെ നെയ്യാറ്റിൻകരയിലേക്ക് വിളിച്ചുവരുത്തി. അഖിലിന് കഴിക്കാനുള്ള പലഹാരങ്ങളുമായാണ് രാഖി വന്നത്. നിർമാണം നടക്കുന്ന പുതിയ വീടു കാണിക്കാനെന്ന പേരിൽ തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനത്തിൽ കയറ്റി നെയ്യാറ്റിൻകര ധനുവച്ചപുരം റോഡ് വഴി അമ്പൂരിയിൽ എത്തിച്ചു. അവിടെ കാത്തുനിന്ന രണ്ടാം പ്രതിയായ സഹോദരൻ രാഹുലും മൂന്നാം പ്രതിയായ സുഹൃത്ത് ആദർശും വാഹനത്തിൽ കയറി. രാഹുൽ വാഹനമോടിച്ചു. ആദർശും അഖിലും പിൻ സീറ്റിലും രാഖി മുൻസീറ്റിലും ഇരുന്നു.
ബന്ധത്തിൽനിന്ന് പിൻമാറാൻ പറഞ്ഞെങ്കിലും രാഖി വഴങ്ങിയില്ല. അഖിൽ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയപ്പോൾ രാഹുൽ സഹായിച്ചു. പിന്നീട് പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി. രാഖിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ കാറിന്റെ ആക്സിലേറ്റർ അമർത്തി ശബ്ദമുണ്ടാക്കി. മൂവരും ചേർന്നു മൃതദേഹം കാറിൽനിന്നു പുറത്തെടുത്തു പുതിയ വീടിന്റെ പറമ്പിൽ നേരത്തേ തയാറാക്കിയ കുഴിക്കു സമീപത്തെത്തിച്ച് വസ്ത്രങ്ങൾ മാറ്റിയശേഷം ഉള്ളിലിട്ട് ഉപ്പും വിതറി മണ്ണിട്ട് മൂടി. രാഖി ധരിച്ചിരുന്ന വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ചു.
ഫോണിൽ കിട്ടാതായപ്പോൾ രാഖിയെ കാണാനില്ലെന്നു പിതാവ് പൂവാർ പൊലീസിനു പരാതി നൽകി. വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഖിലിന്റെയും രാഖിയുടെയും ഫോൺ നമ്പരുകൾ പരിശോധിച്ചു. 2019 ജൂൺ 21നു വൈകിട്ട് ഏഴിനു രാഖിയുടെ ഫോൺ ഓഫായി. എന്നാൽ, രാഖിയുടെ സിംകാർഡ് ഉപയോഗിച്ച് 24നു വിളികളും മെസേജുകളും പോയിട്ടുള്ളതായി കണ്ടെത്തി. അഖിലുമായി പിരിയുകയാണെന്നും താൻ മറ്റൊരു സുഹൃത്തുമായി ചെന്നൈയ്ക്ക് പോകുന്നുവെന്നുമായിരുന്നു രാഖിയുടെ സന്ദേശം.
അഖിലിന്റെ ഫോണിലേക്കാണ് സന്ദേശം വന്നത്. അന്വേഷണ ഭാഗമായി നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു കാട്ടി അഖിലിന്റെ ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിക്കൊപ്പം ഈ സന്ദേശത്തിന്റെ പ്രിന്റൗട്ട് ആണു നൽകിയത്. സന്ദേശം ഫോർവേഡു ചെയ്തു തരാൻ പൊലീസ് ആവശ്യപ്പെട്ടു. അപ്പോഴാണ് സിം കാർഡ് യുവതിയുടേതാണെങ്കിലും സന്ദേശം അയച്ച ഫോൺ മറ്റൊന്നാണെന്നു തിരിച്ചറിഞ്ഞത്.
കാട്ടാക്കടയിലെ കടയിൽനിന്നും വാങ്ങിയ പഴയ ഫോണിൽ രാഖിയുടെ സിംകാർഡ് മാറ്റിയിട്ടായിരുന്നു പ്രതികള്‍ അഖിലിന്റെ മൊബൈലിലേക്ക് സന്ദേശം അയച്ചത്. വിലരടയാളം ഉപയോഗിച്ചു ഓണാക്കുന്നതായിരുന്നു യുവതിയുടെ ഫോൺ. ശരീരം മറവു ചെയ്തതോടെ ഈ ഫോൺ ഉപയോഗിക്കാൻ കഴിയാതായതോടെയാണ് തെളിവുനശിപ്പിക്കാൻ മറ്റൊരു ഫോൺ വാങ്ങേണ്ടി വന്നത്. അഖിലിനു രാഖി സന്ദേശം അയച്ചശേഷം നാടുവിട്ടു എന്നു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
സന്ദേശങ്ങൾ അഖിലിന്റെ ഫോണിലേക്ക് അയച്ചശേഷം രാഖിയുടെ സിമ്മും വാങ്ങിയ പഴയ ഫോണും നശിപ്പിച്ചു. രാഖി ഉപയോഗിച്ചിരുന്ന ഫോൺ പലഭാഗങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു. സന്ദേശം അയയ്ക്കാൻ ഉപയോഗിച്ച ഫോണിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ച് കാട്ടാക്കടയിലെ ഒരു കടയിൽനിന്ന് രാഹുലും ആദർശും ചേർന്നു വാങ്ങിയതാണെന്നു പൊലീസ് കണ്ടെത്തി. അന്വേഷണം നടക്കുമ്പോൾ അഖിൽ ലഡാക്കിലെ ജോലി സ്ഥലത്തേക്കും രാഹുൽ ഒളിവിലും പോയി.
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആദർശിനെ പിടികൂടി പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നെയ്യാറ്റിൻകര ഡിവൈഎസ്പി: അനിൽകുമാറിന്റെ നേതൃത്വത്തിൽ പൂവാർ സിഐ ബി.രാജീവ്, എസ്ഐ ആർ.സജീവ്, ഗ്രേഡ് എസ്ഐ പീയൂഷ്, എഎസ്ഐമാരായ സൈലസ്, സാബു, എസ്‌സിപിഒമാരായ ബൈജു, പ്രേംകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷിച്ചത്.
English Summary: Thiruvananthapuram Rakhimol murder case report