ADVERTISEMENT

പാലക്കാട് ∙ അറബിക്കടലിന്റെ മധ്യകിഴക്കൻ ഭാഗത്തെ 31 ഡിഗ്രി ചൂടിൽനിന്ന് മണിക്കൂറുകൾകെ‍ാണ്ട് രൂപംമാറി, അതിതീവ്രമായി മാറിയ ബിപോർജേ‍ായ് ചുഴലിക്കാറ്റ് എങ്ങേ‍ാട്ട് നീങ്ങും? എവിടെ കരതെ‍ാടാനാണ് സാധ്യത? ചുഴലിയുടെ ദിശയെക്കുറിച്ച് എത്തുംപിടിയും കിട്ടാത്ത സ്ഥിതിയാണിപ്പേ‍ാൾ. സാധാരണ ഇങ്ങനെ സംഭവിക്കാറില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

ഏറെക്കുറെ കൃത്യമായ സഞ്ചാരപാത പ്രവചിക്കാൻ സാധിക്കാറുണ്ട്. എന്നാൽ, ഇത്തവണ വ്യക്തതയുണ്ടായില്ല. ചുഴലിയുടെ സഞ്ചാരപാത വെല്ലുവിളിയായി. വടക്ക് –കിഴക്കൻ ദിശയിൽ മുംബൈ–ഗുജറാത്ത് തീരങ്ങളിലേക്കാണ് സഞ്ചാരമെന്നായിരുന്നു ആദ്യ സൂചന. ചില ഏജൻസികളുടെ പ്രവചന മാതൃകകൾ, ചുഴലി വടക്കോട്ടു പേ‍ായി പിന്നീട് കിഴക്കേ‍ാട്ട് വരുമെന്നും പറഞ്ഞു. എന്നാൽ, മൂന്നുദിവസമായിട്ടും ദിശ എങ്ങേ‍ാട്ടെന്നതിന്റെ കാര്യമായ സൂചനകളെ‍ാന്നുമില്ല. 

കാലാവസ്ഥാ ശാസ്ത്രജ്ഞർക്കിടയിലും ബിപോർജേ‍ായ് കൂടുതൽ കൗതുകവും ആകാംക്ഷയും ഉയർത്തിയിട്ടുണ്ട്. നിലവിൽ ഗേ‍ാവയ്ക്ക് 746 കിലേ‍ാമീറ്റർ പടിഞ്ഞാറുളള ചുഴലി വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) നിഗമനം. അതിതീവ്ര ചുഴലിയായതിനാൽ  കരതെ‍ാടുന്ന മേഖലയിൽ കാര്യമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

നിലവിലെ സ്ഥിതിയിൽ കാലവർഷക്കാറ്റിനെ അതു വല്ലാതെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. മഴക്കാലം ജൂൺ ഒന്നിനും പിന്നീട് നാലിനും എത്തുമെന്ന ഐഎംഡി പ്രവചനത്തിൽ മാറ്റമുണ്ടാകാൻ പ്രധാനകാരണം അറബിക്കടലിൽ ന്യൂനമർദ രൂപത്തിലായിരുന്ന ഈ ചുഴലിയും കൂടിയാണ്. കാലവർഷക്കാറ്റ് ന്യൂനമർദച്ചുഴലിയിൽ കുടുങ്ങിയെങ്കിലും അത് ചുഴലിയായി തുടങ്ങിയതേ‍ാടെ, മഴക്കാലം കേരളത്തിന്റെ കരയ്ക്കണഞ്ഞു. ബംഗാൾ കടലിലെ ചക്രവാതം അതിന് കാര്യമായി തുണച്ചു. 

ചുഴലിയുടെ ദിശ സംബന്ധിച്ച് ഇത്രയും ആശയക്കുഴപ്പം അടുത്തെ‍ാന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. ‌കാലവർഷത്തിനേ‍ാട് അടുപ്പിച്ചു വന്നതുക‍ൊണ്ടാണ് ഈ സാഹചര്യമെന്ന നിഗമനവും ചില ശാസ്ത്രജ്ഞർക്കുണ്ട്. രണ്ടു പതിറ്റാണ്ടായി കാര്യമായ പിഴവില്ലാത്ത പ്രവചനങ്ങളാണ് വിഷയത്തിലുണ്ടായിട്ടുള്ളത്. കാലവർഷവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങൾ അതിവേഗം രൂപംകെ‍ാള്ളുന്നതായും നിരീക്ഷിക്കപ്പെടുന്നു. ഒരുദിവസം കെ‍ാണ്ടാണ് അറബിക്കടലിലെ ന്യൂനമർദം ചുഴലിയായി മാറിയത്. കടലിലെ ചൂടാണ് ഇതിനുകാരണമെന്നാണ് നിഗമനം.

സാധാരണ ന്യൂനമർദം ചുഴലിയാകാൻ മൂന്നു ദിവസമെടുക്കാറുണ്ട്. ‌തുടർച്ചയായ കാലവർഷം കിട്ടിത്തുടങ്ങാൻ നാലഞ്ചുദിവസംകൂടി എടുക്കുമെന്നാണ് കരുതുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകെ‍ാണ്ട ന്യൂനമർദം ശക്തമായാൽ അത് കാലവർഷക്കാറ്റിനെ കൂടുതൽ ശക്തിപ്പെടുത്തും. ചൈനാക്കടലിൽ രൂപംകെ‍ാണ്ട  ചക്രവാതങ്ങളും കാലവർഷത്തിന് ഗുണമാണെന്ന് കെ‍ാച്ചി സർവകലാശാല റഡാർ റിസർച്ച് സെന്ററിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു. തീരപ്രദേശത്ത് മേ‍ാശമല്ലാത്ത മഴ ലഭിക്കുന്നതായാണ് റിപ്പേ‍ാർട്ട്.

English Summary: Uncertainty on path of Biparjoy cyclone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com