ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ്ഭുഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തലുമായി രാജ്യാന്തര റഫറി ജഗ്ബീർ സിങ്. വനിതാ ഗുസ്തി താരത്തിനെതിരെ ലൈംഗിക അതിക്രമം നടത്തുന്നതിന് ഏതാനും അടി അകലെ താൻ നിൽപ്പുണ്ടായിരുന്നുവെന്നും താരം അസ്വസ്ഥയായിരുന്നുവെന്നുമാണ് ജഗ്ബീർ സിങ് വെളിപ്പെടുത്തിയത്. പൊലീസ് ചോദിച്ചപ്പോൾ ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ് ദേശീയമാധ്യമമായ ഇന്ത്യൻ എക്സ്പ്രസിനോടു പ്രതികരിച്ചു.

മുതിർന്ന ആറു വനിതാ താരങ്ങളാണ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ പരാതി നൽകിയിരിക്കുന്നതെന്ന് പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. ഇതിൽ ഒരാളുടെ പരാതിയെക്കുറിച്ച് എഫ്ഐആറിൽ പറയുന്നത് ഇങ്ങനെ: ‘‘കഴിഞ്ഞ വർഷം മാർച്ചിൽ ഏഷ്യൻ ചാംപ്യൻഷിപ്പിനുവേണ്ടിയുള്ള ട്രയൽസ് അവസാനിക്കുന്ന ദിവസം ലക്നൗവിലെ ക്യാംപിൽവച്ച് ടീം അംഗങ്ങൾ ഫോട്ടോയ്ക്കായി പോസ് ചെയ്തു. അപ്പോൾ ബ്രിജ്ഭൂഷൺ താരത്തിന്റെ പിൻവശത്ത് കൈ വച്ചു. പിന്നാലെ അവിടെനിന്നു മാറാനാണ് താരം ശ്രമിച്ചത്.’’

ഈ സംഭവം നേരിട്ടു കണ്ടുവെന്നാണ് 2007 മുതൽ രാജ്യാന്തര റഫറിയായി സേവനം ചെയ്യുന്ന ജഗ്ബിർ സിങ് സ്ഥിരീകരിച്ചത്. ഈ ഫോട്ടോ കാണിച്ചാണ് ഡൽഹി പൊലീസ് വിവരങ്ങൾ തേടിയതെന്നും അതിനു മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുൾപ്പെടെ മൂന്നു വനിതാ താരങ്ങളുടെ പരാതി ജഗ്ബിർ സ്ഥിരീകരിക്കുന്നു. ‘‘ബ്രിജ്ഭൂഷൺ അവരുടെ അടുത്തു നിൽക്കുന്നതുകണ്ടു. പെട്ടെന്ന് അവർ അയാളെ തള്ളിമാറ്റി മാറിനിന്നു. ബ്രിജ്ഭൂഷണിന്റെ തൊട്ടടുത്തായിരുന്നു അവർ ആദ്യം നിന്നത്. പിന്നീട് മുന്നോട്ടു കയറി നിന്നു. വനിതാ താരത്തിന്റെ ശരീരഭാഷയിൽനിന്നുതന്നെ അവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് നടന്നുവെന്നു വ്യക്തമായിരുന്നു. ബ്രിജ്‌ഭുഷൺ എന്താണ് ചെയ്തതെന്നു കണ്ടില്ല. എന്നാൽ താരങ്ങളോട് ഇവിടെ വാ, ഇവിടെ നിൽക്ക് എന്നൊക്കെ ശരീരത്തിൽ സ്പർശിച്ച് വിളിക്കുന്നത് കാണാറുണ്ട്. താരത്തിന്റെ പരാതിയിൽ പറയുന്നതു വച്ചുനോക്കുമ്പോൾ ഫോട്ടോ എടുക്കുന്ന സമയം അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്’’ – ജഗ്ബിർ പറഞ്ഞു.

ജഗ്ബിർ ഉൾപ്പെടെ 125 പേരെയാണ് ഡൽഹി പൊലീസ് സാക്ഷികളാക്കിയിരിക്കുന്നത്. 15നുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ബുധനാഴ്ച അറിയിച്ചത്.

English Summary: International referee speaks: ‘I saw Brij Bhushan standing next to her, she freed herself… something wrong happened to her’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com