കെ.വിദ്യ എംഫിലിലും തട്ടിപ്പ് നടത്തി; ആരോപണവുമായി കെഎസ്‌യു
Mail This Article
കൊച്ചി∙ വ്യാജരേഖാക്കേസ് പ്രതി കെ.വിദ്യ എംഫിലിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ്‌യു ആരോപണം. ഒരിടത്തു വിദ്യാർഥിയായും മറ്റൊരിടത്ത് അധ്യാപികയായി നിന്നുമാണ് വിദ്യ എംഫിൽ നേടിയത്. ഇത് ചട്ടലംഘനമാണെന്ന് കെഎസ്‌യു ആരോപിച്ചു. എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയതെന്നും എസ്എഫ്ഐയ്ക്ക് കൈ കഴുകാനാവില്ലെന്നും കെഎസ്‌യു പറഞ്ഞു.
അതേസമയം, വ്യാജ അധ്യാപക പരിശീലന സർട്ടിഫിക്കറ്റ് നിർമിച്ചെന്ന കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയുടെ കാസർകോട് തൃക്കരിപ്പൂരിലെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. കേസന്വേഷിക്കുന്ന അഗളി പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട്ടേയ്ക്ക് തിരിച്ചു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടുത്ത ദിവസം മഹാരാജാസ് കോളജിലും അന്വേഷണം നടത്തും. അട്ടപ്പാടി കോളജിലെ പ്രിൻസിപ്പൽ ചുമതലയുള്ള ഡോ. ലാലിമോൾ വർഗീസിന്റെ വിശദമായ മൊഴി മറ്റന്നാൾ രേഖപ്പെടുത്തും. ഇതിനു ശേഷമാകും നേരിട്ട് ഹാജരാകാൻ വിദ്യക്കു രേഖാമൂലം നോട്ടിസ് നൽകുക.
മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസിൽ പ്രാഥമികാന്വേഷണം നടത്തിയത്. ഈ മാസം രണ്ടിന് അട്ടപ്പാടി കോളജിൽ നടന്ന ഗസ്റ്റ് ലക്ചറർമാരുടെ മുഖാമുഖത്തിൽ പങ്കെടുത്ത വിദ്യ മഹാരാജാസ് കോളജിൽ രണ്ടുവർഷം പഠിപ്പിച്ചതിന്റെ വ്യാജരേഖയാണ് സമർപ്പിച്ചത്. മഹാരാജാസിലെ മുൻ അധ്യാപികയായ ലാലിമോൾക്ക് തോന്നിയ സംശയത്തിൽ മഹാരാജാസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് രേഖ വ്യാജമാണെന്ന് വ്യക്തമായത്.
English Summary: Complaint Against Vidya In Mphil