സംഘർഷം രൂക്ഷം: ബിരേൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി ഹിമന്ത ബിശ്വ ശർമ
Mail This Article
ഇംഫാൽ∙ വീണ്ടും സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍, മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നാണ് റിപ്പോർട്ട്. ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ ഉൾപ്പെടെയുള്ള നാല് ജില്ലകളിൽ ഇന്നു സൈന്യം നടത്തിയ പരിശോധനയിൽ ബോംബുകളും തോക്കുകളുമുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 72 മണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം ഏറെക്കുറെ ശാന്തമായിരുന്നു മണിപ്പുർ. അതിനിടെയാണ് വീണ്ടും സംഘർഷം രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റിലെ കോകൻ ഗ്രാമത്തിൽ പട്ടാള വേഷത്തിലെത്തിയ മെയ്തെയ് ആയുധധാരികൾ 3 കുക്കി ഗ്രാമീണരെ വെടിവച്ചുകൊന്നു. ഞായറാഴ്ച എട്ടുവയസ്സുള്ള കുട്ടിയെയും അമ്മയെയും ബന്ധുവിനെയും ആൾകൂട്ടം ആംബുലൻസിലിട്ടു ചുട്ടുകൊന്നു. ചൊവ്വാഴ്ചയുണ്ടായ വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. രണ്ട് അസം റൈഫിൾസ് സേനാംഗങ്ങൾക്കു പരുക്കേറ്റു.
English Summary: Manipur Violence, Assam CM Himanta Biswa Sarma meets Manipur CM N Biren Singh