ലക്നൗ∙ ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ബിജെപി പ്രാദേശിക നേതാവും ഭാരതീയ ജനത യുവജനമോർച്ചയുടെ പ്രാദേശിക സമൂഹമാധ്യമ നിയന്ത്രണ ചുമതലയുമുണ്ടായിരുന്ന നിശാന്ത് ഗാർഗ് (35) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണു ഭാര്യ സോണിയയുടെ മൊഴിയെന്നു മുതിർന്ന പൊലീസ് സൂപ്രണ്ട് രോഹിത് സിങ്ങ് പറഞ്ഞു.
‘‘കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയെ മർദ്ദിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ മാതാപിതാക്കളുടെ വീട്ടിലേക്കു പോയി. അടുത്ത ദിവസം രാവിലെ വീട്ടിലെത്തുമ്പോൾ നെഞ്ചത്തു വെടിയേറ്റു മരിച്ചു കിടക്കുന്നതാണു കാണുന്നത്. എന്നാൽ സ്ഥലത്തുനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതല്ലാതെ, തോക്ക് കണ്ടെത്താനായില്ല. ഇതേതുടർന്ന് ചോദ്യം ചെയ്യലിനിടെ അലമാരയിൽനിന്ന് നാടൻതോക്കും മൊബൈൽ ഫോണും ഇവർ ഹാജരാക്കി’’ – പൊലീസ് പറഞ്ഞു.
ഭർത്താവിന്റെ മൃതദേഹം കണ്ട് തോക്ക് ഒളിപ്പിച്ചതാണന്നാണ് ഇവരുടെ മൊഴിയെന്ന് പൊലീസ് വ്യക്തമാക്കി. ദുരൂഹമരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി നിശാന്ത് ഗാർഗ് ബിജെപിയുടെ സജീവപ്രവർത്തകനായിരുവെന്ന് ബിജെപി മഹാനഗർ പ്രസിഡന്റ് മുകേഷ് സിംഗൽ പ്രതികരിച്ചു.
English Summary: Uttarpradesh BJP leader found dead inside home