ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യ പരിശോധനയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ യുപി സ്കൂൾ അധ്യാപകൻ ജി.സന്ദീപിനു മാനസിക ആരോഗ്യപ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മറ്റുള്ളവരെ ഉപദ്രവിക്കാനും താൽപര്യമുള്ള പ്രകൃതക്കാരനാണു പ്രതി. ലഹരി ഉപയോഗം പ്രതിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയിരിക്കാമെന്നും മെഡിക്കൽ ബോർഡ് ജില്ലാ ക്രൈംബ്രാഞ്ചിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

സംഭവം നടക്കുമ്പോൾ സന്ദീപ് മദ്യപിച്ചിരുന്നതിനു തെളിവ് ലഭിച്ചിട്ടില്ല. രാസലഹരികൾ ഉപയോഗിച്ചതിനും തെളിവില്ല. രക്ത സാംപിൾ രാസപരിശോധനയ്ക്ക് അയച്ചെങ്കിലും ലഹരി ഉപയോഗിച്ചതിനു തെളിവ് ലഭിച്ചില്ല. അക്രമാസക്തനായതിനാൽ വൈകിയാണ് സന്ദീപിന്റെ രക്ത സാംപിൾ എടുക്കാൻ കഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. റിമാൻഡ് ചെയ്തതിനുശേഷം കോടതി നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് സന്ദീപിന്റെ പരിശോധന നടത്തിയത്. 

മുൻപ് മദ്യപിച്ചിരുന്നതായും പിന്നീട് മദ്യപാനം നിർത്തി ചികില്‍സ തേടിയതായും സന്ദീപ് ഡോക്ടർമാരോട് പറഞ്ഞു. മദ്യപാനം നിർത്തിയപ്പോഴുള്ള മാനസിക പ്രശ്നങ്ങളോ, മദ്യപാനം നിർത്താൻ ചികിൽസ തേടിയശേഷം വീണ്ടും ലഹരി ഉപയോഗിച്ചതോ ആകാം സന്ദീപിനെ അക്രമാസക്തനാക്കിയതെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. ആളുകളെ ഉപദ്രവിക്കുന്ന പ്രകൃതമാണ് സന്ദീപിന്റെതെന്നും ഡോക്ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചു. കൊലപാതകത്തിലേക്കു നയിച്ച പ്രശ്നങ്ങൾ മെഡിക്കൽ റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും സാഹചര്യങ്ങൾ പഠിച്ചശേഷമുള്ള നിഗമനങ്ങളാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സന്ദീപിന്റെ ജീവിത സാഹചര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കും. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സന്ദീപ് മദ്യത്തിന് അടിമയായിരുന്നെന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മദ്യപാനം അതിരുവിട്ടതോടെ ഭാര്യയും മക്കളും മാറി താമസിച്ചു. അമ്മയോടൊപ്പമായിരുന്നു താമസം. വിലങ്ങറ യുപി സ്കൂളിലെ അധ്യാപകനായിരുന്നു. സംഭവം നടന്ന ദിവസം ഉച്ച മുതൽ വീടിനു സമീപത്തെ റോഡിൽ സന്ദീപ് ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ആരോ കൊല്ലാൻ വരുന്നു എന്നു സന്ദീപ് വിളിച്ചു പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കാൽ മുറിഞ്ഞ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചശേഷം സന്ദീപ് ഡോക്ടറെ കുത്തുകയായിരുന്നു.

English Summary: Dr.Vandana Das Muder: Medical board report on Sandeep's mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com