പുതുപ്പള്ളി∙ കടലില്ലാത്ത കോട്ടയത്തെ മനുഷ്യമഹാസമുദ്രമാക്കിയ ജനകീയ മാന്ത്രികൻ പുതുപ്പള്ളിയുടെ പ്രിയ മണ്ണിലേക്ക് മടങ്ങി. മഴയും വെയിലും കൂസാതെ, രാവും പകലും നോക്കാതെ, വഴിയോരങ്ങളിലും വീട്ടുമുറ്റത്തും പള്ളിമുറ്റത്തും കാത്തുനിന്ന മനുഷ്യർ കണ്ണീരുകൊണ്ട് ഹൃദയാഞ്ജലി നേർന്നു. ആൾക്കൂട്ടത്തെ ആകർഷിക്കുകയും

പുതുപ്പള്ളി∙ കടലില്ലാത്ത കോട്ടയത്തെ മനുഷ്യമഹാസമുദ്രമാക്കിയ ജനകീയ മാന്ത്രികൻ പുതുപ്പള്ളിയുടെ പ്രിയ മണ്ണിലേക്ക് മടങ്ങി. മഴയും വെയിലും കൂസാതെ, രാവും പകലും നോക്കാതെ, വഴിയോരങ്ങളിലും വീട്ടുമുറ്റത്തും പള്ളിമുറ്റത്തും കാത്തുനിന്ന മനുഷ്യർ കണ്ണീരുകൊണ്ട് ഹൃദയാഞ്ജലി നേർന്നു. ആൾക്കൂട്ടത്തെ ആകർഷിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുപ്പള്ളി∙ കടലില്ലാത്ത കോട്ടയത്തെ മനുഷ്യമഹാസമുദ്രമാക്കിയ ജനകീയ മാന്ത്രികൻ പുതുപ്പള്ളിയുടെ പ്രിയ മണ്ണിലേക്ക് മടങ്ങി. മഴയും വെയിലും കൂസാതെ, രാവും പകലും നോക്കാതെ, വഴിയോരങ്ങളിലും വീട്ടുമുറ്റത്തും പള്ളിമുറ്റത്തും കാത്തുനിന്ന മനുഷ്യർ കണ്ണീരുകൊണ്ട് ഹൃദയാഞ്ജലി നേർന്നു. ആൾക്കൂട്ടത്തെ ആകർഷിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുപ്പള്ളി ∙ കടലില്ലാത്ത കോട്ടയത്തെ മനുഷ്യമഹാസമുദ്രമാക്കിയ ജനകീയ മാന്ത്രികൻ പുതുപ്പള്ളിയുടെ പ്രിയ മണ്ണിലേക്ക് മടങ്ങി. മഴയും വെയിലും കൂസാതെ, രാവും പകലും നോക്കാതെ, വഴിയോരങ്ങളിലും വീട്ടുമുറ്റത്തും പള്ളിമുറ്റത്തും കാത്തുനിന്ന മനുഷ്യർ കണ്ണീരുകൊണ്ട് ഹൃദയാഞ്ജലി നേർന്നു. ആൾക്കൂട്ടത്തെ ആകർഷിക്കുകയും ശ്വസിക്കുകയും ചെയ്ത, ഏതു കൂരിരുട്ടിലും അവരുടെ ആശ്രയകേന്ദ്രമായ നേതാവ് ആദ്യമായി ഒറ്റയ്ക്കൊരു യാത്ര പോയി. ‘ഇല്ല, ഇല്ല മരിക്കുന്നില്ല, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല.. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...’ എന്നാർ‌ത്തിരമ്പിയ ജനസഹസ്രങ്ങളെ തനിച്ചാക്കിയ നാടിന്റെ നാഥനു പ്രിയരുടെ യാത്രാമൊഴി. ഉമ്മൻ ചാണ്ടി, അങ്ങയുടെ വേർപാടിൽ ഞങ്ങൾ അനാഥരായല്ലോ എന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ആൾക്കടൽ കുഞ്ഞൂഞ്ഞിനോടു പരിഭവപ്പെട്ടു. പുതുപ്പള്ളിയുടെ മുകളിൽ സങ്കടക്കാർമേഘങ്ങൾ മൂടിനിന്നു. അത്ര പെട്ടെന്നൊന്നും ഞങ്ങളെ വിട്ടുപോകാനാകില്ലെന്ന് ജനം ചങ്കുപൊട്ടി കരഞ്ഞു. 

സങ്കടത്തിരയിൽ: ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ പുതുപ്പള്ളി കവലയിൽ കാത്തുനിൽക്കുന്നവർ.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് സാക്ഷാൽ പുതുപ്പള്ളിയിലേക്ക് അതിവേഗമില്ലാതെയായിരുന്നു ബഹുദൂരം ഉമ്മൻ ചാണ്ടിയുടെ വരവ്. നിശ്ചയിച്ചതിനേക്കാളും മണിക്കൂറുകൾ വൈകി, കണക്കില്ലാത്തത്ര മനുഷ്യരോടു യാത്ര ചോദിച്ച്, അവസാനത്തെ ജനസമ്പർക്കവും പൂർത്തിയാക്കിയാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ കരോട്ടു വള്ളക്കാലിൽ വീട്ടിലെത്തിയത്. ബുധൻ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുള്ള ഇറക്കം. അപ്പോൾ വീട്ടിലുയർന്ന കൂട്ടക്കരച്ചിൽ തിരുവനന്തപുരവും കടന്ന് കേരളമാകെ അലയടിച്ചു. പുതുപ്പള്ളി ഹൗസിൽനിന്ന് ‘ഉമ്മൻ ചാണ്ടി’ ഇറങ്ങുമ്പോൾ പൊട്ടിക്കരഞ്ഞ ഭാര്യ മറിയാമ്മയ്ക്കും മക്കൾ മറിയത്തിനും അച്ചുവിനും ചാണ്ടിക്കുമൊപ്പം വീടു നിറഞ്ഞുനിന്നവരും വിതുമ്പി. കരച്ചിലിനെക്കാൾ ഉച്ചത്തിൽ അണികൾ മുദ്രാവാക്യങ്ങൾ മുഴക്കി.  എംഎൽഎയായും മന്ത്രിയായും മുഖ്യമന്ത്രിയായും പ്രസംഗിച്ചു തകർത്ത നിയമസഭയ്ക്കു മുന്നിലൂടെ നിശ്ശബ്ദനായി ഉമ്മൻ ചാണ്ടിയുടെ മടക്കം.

ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളി പള്ളിയിലേക്ക് നീങ്ങുന്നു. ചിത്രം:പി.സനിൽകുമാർ ∙മനോരമ
ADVERTISEMENT

അതിവേഗം ബഹുദൂരം സഞ്ചരിച്ചിരുന്ന കുഞ്ഞൂഞ്ഞ് ഇക്കുറി തിരുവനന്തപുരത്തുനിന്നു കോട്ടയത്തെത്താൻ പതിവിലേറെ സമയമെടുത്ത് മൃദുവേഗത്തിലായിരുന്നു യാത്ര. പ്രത്യേകം അലങ്കരിച്ച കെഎസ്ആർടിസി ബസിൽ തിരക്കുകളൊന്നുമില്ലാതെ ഉമ്മൻ ചാണ്ടി ശാന്തമായി കണ്ണടച്ചു കിടന്നു. വിലാപയാത്ര നിർത്തുന്ന ഓരോ കേന്ദ്രത്തിലും ആളുകൾ ബസിലേക്കു കയറാൻ ശ്രമിച്ചു. എല്ലാവർക്കും ഉമ്മൻ ചാണ്ടിയെ അടുത്തു കാണണം, തൊടണം. ചിലർ കരഞ്ഞു, ചിലർ ദേഷ്യപ്പെട്ടു. ജനക്കൂട്ടത്തെ കണ്ട് അമ്പരന്നും അവരെ നിയന്ത്രിക്കാൻ പാടുപെട്ടും നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ കൂടെ നിന്നു. ജീവിതകാലം മുഴുവൻ ചുറ്റുമുണ്ടായിരുന്ന ആൾക്കൂട്ടം അടരുവാൻ വയ്യെന്ന് തേങ്ങി അദ്ദേഹത്തെ അനുഗമിച്ചു. വിശ്രമിച്ചാൽ ക്ഷീണിക്കുമെന്ന് വിശ്വസിച്ച്, ആറു പതിറ്റാണ്ടോളം അഹോരാത്രം നാടിനും നാട്ടുകാർക്കുമായി ജീവിച്ച നേതാവിന് അനുനിമിഷം ലഭിച്ചത് അതിവൈകാരിക യാത്രയയപ്പ്.

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിക്ക് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ്. ചിത്രം: പി.സനിൽകുമാർ∙മനോരമ

29 മണിക്കൂറോളം സമയമെടുത്താണു തിരുനക്കര മൈതാനിയിലേക്ക് ഉമ്മൻ ചാണ്ടി നിശ്ശബ്ദമായി കടന്നുവന്നത്. പശ്ചാത്തലത്തിൽ പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ മുഴങ്ങി. രാഷ്ട്രീയ ആചാര്യന്മാരായിരുന്ന പി.ടി.ചാക്കോയ്ക്കും കെ.എം.മാണിക്കും നൽകിയതുപോലെ സ്നേഹവായ്പായിരുന്നു കുഞ്ഞൂഞ്ഞിനും തിരുനക്കര നൽകിയത്. നേതാക്കളും അണികളും പ്രമുഖ വ്യക്തികളും ഒസിയെ കാണാനൊഴുകിയെത്തി. കൈക്കുഞ്ഞുങ്ങളും വയോധികരും പ്രിയ കുഞ്ഞൂഞ്ഞിനെ കണ്ട് യാത്ര ചൊല്ലി. വിലാപയാത്ര തുടങ്ങി 35 മണിക്കൂറിനുശേഷം, വൈകിട്ട് ആറേകാലോടെ ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി. രാപകലില്ലാതെ കാത്തുകാത്തുനിന്ന പ്രിയപ്പെട്ടവർ അണപൊട്ടിയപോലെ കണ്ണീരൊഴുക്കി, ഉമ്മൻ ചാണ്ടി മരിക്കുന്നില്ലെന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. യാത്രയയപ്പിന്റെ ഭാഗമായി, 'വത്സലരേ... ദൂരത്തെന്തിനു നിൽക്കുന്നെൻ അരികിൽ വരിൻ, സ്ലോമോ തരുവിൻ, പ്രാർഥിച്ചിടുവിൻ' എന്ന പ്രാർഥനാഗീതം ഉയർന്നപ്പോൾ കണ്ടുനിന്നവരുടെ ഹൃദയം വിങ്ങി.

ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അന്തിമോപചാരമർപ്പിക്കുന്നു (ചിത്രം: പിആർഡി)
ADVERTISEMENT

"സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവിന്റെ കഥ അവസാനിക്കുന്നില്ല,  അദ്ദേഹത്തിന്റെ ഓർമകളും പ്രവൃത്തിയും നമുക്ക് വഴികാട്ടിയാവട്ടെ..."- ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിലെ മതിലിൽ സ്ഥാപിച്ച ആദരാഞ്ജലി ബോർഡ് ജനാവലിയുടെ മനസ്സിന്റെ കണ്ണാടിയായി. ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം, പുതുപ്പള്ളി കവലയ്ക്കു സമീപം നിർമിക്കുന്ന പുതിയ വീട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തി. പണിപൂർത്തിയാകാത്ത ആ വീടിനു മുന്നിലെ പ്രത്യേക പന്തലിൽ ഉമ്മൻ ചാണ്ടി അനക്കമറ്റ് കിടന്നു. തൂണുകൾ മാത്രമുയർന്ന ആ വീട് ഗൃഹനാഥനോട് എന്തായിരിക്കും സ്വകാര്യം പറഞ്ഞിട്ടുണ്ടാവുക?

ഒരു നോക്കു കൂടി...: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിക്കുന്ന വാഹനത്തിന്റെ ചില്ലുജാലകത്തിലൂടെ അന്ത്യോപചാരമർപ്പിക്കുന്ന മുതിർന്ന സ്ത്രീയും മറ്റുള്ളവരും. കോട്ടയത്തുനിന്നുള്ള കാഴ്ച. ചിത്രം: മനോരമ

എല്ലാ വഴികളും എല്ലാ ആളുകളും ഉമ്മൻ ചാണ്ടിയിലേക്ക് ഒഴുകി. സംസ്കാര ശുശ്രൂഷ വിലാപയാത്രയായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക്. പള്ളിമുറ്റത്തെ പന്തലിൽ പൊതുദർശനത്തിനു ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ. രാത്രി 12 മണിയോടെ ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ പ്രത്യേക കല്ലറയിൽ കബറടക്കം. ജാതിമതഭേദമന്യെ തന്നെ യാത്രയാക്കാനെത്തിയ മനുഷ്യക്കടലിന്റെ സ്നേഹാഭിവാദ്യത്തേക്കാൾ എന്തു വലിയ ബഹുമതിയാണ് ഉമ്മൻ ചാണ്ടിക്കു യോജിക്കുക?

ഉമ്മൻ ചാണ്ടിയുടെ സംസ്കാരശുശ്രൂഷകൾക്കിടെ കണ്ണീരോടെ മകൻ ചാണ്ടി ഉമ്മൻ.
ADVERTISEMENT

വിവാഹമുറപ്പിച്ച ശേഷം ഒരിക്കൽ മറിയാമ്മയെന്ന ബാവയെ തേടി പ്രതിശ്രുതവരന്റെ കത്തു വന്നു. 'തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, പ്രാര്‍ഥിക്കുമല്ലോ' എന്ന ഒറ്റവരിയായിരുന്നു ആ പ്രേമലേഖനത്തിൽ ഉണ്ടായിരുന്നത്. അന്ന് ഉമ്മൻ ചാണ്ടിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് ആയിരുന്നു. ജനം കുഞ്ഞൂഞ്ഞിന്റെ കരം കവർന്നപ്പോൾ തുടർച്ചയായി 12 തവണ പുതുപ്പള്ളിയുടെ അമരക്കാരനായി. ഇപ്പോൾ മറിയാമ്മ മാത്രമല്ല, മലയാളക്കരയാകെ സങ്കടപ്രാർഥനയിലാണ്: ഇനിയെന്നു കാണും ഇതുപോലൊരു കുഞ്ഞൂഞ്ഞ് വിസ്മയം..?

ഉമ്മൻചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് കൊണ്ട് പോകുന്നു. ചിത്രം : അഭിജിത്ത് രവി ∙ മനോരമ

English Summary: Oommen Chandy's Funeral