ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിൽ, പാർലമെന്റില്‍ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി തീരുമാനിച്ചു. മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്നും വൈഎസ്ആർ കോൺഗ്രസ് തീരുമാനിച്ചിരുന്നു.

രണ്ടു വിഷയങ്ങളിലും തങ്ങൾ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാവ് വി.വിജയസായി റെഡ്ഡി പറഞ്ഞു. രാജ്യസഭയിൽ ഒൻപത് അംഗങ്ങളും ലോക്‌സഭയിൽ 22 അംഗങ്ങളുമുള്ള വൈഎസ്ആർ കോൺഗ്രസ് നിർണായക ബില്ലുകളിൽ സർക്കാരിനെ പലപ്പോഴും പിന്തുണച്ചിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ, സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ വിവാദമായ ഡൽഹി ബില്‍ പാസാക്കാം.

ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനുപകരമാണു ബിൽ. ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു കേന്ദ്രം മേയ് 19നു പ്രത്യേക ഓർഡിനൻസ് (ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്മെന്റ്) ഓർഡിനൻസ് 2023) കൊണ്ടുവന്നത്. 

പുതുതായി രൂപീകരിച്ച നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഓർഡിനൻസ് കൊണ്ടുവന്നത്.

English Summary: Delhi Services Bill: YSR Congress decides to support BJP-led Government in Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com